കറ; കവിത ,കാവ്യ ഭാസ്ക്കർ

കറ;  കവിത ,കാവ്യ ഭാസ്ക്കർ

 

വരളുന്ന ചുണ്ടിലെ

കറയുള്ളരോർമ്മയിൽ

കവിതകൾ പോലും

മടിച്ചു നിൽക്കെ

 

കാലം കൊളുത്തിയ

നീറ്റുതീയിൽ ഞാൻ

പൊയ്പോയ നാളിനെ

യോർത്തു പോകേ...

 

ഇനിയൊരു പുലരിയും

തേടുവാനില്ലാത്ത

പാപിക്കായ് കാക്കകൾ

വട്ടമിട്ടലയുമ്പോൾ

 

മോഹം കറുത്തൊരി

ഹൃദയത്തിലിന്നിതാ

ലഹരി വരുത്തിയ

വൃണങ്ങൾ പഴുക്കുന്നു ....

 

നാളെയുടെ നെറുകയിൽ

ചൂടിക്കുവാൻ ഇനി -

യില്ലൊരു താരുണ്യ

ഹർഷ സുഗന്ധികൾ

 

തരളമാം തെന്നലും

ഇളവെയിൽ കാന്തിയും

മഞ്ഞും മഴയും

പക്ഷിതൻ രാഗവും

 

ചിതലെഴും ജനലിന്റെ

അഴിയിലൂടതിസൂക്ഷ്മം

കാണാമെനിക്കിന്ന്

വിദൂരമാണെങ്കിലും

 

വിധി നെയ്ത മഞ്ചലിൽ

മരുന്നു ഗന്ധങ്ങളായ്

മല്ലടിക്കുന്നു ഞാൻ

കാലങ്ങളാകവെ .....

 

കണ്ണുനീരുപ്പിന്റെ 

കനവിൽവിളയുന്ന 

ഏകാന്തയാമങ്ങൾ 

കുതിർന്നുപോയെങ്കിലും

 

പുകയാണ് മുറിയിലും

ഉറയുന്ന ചുണ്ടിലും

ലഹരിയുടെ ചുടലകൾ

എരിയുമെൻ നെഞ്ചിലും .....