കലാ ഗോപകുമാർ- കവിതയുടെ ഓട്ടുവിളക്ക്: സപ്ന അനു ബി ജോർജ്

കലാ ഗോപകുമാർ- കവിതയുടെ ഓട്ടുവിളക്ക്:  സപ്ന അനു ബി ജോർജ്

 

 

മിഴികളാൽ നീ മൊഴിഞ്ഞു സൌഹൃദം, ഹൃദയത്തിലെത്തി നിൻ മിഴികൾ തൻ സ്നേഹം……   കൂട്ടുകാർക്ക്  മറക്കാനാവാത്ത സ്നേഹിത, സ്വന്തം കുട്ടികൾക്ക്  ഒരമ്മയും ,സ്നേഹിതയും, ഭർത്താവിന്റെ കൂടെ അടുത്ത ഏഴു ജന്മങ്ങൾക്കായി കാത്തിരിക്കുന്ന ഭാര്യ, ഇതെല്ലാം  കലാ ഗോപകുമാറിനെക്കുറിച്ച്  പറയാവുന്ന  വിവരണങ്ങളിൽ ചിലതു മാത്രമാണ്.

കോട്ടയം പള്ളത്ത് ഭാസ്‌ക്കരൻ നായരുടേയും മാനസിയുടേയും മകളായി 1968ൽ ജനിച്ചു. പള്ളം യു പി സ്‌കൂളിൽ നിന്നും സ്കൂൾ പഠനം, കോട്ടയം സി എം എസ് കോളേജിൽ തുടർന്നുള്ള പഠനം . 1988 ഗോപകുമാറുമായി വിവാഹത്തോടെ വീട്ടമ്മയായി , ആദ്യം സൌദിയിൽ ,96 മുതൽ ദോഹയിൽ. വർഷങ്ങൾക്കു ശേഷവും , പല രാജ്യത്തെ ജീവിതത്തിനു ശേഷവും , സൌഹൃദങ്ങൾക്ക് വളരെയേറെ വിലകൽപ്പിക്കുന്ന, ഒരോ കൂട്ടുകെട്ടിലിലും  സ്നേഹത്തിന്റെ അംശങ്ങൾക്ക് കവിതാ ശകലങ്ങളിലൂടെ പുതുജീവൻ നൽകുന്ന കലയെ  സ്നേഹിക്കാതിരിക്കാൻ ഒരു സുഹൃത്തുക്കൾക്കും സാധിച്ചില്ല.  

സി എം എസ് കോളേജിലെ കലാലയ ജീവിതത്തെ ആസ്പദമാക്കി കല പറഞ്ഞൊരു കഥ , ഒരു സുഹൃത്ത് “മുല്ലപ്പൂക്കളുടെ പ്രണയനിശ്വാസം” എന്നൊരു ചെറുകഥയാക്കിരുന്നു.

കഥയിലെ പ്രസക്തഭാഗങ്ങളിലേക്ക്  കണ്ണോടിച്ചാൽ അവിടെ കവിതകളുടെ അംശം നിറഞ്ഞൊഴുകുന്നതു കാണാം...... "ഞാൻ ആദ്യമായി സാരി ഉടുത്ത ദിവസം! മുല്ലപ്പൂ ചൂടാൻ മറന്ന എനിക്ക് ,ചെറുപുഞ്ചിരിയോടെ  വെച്ചു നീട്ടിയ മുല്ലപ്പൂവിന്റെ പൊതിയുമായി എത്തിയ കൂട്ടുകാരൻ'. എവിടെ ആ വെള്ളപ്പൂക്കൾ കണ്ടാലും, അതിന്റെ മണവും നിറവും എന്നും മനസ്സിന്റെ കോണിൽ നേരിയ വേദന ഉണര്‍ത്തിയിരുന്നു. ഒരിക്കലും  മായാതെ കിടന്നു ആ ചെറുപുഞ്ചിരിയും, കൂടെ മുല്ലപ്പൂക്കൾ എനിക്കു നേരെ നീട്ടുന്ന ആ മുഖവും, അന്നും ഇന്നും. "ഗീതയുടെ മനസ്സ് ഒന്നു വിതുമ്പിയോ , അതോ എന്റെ തോന്നലോ.?

ഒരു നിമിഷത്തെ  നിശബ്ദതയ്ക്കു ശേഷം ചാറ്റ് വിന്‍ഡോ വീണ്ടും കണ്ചിമ്മി.

"കുറ്റബോധമാണോ, അതോ നഷ്ടപ്പെടലിന്റെ വേദനയാണോ എന്നും അറിയില്ല! മനസ്സിന്റെ ചിന്തകൾ  അവൾ അയവിറക്കുകയായിരുന്നു പിന്നീടങ്ങോട്ട്! പക്ഷെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു നിശബ്ദപ്രണയം എന്നും ഞങ്ങൾക്കിടയിൽ നിറഞ്ഞുനിന്നിരുന്നു. ഒരിക്കലും നടക്കില്ല എന്നറിയാവുന്ന, എന്നാൽ നഷ്ടപ്പെടാൻ മനസ്സനുവദിക്കാത്തെ സ്നേഹത്തിന്റെ, മുല്ലപ്പൂവിന്റെ നറുമണം. ആ സ്നേഹത്തിന്റെ ഇരംബലുകൾ, സൌഹൃദം, കോളേജ് കഴിയും വരെയും ഉണ്ടായിരുന്നു. പിന്നീട്, അന്നത്തെ കാലം അല്ലെ, മൊബൈലില്ല, ഇന്റെർനെറ്റില്ല, പിന്നീടങ്ങോട്ട് ഒരു വിധത്തിലും, യാതൊരു വിവരങ്ങളും കൈമാറിയിട്ടില്ല." അവൾ പറഞ്ഞൂ നിർത്തുംബോൾ, ഞാൻ കാണാത്ത ഗീതയുടെ കണ്ണുകളിലെ ഈറൻ ഈ ചാറ്റ് വിൻഡോയിലെ നനവായി, മനസ്സിൽനിന്നും ആ  സ്നേഹം പുഴയായി, കടലായി എന്റെ ചാറ്റ് വിന്‍ഡോയിലേക്ക്   ഒഴുകിയെത്തി !.

അങ്ങനെ  2014  കലയുടെ “ ഓട്ട് വിളക്ക് “ എന്ന കവിതാസമാ‍ഹാരം പരിധി പ്രസാധകർ , പ്രസിദ്ധീകരിച്ചു. അപൂര്‍വ്വമായി മാത്രം വീണുകിട്ടുന്ന ഏകാന്ത നിമിഷങ്ങളുടെ ചിറകടികളിൽ നിന്നും ഉണർന്ന ധന്യത! തികച്ചും ലളിതമായ ഭാഷാ സംവേദനക്ഷമമായ ശൈലി, പാരമ്പര്യത്തിൽ ഉറച്ച് നില്‍ക്കുമ്പോഴും പുതിയ ഭാവുകത്വത്തിലേക്കുയരുന്ന ബിംബ കല്‍പ്പന, കവിതകൾ രചിക്കപ്പെട്ടിട്ടുള്ളത് മുക്തഛന്ദസ്സിലാണ്. എങ്കിലും വാക്കുകളിൽ തുളുമ്പുന്ന സംഗീതത്തിന്റെ പരാഗങ്ങൾ അവയെ ആകര്‍ഷകങ്ങളാക്കുന്നു.''കലാ ഗോപകുമാറിന്റെ കവിതാ സമാഹാരമായ 'ഓട്ടുവിളക്കിന്റെ' അവതാരികയില്‍ മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും സിനിമാ സംവിധായകനുമായ ശ്രീകുമാരൻ തമ്പി എഴുതിയ വാക്കുകളാണ് മുകളിൽ രേഖപ്പെടുത്തിയത്.

പ്രസ്തുത കൃതിയുടെ പ്രകാശനച്ചടങ്ങ് ആലപ്പുഴയിൽ സ്‌കൂളിൽ വെച്ച് നടന്നപ്പോള്‍ തന്റെ മകളെക്കാളും ഒരു വയസ്സ് മാത്രം കൂടുതലുള്ള കലാ ഗോപകുമാറിനെ കുറിച്ച് തമ്പി സാർ പിന്നേയും പറഞ്ഞു. ''തനിക്ക് നേരത്തെ പരിചയമുള്ളതാണ് കലാ ഗോപകുമാറിന്റെ കുടുംബം. ഒരിക്കൽ കണ്ടസമയത്ത് കല, ചില പേപ്പറുകള്‍ തന്നിട്ടു പറഞ്ഞു- സാറിത് വായിച്ചു നോക്കണം, എന്നിട്ട് കീറിക്കളയണം. ഞാന്‍ പിന്നീടെപ്പോഴോ വായിക്കുകയും അതിലെ അഹല്യ എന്ന കവിത കണ്ട് അത്ഭുതപ്പെടുകയും ചെതിരുന്നു.

 എന്നാൽ അദ്ദേഹം  വീണ്ടും പറഞ്ഞു നിർത്തിയത്  നമ്മുടെ ഇന്നത്തെ  നഷ്ടത്തെക്കുറിച്ചായിരുന്നു.“ ഈ കുട്ടിയിലെ പ്രതിഭയെ 16- ആം വയസ്സിലോ മറ്റോ കണ്ടെത്തിയിരുന്നെങ്കിൽ മലയാളത്തിന് ഒരു സുഗതകുമാരിയെ കൂടി ലഭിക്കുമായിരുന്നു.''


ഫെമിനിസത്തിൽ നിന്നു മാത്രമേ സ്ത്രീപക്ഷ കവിതകൾ ഉണ്ടാകൂ എന്ന് കല  പൂർണ്ണമായി വിശ്വസിക്കുന്നു എന്ന്  കവിതകളീൽ നീന്ന്  വളരെ വ്യക്തമാണ്.

പ്രത്യേകം എടുത്തു പറയേണ്ടത് കവിതകളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം ആണ്, “ പ്രണയം കണക്കു പറഞ്ഞു പിടിച്ചു വാങ്ങേണ്ടതല്ലെന്നും സഹനവും ത്യാഗവും ആണെന്നും , പലവുരു കലയുടെ കവിതക്ലീൽ വ്യക്തമായി പ്രതിഭലിക്കുന്നുണ്ട്.

സ്‌കൂൾ പഠന കാലത്ത് കവിതാ പാരായണം, ഉപന്യാസം, ലളിതഗാന മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്ത തന്റെ ബാല്യകാല ഓര്‍മകളും , ഈ മണലാരണ്യത്തിലെ  കാഴ്ചകളും, ഗള്‍ഫിലെ ഫ്ലാറ്റ് ജീവിത സമയത്താണ് ''ഞാന്‍ എന്ന അവൾ, മഴ'' എന്നീ കവിതകൾ മനസ്സിൽ  ആലോചിച്ചു തുടങ്ങിയത് എന്ന് കല പറഞ്ഞു. ആശയ ഗാംഭീര്യത്തോടൊപ്പം വരികളിലെ പ്രാസവും കലയുടെ കവിതകളെ വേറിട്ട അനുഭവമാകുന്നു. അതുകൊണ്ടുതന്നെയാണ് കവി പ്രഫ. അമ്പലപ്പുഴ ഗോപകുമാർ, കേന്ദ്രമന്ത്രി കെ സി വേണുഗോപാൽ, ഐ പി എസ് ഉദ്യോഗസ്ഥൻ ശശികുമാർ എന്നിവരൊക്കെ കവിതയുടെ പ്രകാശനച്ചടങ്ങിനെത്തിയതും നല്ല വാക്കുകൾ പറഞ്ഞതും.

ഭര്‍ത്താവിന്റെ ജന്മദിനത്തിൽ രുചികരമായ പായസം തന്റെ കൈകൊണ്ട് വെച്ചുവിളമ്പിക്കൊടുത്ത്, ബാല്‍ക്കണിയിൽ അമ്മയുടെ വരവും കാത്ത് കിടക്കുന്ന രണ്ടു കിളിക്കുഞ്ഞുങ്ങളുടെ നെറുകയിൽ കൈവെച്ച് ആശ്വസിപ്പിച്ച്, വരണ്ട ഭൂമിയിൽ പിരിച്ച് നടപ്പെട്ട മരങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള കലയുടെ  വരികൾ വായിക്കുംബോൾ, നമ്മുടെ മനസ്സിന്, ജീവൻ നിലനിർത്താൻ വെംബുന്ന മരത്തെ ജീവിനോടെ മുന്നിൽ കാണാൻ സാധിക്കുന്നതുപോലെ!.

സ്ത്രീ

ഭൂമിയുണ്ടായ കാലം മുതൽ 
പുരുഷനെ പാപം ചെയ്യാൻ 
പ്രേരിപ്പിച്ചവൾ എന്ന
ദുഷ് കീർത്തിയുടെ 
ഭാണ്‍ഡവും ചുമന്നു നടക്കുന്നവൾ !
ഭൂമിയിൽ
പുണ്യം ജനിക്കും മുമ്പേ 
പെണ്ണിലൂടെ പാപം ജനിച്ചു എന്ന്
പ്രചരിപ്പിച്ചു പുരുഷൻ.....!

കലയുടെ കവിതയിലെ വരികളിലെ ഈ വരികൾ, അവർ സ്ത്രീയെ എത്രമാത്രം  ഉന്നതയായി കാണുന്നു എന്നതിനുദാഹരണം ആണ്.  ,

 സപ്ന അനു ബി ജോർജ്