കള്ള നാണയം: കഥ , മനക്കലൻ

കള്ള നാണയം: കഥ  , മനക്കലൻ

 

എന്റെ ഖൽബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ...
തട്ടമിട്ടു ഞാൻ കാത്തു വെച്ചൊരെൻ
മുല്ല മൊട്ടിലൂറും അത്തറൊന്നു വേണ്ടേ
എൻ്റെ കൂട്ടുകാരാ
സുൽത്താൻ്റെ ചേലുകാരാ..

ഹേയ് വേണ്ട തന്നെ. അത്തറും വേണ്ട ഖത്തറും വേണ്ട കത്തനാരെ. കെട്ടിയവളെ എന്നെ ഒന്നുറങ്ങാൻ വിടൂ പൊട്ടക്കനിയേ!
എൻ്റെ ഇഷ്ടക്കനിയെ കുത്തി നോവിക്കാനാണ് എനിക്ക് തോന്നിയത്.
അല്ല പിന്നെ! സ്നേഹിക്കാൻ വന്നിരിക്കുന്നു!?  ഉറക്കമില്ലാത്ത രാത്രിയിൽ...
എങ്ങനെ ചെവിത്തേട് എടുക്കാതിരിക്കും
സാധാരണയിൽനിന്ന് വ്യത്യസ്തമായി
ജീവരക്തം കൊണ്ട് ഹൃദയരാഗം തീർക്കുകയാണ് ഞാൻ.. അതിനിടക്ക് അവളുടെ ഒരു സാന്ത്വന വാക്ക്.. കിന്നാരം.
സത്യം പറയട്ടെ; വേദന നേർക്കുനേരെ പച്ചയായി കണ്ടുകൊണ്ടുള്ള ഒരു ചികിത്സ, മറ്റാർക്കും അങ്ങനെയൊരു അനുഭവം ഉണ്ടാക്കല്ലെ അല്ലാഹുവേ എന്ന പ്രാർത്ഥനയിൽ ആണ് ഞാനീ കഥ എഴുതുന്നത്:
കാൽപാദത്തിലെ സർജറി ഒന്നാം ദിവസം ലോക്കൽ അനസ്തേഷ്യ കൊടുത്ത് കൊണ്ട് ചെയ്തുവെങ്കിലും തുടർദിവസങ്ങളിൽ തരിപ്പിക്കാതെയാണ് ഡ്രസ്സ് ചെയ്യുക എന്ന മുന്നറിയിപ്പ് ഒരു ഇടിത്തീ പോലെയാണ്  തലയിൽ പതിച്ചത്. സിരകളിലൂടെ  ഭാവി ഭൂത വർത്തമാന ചിന്തകളിലെ തീനാമ്പുകൾ കത്തിപ്പടരുന്നതിൻ്റെ പ്രാഗ് രൂപം...
എൻ്റെ കഥാ പരിസരത്ത് സാധാരണ കണ്ണുനീർ പൂക്കളോ സരസ സുരഭികളോ ആണ് സംഗതി വശാൽ വിടരാറുള്ളത്.  ചോര മണക്കുന്നേടം ഒരു കൈനാറി പൂവ് പോലും വിടരുക അസംഗതം. എല്ലാ കാല്പനിക സങ്കല്പങ്ങളും സ്വോഹ!

അപ്പറഞ്ഞത് പ്രാക്ടികാലിറ്റി. അതെ, പ്രായോഗിക ജീവിതത്തോട് ഏറ്റുമുട്ടി പരാജയപ്പെട്ടുപോയ ഒരു
അനിതര സാധാണ വൈകൃത വ്യക്തിത്വത്തോട് കളിക്കുമ്പോൾ ഒന്ന് കരുതണം കേട്ടോ..... എനിക്ക് അറിയുന്ന ഏക കല അഭിനയം മാത്രം. അവിടെ എല്ലാം ചേരും. കളവും നുണയും പൊളിവചനങ്ങളും.  എൻ്റെ നാട്ടുകാർ എന്നെക്കുറിച്ച് പറയാറ് അങ്ങനെയാണ്.
മമ്മൂട്ടിയെ പോലെ വിരൽ ചൂണ്ടി വാചാലമാവും; മോഹൻലാൽ സ്റ്റൈലിൽ ചെരിഞ്ഞു നടക്കും  ആകപ്പാടെ രംഗം വശളാക്കുന്ന ഒരു കള്ളനാണയം.