ദേശീയ കൈത്തറി ദിനത്തിൽ  മുഖ്യമന്ത്രിക്ക്  'കൈത്തറിക്ക് ഒരു കൈത്താങ്ങ്' പദ്ധതി വിശദീകരിച്ച്  WMC  ഗ്ലോബൽ ചെയർമാൻ  ജോണി കുരുവിള  

 ദേശീയ കൈത്തറി ദിനത്തിൽ  മുഖ്യമന്ത്രിക്ക്  'കൈത്തറിക്ക് ഒരു കൈത്താങ്ങ്' പദ്ധതി വിശദീകരിച്ച്  WMC  ഗ്ലോബൽ ചെയർമാൻ  ജോണി കുരുവിള  

 


തിരുവനന്തപുരം ; ദേശീയ കൈത്തറി ദിനമായ (ഓഗസ്റ്റ് 7) ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയനെ  നേരിൽ കണ്ട് ആശംസകൾ അർപ്പിച്ച വേൾഡ് മലയാളി കൗൺസിൽ  ഗ്ലോബൽ ചെയർമാൻ  ജോണി കുരുവിള WMC യുടെ 'കൈത്തറിക്ക് ഒരു കൈത്താങ്ങ് ' പദ്ധതിയെ കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചു. ബാലരാമപുരത്തെ കുഴിതറിയിൽ നെയ്തെടുത്ത കൈത്തറി മുണ്ട് വേൾഡ് മലയാളി കൗൺസിലിന്റെ ഉപഹാരമായി മുഖ്യമന്ത്രിക്ക്  സമ്മാനിക്കുകയും ചെയ്തു . 

കൈത്തറി മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കി അതിനൊരു ആശ്വാസമാകാൻ WMC  ആരംഭിച്ച  പദ്ധതിയെ കുറിച്ച്   വ്യവസായ വകുപ്പ് മന്ത്രി  പി.രാജീവ്  മുഖ്യമന്ത്രിയോട്  വിശദീകരിച്ചിരുന്നു.

 'കൈത്തറിക്ക് ഒരു കൈത്താങ്ങ്' പദ്ധതി നല്ല  തുടക്കമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി  വേൾഡ് മലയാളി കൗൺസിൽ പോലുള്ള പ്രവാസി സംഘടനകൾ നാടിന്റെ നന്മക്കും നാടിന്റെ തനതായ ഉത്പന്നങ്ങളെ ലോകമെങ്ങും  വിപണനം ചെയ്യുന്നതിനും കാണിക്കുന്ന താല്പര്യത്തെ അഭിനന്ദിക്കുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു . 'കൈത്തറിക്ക് ഒരു കൈത്താങ്ങ്' പദ്ധതിയുടെ ചെയർമാൻ  തുളസീധരൻ നായർ സന്നിഹിതനായിരുന്നു. 

വേൾഡ് മലയാളി കൗൺസിൽ ആരംഭിച്ച 'കൈത്തറിക്ക് ഒരു കൈത്താങ്ങ്'  പദ്ധതി വിജയിപ്പിക്കേണ്ടത് നാം ഒരോരുത്തരുടെയും ഉത്തരവാദിത്വമായതിനാൽ  ഗ്ലോബൽ, റീജിയണൽ, പ്രോവിൻസ് നേതാക്കൾ എല്ലാവരും കുറഞ്ഞത് ഒരു കോംബോ ഗിഫ്റ്റ് ബോക്സ് എങ്കിലും ബുക്ക് ചെയ്ത് ഈ സംരംഭത്തിൽ പങ്കാളികളാകണമെന്ന്   ഗ്ലോബൽ ചെയർമാൻ  ജോണി കുരുവിള അഭ്യർത്ഥിച്ചു . 

 WMC യുടെ എല്ലാ പ്രോവിൻസിന്റെയും നേതൃത്വത്തിൽ എല്ലാ അംഗങ്ങളെയും   പദ്ധതിയുടെ ഭാഗമാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു .  സ്വന്തം സ്ഥാപനങ്ങളിലെയും  ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെയും  സഹപ്രവർത്തകരെയും ഉൾപ്പെടുത്തി ഈ പദ്ധതി വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോർപ്പറേറ്റ് സ്ഥാപനങ്ങൾ  നിശ്ചിത ഓർഡർ തരുന്ന മുറക്ക് അവരുടെ സ്ഥാപനത്തിന്റെ ലോഗോയും പേരും വച്ച് ബ്രാൻഡ് ചെയ്തു സമ്മാനങ്ങൾ അവരുടെ നിരക്കിന് അനുസൃതമായി ചെയ്തു കൊടുക്കാൻ നടപടികൾ സ്വീകരിക്കുന്നതാണെന്നും  അദ്ദേഹം പറഞ്ഞു . 

 www.madebymalayalee.com വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ കൈത്തറി വസ്ത്രങ്ങൾ എത്രയും വേഗം  ഓർഡർ ചെയ്ത്  പദ്ധതിയുടെ വിജയത്തിനായി എല്ലാ വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങളും കൈത്താങ്ങാകണമെന്ന് അഭ്യർത്ഥിച്ച  ഗ്ലോബൽ ചെയർമാൻ,  മുൻകൂർ ഓണാശംസകളും അറിയിച്ചു .