കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്‌ ; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ: നിയമം കര്‍ഷകരുടെ നന്‍മയ്ക്കെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം

കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്‌ ; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ: നിയമം കര്‍ഷകരുടെ നന്‍മയ്ക്കെന്ന് ആവര്‍ത്തിച്ച്‌ കേന്ദ്രം

ദില്ലി; കനത്ത സുരക്ഷയ്ക്കിടെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ ജന്തര്‍ മന്ദറിലെത്തി . പോലീസ് അകമ്ബടിയോടെ ബസുകളിലായാണ് കര്‍ഷകര്‍ സിംഗു അതിര്‍ത്തിയില്‍ നിന്നും ജന്തര്‍മന്ദറിലെത്തിയത്. രാവിലെ 11 മണിയോടെയാണ് 200 ഓളം വരുന്ന കര്‍ഷകര്‍ വിവിധ ബസുകളിലായി മാര്‍ച്ചിനെത്തിയത്.

ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതം പങ്കെടുക്കും.പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് അകമ്ബടിയോടെ പ്രത്യേക ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകീട്ട് അഞ്ചുമണിവരെ ധര്‍ണ നടത്തും. രാത്രി കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും.

ജന്തര്‍ മന്ദറില്‍ നിന്നും കാല്‍നടയായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്താനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇതിന് പോലീസ് അനുമതി നല്‍കിയിട്ടില്ല. അതേസമയം പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ദില്ലി പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷം കണക്കിലെടുത്താണ് നടപടി. എന്നാല്‍ അടച്ച റോഡുകള്‍ പ്രദേശവാസികള്‍ക്ക് പോകുന്നതിനായി തുറന്ന് നല്‍കണമെന്നും റിപബ്ലിക്ക് ദിനത്തിന് സമാനമായ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണഅടാകില്ലെന്നും ഭാരതീയ കിസാന്‍ നേതാവ് രാകേഷ് തികായത്ത് പ്രതികരിച്ചു.

അതിനിടെ പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്ത് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിഷേധത്തില്‍ അണിനിരന്നു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ നന്‍മയ്ക്കാണെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നിയമങ്ങള്‍ സംബന്ധിച്ച്‌ കര്‍ഷകരുമായി നിരവധി തവണ തങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. തുടര്‍ന്നും ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണകരമാണ്. 11 തവണ കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായി. ഇനി അവരാണ് ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളേണ്ടതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

ബുധനാഴ്ചയാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാന്‍ ദില്ലി പോലീസ് കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത്.ഇവിട െപ്രത്യേകം ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ തയ്യാറാക്കിയ സ്ഥലത്താണ് പ്രതിഷേധത്തിന് അനുമതി അതേസമയം പാര്‍ലമെന്റിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന് അനുമതി നല്‍കിയിട്ടിട്ടില്ല.