കലഹാരി മരുഭൂമിയിലേക്ക് ഒരു യാത്ര : ലീലാമ്മ തോമസ് ബോട്സ്വാന

കലഹാരി മരുഭൂമിയിലേക്ക് ഒരു യാത്ര : ലീലാമ്മ തോമസ് ബോട്സ്വാന


 
ങ്ങൾ താമസിക്കുന്ന  മൗണിൽ നിന്നും 599 കിലോമീറ്റർദൂരം ഉണ്ട് കലഹാരിമരുഭൂമിയിലേക്ക് .
 ഞങ്ങൾ അതിരാവിലെ യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തി .
 ആവശ്യത്തിന്  വെള്ളവും ഭക്ഷണവും കരുതി, കാരണം കടുത്ത  ചൂടുമായി നിൽക്കുന്ന കലഹാരിയിൽ പോകുമ്പോൾ അല്പം കരുതൽ നല്ലതാണ്.

 വഴിയരികിൽ കഴുതകൾ മേഞ്ഞു നടക്കുന്നു, ഒരു കഴുത ഞങ്ങളുടെ വണ്ടിയുടെ മുന്നിലേക്കു ചാടി. പെട്ടന്നു ബ്രേക്ക്‌ പിടിച്ചതുകൊണ്ട് അപകടം ഉണ്ടായില്ല .ബ്രേക്  ഫാസ്റ്റ്    വണ്ടിയിൽ ഇരുന്നുകഴിച്ചു, മറുള ജ്യൂസ്‌കുടിച്ചു. പോകുന്ന വഴികളിലെ  കാഴ്ചകളിൽ  രാജ്യത്തിന്റെ സ്വഭാവും സംസ്കാരവും കാണാം.
4000 വർഷങ്ങൾക്കു മുൻപ് സാൻവേട്ടക്കാർ കലഹാരി മരുഭൂമിയിൽ അലഞ്ഞു തിരിഞ്ഞിരുന്നു .
ഞങ്ങൾ വഴിയിൽ വണ്ടി നിർത്തി കാഴ്ചകൾ കണ്ടും പോലീസ് ചെക്കിങ് കഴിഞ്ഞും ആസ്വദിച്ചു നടന്നതിനാൽ  രാത്രിയായി അങ്ങു ചെന്നെത്താൻ.
മുഷാറാലോഡ്ജിൽ നേരത്തേ മുറികൾ ബുക്ക്‌ ചെയ്തതിനാൽ പേടിക്കണ്ട ആവശ്യമില്ല.
 വണ്ടി ലോഡ്ജിന്റെ ഗാരേജിൽ പാർക്ക്‌ ചെയ്തിട്ടു വരുമ്പോൾ വെള്ളക്കാർ ബിയർ കൈയിൽ പിടിച്ചു ഡാൻസ് ചെയ്യുന്നു. മറുവശത്തായി സിംമ്പാവാൻസ് കൂട്ടിയിട്ട തീയുടെ ചുറ്റും  അഗ്നി ഡാൻസ്ചെയുന്നു .

ഞങ്ങൾ കുറച്ചു സമയം അവരുടെ അടുത്തിരുന്നു ആസ്വദിച്ചു, മാഗി മദാമ്മ റെഡ്  വൈൻ വീണ്ടും വീണ്ടും കുടിക്കുന്നു

ഞങ്ങൾക്ക് വിശപ്പില്ലായിരുന്നു, നല്ല ക്ഷീണം ഉണ്ടായിരുന്നു, ചോളം കുറുക്കിയത്  (പാലീച്) കഴിച്ചു. ഉറങ്ങാൻ വേണ്ടി റൂമിലേക്കു പോയി.  അവിടെ ചെന്നപ്പോൾ ബോട്സ്വാന സുന്ദരികൾ""ഡുമേള "(സ്വാഗതം) പറഞ്ഞ്  കുടിക്കാൻ വെള്ളവുമായി സ്വീകരിക്കാൻ നിൽക്കുന്നു.

വന്യമൃഗങ്ങളുടെ പടം കൊണ്ടലങ്കരിച്ച മുറികൾ. കാട്  യാത്ര സ്വപ്നം കണ്ടു വന്യതയിൽ കിടന്നുറങ്ങുന്ന സുഖം കൊണ്ടുമയങ്ങാൻ കിടന്നപ്പോൾ  ലോഡ്ജിന്റെ വെളിയിൽ ആനകൾ മരം ഒടിച്ചിടുന്ന ശബ്ദം കേൾക്കാം. എനിക്കു വല്ലാത്ത ഭയം തോന്നി.
സാൻവർഗ്ഗക്കാരുടെ പാട്ടുമേളം പുറത്തു തകർക്കുന്നതു കേട്ടപ്പോൾ ഞങ്ങൾ ജനലിൽ കൂടി നോക്കി ".
"Pakshe la rona "എന്നുള്ള സ്വാസ്വാന പാട്ടുപാടി നൃത്തം ചെയ്യുന്നു. അതു കേട്ടുരസിച്ചു ഞങ്ങൾ ഉറങ്ങിപ്പോയി. വെളുപ്പിനെ റിസപ്‌ഷനിസ്റ്റ് കോഫിയുമായി  വന്നപ്പോൾ ഞങ്ങൾ ഉണർന്നു. വേഗം റെഡിയായി  ഞങ്ങൾ മരുഭൂമിയിലേക്ക് പോകാനിറങ്ങി .

 വൈൽഡ് ലൈഫിന്റെ സഫാരിവണ്ടിയിൽ മരുഭൂമി കാണാൻ യാത്രയായി .ഞങ്ങൾ മാത്രം മലയാളികൾ, രണ്ടു വെള്ളക്കാരികൾ, ബാക്കി നൈജീരിയക്കാർ.

ചുവന്നമണ്ണുള്ള മരുഭൂമിയെന്നു കേൾക്കുമ്പോൾ സഹാറ മരുഭൂമിപോലെയല്ല തെക്കേ ആഫ്രിക്കയിലെ ഒരു വലിയ അർദ്ധ വരണ്ട മണൽ സവന്നയാണ് കലഹാരി മരുഭൂമി.
നേരത്തേ വെള്ളമുള്ള കലഹാരി മരുഭൂമിയെ കുറിച്ച  ഏറ്റവും രസകരമായ വസ്തുതകളിലൊന്ന്, കലഹാരി   ഒരു മരുഭൂമിയല്ല, കാരണം ഇവിടെ വളരെയധികം മഴ ലഭിക്കുന്നു - പ്രതിവർഷം 5 മുതൽ 10 ഇഞ്ച് വരെ വെള്ളം കിട്ടും. വെള്ളം ഭൂമിയിൽ തങ്ങി നിൽക്കുന്നില്ലന്ന് മാത്രം , അതാണ് കലഹാരിയെ "ദാഹഭൂമി" എന്നു പറയുന്നത് "കലഹാരി" എന്ന പേര് സ്വാന പദമായ Kgala എന്നതിൽ നിന്നാണ് ഉണ്ടായതു , "വലിയ ദാഹം" അല്ലെങ്കിൽ ക്ഗലഗഡി, "വെള്ളമില്ലാത്ത സ്ഥലം" എന്നാണ് അർത്ഥമാക്കുന്നത്.

30 മിനിറ്റ് യാത്ര ചെയ്തു കഴിഞ്ഞപ്പോൾ വണ്ടിവേഗത്തിൽ പൊടി പറപ്പിച്ചു മുന്നോട്ടു പോയി.

വഴിയിൽ വൈൽഡ് ബീസ്റ്റുകൾ കൂട്ടം കൂടി നിൽക്കുന്നു. അവിടെ വണ്ടി നിർത്തി. ഫോട്ടോസ് എടുക്കുന്ന ത്രില്ലിൽ ഓരോരുത്തർ കൂട്ടംതെറ്റി കാഴ്ചകൾ കാണാൻ തുടങ്ങി .ഞങ്ങൾ ഇമ്പാലകളുടെ ഫോട്ടോയെടുക്കാൻ തിരിഞ്ഞപ്പോൾ, ചുവന്ന മണ്ണിനടിയിൽ നിന്നും (ശൂശൂ )യെന്നുശബ്ദം പുറപ്പെടുവിച്ചു കൊണ്ടു ഒരു ചുവന്ന പാമ്പു ചീറ്റിപ്പറക്കുന്നു. ഏതായാലും ഞങ്ങളെയൊന്നും ചെയ്തില്ല.

 കണ്ണിൽ കൊത്തുന്ന പാമ്പുകൾ ഉണ്ട് ഇവിടെ . ആഫ്രിക്കയിലെ മിക്ക പാമ്പുകടി മരണങ്ങൾക്കും കാരണമായ പഫ്ആഡർ പോലുള്ള വിഷപ്പാമ്പുകളുടെ പലയിനങ്ങളും കലഹാരി മരുഭൂമിയിൽ കാണുന്നു, നിരവധി ഇരപിടിയൻ പക്ഷികൾ,അരയന്നങ്ങൾ , നെയ്ത്ത്കാർ ഇനങ്ങളിലെ പക്ഷിയും ഉണ്ട്.

ഡേവിഡ് ലിവിങ്സ്റ്റൺ

ആരും അറിയപ്പെടാത്ത ഈ മരുഭൂമിയിൽ ഡേവിഡ് ലിവിങ്സ്റ്റൺന്റെ സംഭാവന മറക്കാൻ പറ്റില്ല.
 ഇവിടെ സ്കോട്ടിഷ് മിഷനറിമാർ വന്ന്  ബോട്സ്വാനയിലെ ആദ്യത്തെ സ്കൂളും ക്ലിനിക്കും പള്ളിയും നിർമ്മിച്ചു. എന്നാൽ  ഈ നാട്ടിൽ വെളിച്ചം വിതറാൻ വന്ന യൂറോപ്യന്മാരെ ഇവിടുത്തുകാർ തെറ്റിദ്ധരിച്ചു . ചിലർ കരുതി യൂറോപ്യന്മാർ  വന്നതു കൊണ്ടു വരൾച്ച കൂടിയെന്ന്. അത്തരം  അന്ധവിശ്വാസം കാരണം ഇന്നാട്ടുകാർക്ക്, വന്നവരോട്   വൈരാഗ്യമായി. വളരെ ശാന്തമായിരുന്ന സ്ഥലം പെട്ടന്നു സംഘർഷഭരിതമായി . പ്രാദേശിക ബക്‌വേനയും (ബോട്സ്വാന ) യൂറോപ്യൻ കുടിയേറ്റക്കാരും ബോയേഴ്സും (ഗോത്രം )തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.

 ലിവിംഗ്‌സ്റ്റണിന്റെ ദൗത്യവും താമസ സ്ഥലവും ഈ സംഘർഷ സ്ഥലത്തായിരുന്നു. അദ്ദേഹത്തിന്റെ വീട് കോപാകുലരായ ജനക്കൂട്ടം കത്തിച്ചു. അങ്ങനെ തന്റെ കുടുംബത്തെ ഇംഗ്ലണ്ടിലേക്ക് തിരിച്ചയക്കാൻ  തീരുമാനിക്കുകയും  അദ്ദേഹം തന്റെ ദൗത്യം ഉപേക്ഷിക്കുകയും ചെയ്തു. അടിമത്തം നിർത്തലാക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം വളരെയധികം ത്യാഗം ചെയ്തു. തൽഫലമായി, ബോട്സ്വാനയിലെ പ്രാദേശിക ഗോത്രങ്ങളിൽ നിന്ന് അദ്ദേഹത്തിന് നല്ല ആദരവ് ലഭിച്ചു.


ബയോബാബ് മരങ്ങൾ

വീണ്ടും ഞങ്ങൾ യാത്രയായി, സെൻട്രൽ കലഹാരിയുടെ ബോർഡറിൽ ചെന്നപ്പോൾ ഭൂമിയിലെ ഏറ്റവും വലിയ വൃക്ഷങ്ങളിലൊന്നായ  ബയോബാബ് മരങ്ങൾ  കണ്ടു. തലകീഴായ മരം' എന്നാണ് ബയോബാബ് വൃക്ഷം അറിയപ്പെടുന്നത്, അവ ഭൂരിഭാഗം വെള്ളപ്പൊക്ക പ്രദേശങ്ങളിലും റിസർവിലെ മൊപാൻ വനപ്രദേശങ്ങളിലുമാണ് കാണപ്പെടുന്നത് .

 ബോട്സ്വാനയിൽ 'തലകീഴായ മരം' എന്നാണ് ബയോബാബ് വൃക്ഷം അറിയപ്പെടുന്നത്. മരത്തിന് വിചിത്രമായ രൂപമുണ്ട്, അതിന്റെ മാംസളമായ ശാഖകൾ ആകാശത്തേക്ക് നീളുന്ന ഒരു റൂട്ട് സിസ്റ്റത്തോട് സാമ്യമുള്ളതാണ്.
ഈ മനോഹരമായ വൃക്ഷം പണ്ടത്തെ ആഫ്രിക്കയിലെ ആദ്യത്തെ തപാൽ ഓഫീസായി പ്രവർത്തിച്ചുവെന്നു പറയുന്നു.ആ മരത്തിന്റെ പൊത്തിൽ കത്തുകൾ  സൂക്ഷിച്ചു വച്ചിരുന്നു.


ഞങ്ങൾ ഒരുമണിക്കൂർ യാത്രചെയ്തപ്പോൾ പൊന്നരിഞ്ഞണംപോലെ ഒരു ചെറിയ നദി കണ്ടു, അവിടെ ചെറിയ കുറ്റിക്കാടുണ്ട്  അടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന്  നിലവിളി കേൾക്കുന്നു - ഞങ്ങൾ കരുതി ഒരുപക്ഷേ ആളുകൾ ഉച്ചത്തിൽ തർക്കം നടത്തുന്നതായിരിക്കുമെന്ന്  . ഞങ്ങളുടെ മുന്നിലെ കുറ്റിക്കാട്ടിലൂടെ ഒരു ആനക്കൂട്ടം അതിവേഗം നീങ്ങുന്നത് കണ്ടു അത്ഭുതപ്പെട്ടു പോയി . മുന്നറിയിപ്പ് നൽകിയ പാർക്കിന്റെ റേഞ്ചർമാർ അവരെ  തിരികെ ഓടിക്കുന്നു, പിന്നെയാ കാര്യം പിടികിട്ടിയത്. ഒരു സിംമ്പാവ്ക്കാരൻ ആനയുടെ കൊമ്പ്  മോഷ്ടിച്ചു.എന്നാൽ ആനകൾ അവനെ മണത്തറിഞ്ഞു പെട്ടെന്ന് പിടികൂടി നിലത്ത് വീഴ്ത്തി. ആദ്യത്തെ കുറച്ച് അടികൾക്ക് ശേഷം അയാൾക്ക് ബോധം നഷ്ടപ്പെടുന്നു, കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവന്റെ നിർജീവ ശരീരം നിലത്തേക്ക് ചവിട്ടിമെതിക്കുന്നു.


ഈ ദുരന്തകഥ ആദ്യമായല്ല . ആഫ്രിക്കയിൽ ആനകളും മറ്റ് അപകടകരമായ വന്യമൃഗങ്ങളും മൂലം  ഓരോ വർഷവും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുന്നു. എന്നിരുന്നാലും, ഈ സംഭവത്തിന്റെ പിന്നാമ്പുറം ഭൂഖണ്ഡത്തിലുടനീളം നടക്കുന്ന സാധാരണ ആന-മനുഷ്യ സംഘർഷത്തിൽ നിന്ന് വ്യത്യസ്തമാണ്. ഖേദകരമെന്നു പറയട്ടെ,  അയാളുടെ മരണം തടയാമായിരുന്നുവെന്നു തോന്നിപ്പോയി