സ്വപ്‌നച്ചിറകേറിവരുന്നുണ്ടൊരു കവി: അഭിമുഖം; തയ്യാറാക്കിയത് ഡോ. അജയ് നാരായണൻ

സ്വപ്‌നച്ചിറകേറിവരുന്നുണ്ടൊരു കവി:   അഭിമുഖം;  തയ്യാറാക്കിയത് ഡോ. അജയ് നാരായണൻ

 

 

ഭ്രാന്തൻ സ്വപ്നങ്ങളുമായി എഴുത്തുലോകത്തേയ്ക്കു നടന്നുവന്ന ജോസിൽ സെബാസ്റ്റ്യൻ തേക്കുംകാട്ടിൽ എന്ന യുവകവി അനുവാചകരുടെ കണ്ണിൽ പെട്ടിട്ട് അധികം നാളായിട്ടില്ല. തുറന്നെഴുത്തിലൂടെ വികാരവിചാരങ്ങൾക്കു വർണ്ണച്ചിറകുകൾ നൽകി സഹൃദയലോകത്തേക്ക് പറത്തിവിടുന്ന ജോസിൽ ഒരു വാഗ്ദാനമാണ്, പ്രതീക്ഷയാണ്.

ജോസിലിന്റെ കവിതകളിൽ അന്തർധാരയായി കാണുന്ന ചേതോവികാരം രോഷവും അസമത്വത്തോ ടുള്ള പ്രതിഷേധവുമാണെന്നൊരു നിരീക്ഷണം വായനക്കാരനുണ്ടാകാം.
ആ ഒരു ആകാംക്ഷയോടെ ജോസിൽ എന്ന ഈ യുവകവിയെ കൂടുതലായി നമുക്കറിയാം.

 

അജയ് നാരായണൻ:

ഉന്മാദസ്വപ്നങ്ങളും കല്ലുകൾക്കിടയിൽ വീഴുന്ന വിത്തുകളുമായി എഴുത്തുലോകത്ത് കടന്നുവന്ന ജോസിൽ എന്ന യുവകവിയെ സ്വയം എങ്ങനെ കാണുന്നു?

ജോസിൽ:
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആരെയാണ് എന്ന് ചോദിച്ചാൽ കണ്ണടച്ച് ഞാൻ ഉത്തരം പറയും, അത് എന്നെ തന്നെയാണ്. ആ എനിക്ക് മറ്റുള്ളവരിൽ നിന്ന് കൂടുതൽ പരിഗണന കിട്ടാൻ, കൂടുതൽ ആളുകളാൽ സ്നേഹിക്കപ്പെടാൻ ഞാൻ നടത്തുന്ന വിവിധ പരിശ്രമങ്ങളിൽ ഒന്നു മാത്രമാണ് എഴുത്ത്...
2007 ൽ ആദ്യപുസ്തകം ഇറങ്ങി (അന്നീ സോഷ്യൽ മീഡിയ ഒന്നും ഇല്ലല്ലോ). ഇടുക്കി ജില്ലയിലെ പ്രത്യേക സാഹചര്യങ്ങളാലൊക്കെയാവണം എഴുത്തിൽ പ്രതീക്ഷിച്ച പരിഗണന ഒന്നും കിട്ടാതെ പോയതിനാൽ എഴുത്തു തന്നെ ഉപേക്ഷിച്ചു കളഞ്ഞ ആളാണ് ഞാൻ. പിന്നീട് വർഷങ്ങൾക്ക് ശേഷം അന്നത്തെ പുസ്തകം വായിച്ച ശാരി ശിവദത്ത് എന്ന കൂട്ടുകാരിയുടെ നിർബന്ധം കൊണ്ടാണ് വീണ്ടും എഴുതി തുടങ്ങിയത്. ഈ തിരിച്ചുവരവിന് ഉത്തരവാദി അവൾ മാത്രമാണ്.

അജയ് നാരായണൻ:
എഴുത്തിൽ കിട്ടുവാൻ ആഗ്രഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന നൈരാശ്യത്തിൽ ചിന്തയും ഭാവനയും ആർജവവും ഇല്ലാതാകുന്നില്ലല്ലോ.
ഒരുപക്ഷേ, ജോസിൽ കാത്തിരുന്നത് മറ്റൊരുശക്തിയെയും പ്രചോദനത്തെയുമാവാം. പൂർവാധികം ശക്തിയോടെ എഴുത്ത് പുനരാരംഭിച്ചപ്പോൾ താങ്കളിലെ എഴുത്തുകാരനു സംഭവിച്ച പരിണാമം എന്താണ്?

ജോസിൽ:
ആദ്യ പുസ്തകവും രണ്ടാമത്തെ പുസ്തകവും ഒരു പതിനാല് വർഷങ്ങൾക്ക് മുമ്പുള്ള വായനാനുഭവത്തിൽ നിന്നുള്ളതാണ്. രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് അശോകൻ മറയൂരിനെ പരിചയപ്പെടുന്നത്. അദ്ദേഹം പറഞ്ഞാണ് പുതിയ കവികളെ പലരെയും ഞാൻ വായിച്ചു തുടങ്ങിയത്. പുതിയകാല വായനകൾ എന്നെത്തന്നെ പുതുക്കാനായി ഞാൻ ഉപയോഗിക്കുന്നു. ആദ്യം പറഞ്ഞത് പോലെ സ്നേഹം ഒരുപാട് ആഗ്രഹിക്കുന്ന എനിക്ക് ഒരുപാട് സ്നേഹിതരെ തന്നു രണ്ടാം വരവിൽ കവിത.

അജയ് നാരായണൻ:
ജോസിലിന്റെ കവിതകളിൽ അന്തർധാരയായി കാണുന്ന ചേതോവികാരം രോഷവും, അസമത്വത്തോടുള്ള പ്രതിഷേധവുമാണെന്നൊരു നിരീക്ഷണം ഉണ്ടാകാം. എന്തുതോന്നുന്നു?

ജോസിൽ:
തെറ്റു കണ്ടാൽ മുന്നുംപിന്നും നോക്കാതെ പ്രതികരിച്ചു പോകുന്ന ശീലം ചെറുപ്പം മുതൽ എനിക്കുണ്ടായിരുന്നു. അതുകൊണ്ടാകാം യൗവ്വനത്തിന്റെ ഭൂരിഭാഗവും പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ ഭാഗമാകാൻ എന്നെ പ്രേരിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള എന്റെ ചേർന്നുനടപ്പ് എഴുത്തിനെയും സ്വാധീനിച്ചിട്ടുണ്ട് .
“നീയെന്ന കാനാൻ ദേശത്തു” ഞാൻ ഒരു പ്രകൃതിസ്നേഹിയും കർഷകനുമാണ്.
ഞാനൊരിക്കലും പേനയും പേപ്പറും എടുത്ത് എഴുത്ത് വരാനായി നോക്കിയിരിക്കാറില്ല. എപ്പോഴെങ്കിലും മനസ്സിൽ കടന്നുവരുന്ന വാക്കോ ആശയമോ എന്നിൽ തന്നെ കിടന്ന് ഒരു പരുവമായിക്കഴിഞ്ഞാണ് എഴുതി തുടങ്ങാറ്.
എഴുതിത്തുടങ്ങിയാൽ 5-10 മിനിറ്റിനുള്ളിൽ ആദ്യരൂപമാകും. പിന്നെ അതിന്റെ ഘടനകൾ അടുക്കിയെടുക്കാൻ ചില എഡിറ്റിങ്ങുകൾ മാത്രമാണ് നടത്തുക.


അജയ് നാരായണൻ:
സാമൂഹിക പ്രതിബദ്ധതയുള്ള, കൃത്യമായ ഒരു രാഷ്ട്രീയമുള്ള ജോസിൽ പറയുന്നു, തെറ്റ് കണ്ടാൽ പ്രതികരിക്കുമെന്ന്.
ഈ ഉത്തരാധുനിക കാലഘട്ടത്തിൽ സത്യാനന്തരസത്യം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പ്രഹേളികയല്ലേ? തെറ്റും ശരിയും ആപേക്ഷികമാവില്ലേ? ഈ അവസ്ഥയിൽ ജോസിൽ എന്ന എഴുത്തുകാരൻ എങ്ങനെയാണ് ഒരു മാതൃകയാവുക?

ജോസിൽ:
എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ പറയുന്നു. തെറ്റ് എന്ന് എനിക്ക് തോന്നുന്നതിനെതിരെ വിരൽ ചൂണ്ടുന്നു. എന്റെ എല്ലാ നിലപാടുകളും എല്ലാ കാലവും ശരിയാവണം എന്ന് എനിക്ക് ഒരു നിർബന്ധവുമില്ല. ഇന്നിന്റെ ശരി അതിനൊപ്പമാണ് എന്റെ മനസ്സാക്ഷി സഞ്ചരിക്കുക. തെറ്റുപറ്റിയേക്കാം എന്ന് ചിന്തിച്ച് നിശബ്ദനാവില്ല. ഒന്നും ചെയ്യാതിരിക്കുക, മിണ്ടാതിരിക്കുക എന്ന തെറ്റ് ഞാൻ ഒരിക്കലും ചെയ്തിട്ടില്ലല്ലോ എന്നതുതന്നെ ആശ്വാസം.

അജയ് നാരായണൻ:
സ്വന്തം കാഴ്ചപ്പാടിൽ, ജോസിൽ എഴുത്തുവഴിയിൽ നിൽക്കുന്നതെവിടെയാണ്? സ്വയം വിലയിരുത്തലുകൾ, ആത്മപരിശോധനകൾ എത്രമാത്രം സഹായകമാണ് താങ്കളുടെ എഴുത്തിൽ?


ജോസിൽ:
വീണ്ടും എഴുത്തു തുടങ്ങിയതിനു ശേഷം ഒരുപാട് പുതിയ സ്നേഹങ്ങൾ വന്നു ചേർന്നു എന്നതു മാത്രമാണ് എന്നെ പ്രചോദിപ്പിക്കുന്ന ഏകഘടകം.
എത്രപേരാൽ എത്രമാത്രം സ്നേഹിക്കപ്പെട്ടാലാണ് ഒരാൾ പൂർണ്ണമായി തൃപ്തനാവുക. സ്നേഹം എത്ര കിട്ടിയാലും പോരാ പോരാ എന്ന് ചിന്തിക്കുന്നവന് ലഭിക്കുന്ന പുതിയ സൗഹൃദങ്ങൾക്കപ്പുറം ഒന്നും ഞാൻ എഴുത്തിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.
രണ്ടാം വരവിൽ ഒരുപാട് സ്നേഹവും അംഗീകാരവും ലഭിച്ചു. ഞാൻ സന്തോഷവാനാണ്.
ഇങ്ങനെ ഒക്കെ അങ്ങ് പോയാൽമതി. പുതു കവിതയിൽ ഞാൻ ആർക്കും മുകളിലുമല്ല, താഴെയുമല്ല. അതിനൊപ്പം എനിക്ക് പറ്റുംപോലെ എന്നേയുള്ളു. എഴുത്തിൽ പരമാവധി വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കും.

അജയ് നാരായണൻ:
“എന്റെ എഴുത്തിൽ നല്ല തെറിവരും... ഇതെല്ലാം കൂടി ചേർന്നതാണ് ഞാൻ...മനക്കട്ടി ഇല്ലാത്തവർ ഇതൊന്നും വായിക്കരുത്”, അപ്പൻ പേടി എന്ന കവിതകയ്ക്ക് ആമുഖമായി ജോസിൽ FB യിൽ എഴുതി. നല്ലൊരു കവിതയെന്നു ഞാൻ കരുതുന്ന അപ്പൻ പേടിയ്ക്ക് ഇങ്ങനെയൊരു മുൻ‌കൂർ ജാമ്യം എന്തിനായിരുന്നു?
തുറന്നെഴുതുന്ന ജോസിലിന്റെ ഒരു ദൗർബല്യമല്ലേ, തെറിയെന്നു കരുതുന്ന പദം ഉപയോഗിക്കുകയും, അതിനു ഒരു ന്യായീകരണം കൊണ്ടുവരികയും ചെയ്യുന്നത്?

ജോസിൽ:
അപ്പൻ പേടി എഴുതിയ ഉടനെ കവിതയ്ക്ക് വേണ്ടിയെന്നു പറയുന്ന ഒരു ക്ലബ്ഹൗസ് റൂമിൽ അത് ഞാൻ അവതരിപ്പിച്ചു. ഞാനെന്തോ മഹാപരാധം ചെയ്തതു പോലെയാണ് ആ റൂമിന്റെ പ്രധാന സംഘാടകരിലൊരാൾ അതിനോട് അപ്പോൾ പ്രതികരിച്ചത്. അതുകൊണ്ട് മാത്രമാണ് ആ കവിത ഫേസ്ബുക്കിൽ ഇട്ടപ്പോൾ ഒരു ആമുഖം കൂടി എഴുതേണ്ടി വന്നത്. ഞാൻ എഴുതിയ ഒരു പദം ചിലർക്ക് അസഭ്യമായി തോന്നിയിരിക്കാം. ഇതാണ് ആ കവിത –

 

അപ്പൻ പേടി
......................
പപ്പായെന്ന്
നീട്ടി വിളിക്കുന്ന
എന്റപ്പനെ
എനിക്ക് വല്ലാത്ത
പേടിയാരുന്നു...

വീട്ടിലന്ന്
രണ്ടു കട്ടിലേയുള്ളൂ
ഒന്നിൽ
അമ്മയും അനിയനും
മറ്റേതിൽ
ഞാനും അപ്പനും

അനിയനും ഞാനും
തല്ലുകൂടുന്ന ദിവസങ്ങളിൽ
അപ്പനും
ഉറക്കവും
വരും മുമ്പേ
അരികുപറ്റി
ഞാനതിൽ
ഉറക്കം നടിക്കും

അപ്പൻ വന്നാൽ
കടുപ്പത്തിലൊരു
കട്ടൻകാപ്പിക്കൊപ്പം
ആ തലേലോട്ട്
മക്കടെ കുരുത്തക്കേടിന്റെ
ചുമടു കേറ്റിവയ്ക്കും
അമ്മ.

വിളിച്ചേൽപ്പിച്ച്
ഇപ്പോ കിട്ടും
തല്ലെന്നോർത്ത്
വിറച്ച് കിടക്കും...

കുറേ കേട്ടിരുന്നിട്ട്
നിർത്തടീ മയിരേന്ന്
അപ്പൻ വിറകൊള്ളും.

ആണ്ടിലൊരിക്കൽ മാത്രം
ഒരു ചടങ്ങുപോലെ
അപ്പൻ മയിലാഞ്ചിക്കൊമ്പിരിയും
അത് കാണുമ്പോഴെ
നിക്കറു നനയും
തുടയിൽ
രണ്ട് മയിലാഞ്ചി വര വീഴും

ആ ചടങ്ങിനു വേണ്ടിയുള്ള
കാത്തിരിപ്പും പേടിയുമാണ്
ഒരു വർഷം മുഴുവൻ...


അജയ് നാരായണൻ:
ഒന്നു പച്ച പിടിക്കണമെങ്കിൽ, ഉപജീവനത്തിനായി ഏറെ സമയം ചിലവഴിക്കണം ഇന്നത്തെ കെട്ടകാലത്ത്. അതോടൊപ്പം സ്വപ്നങ്ങൾക്കു പിറകേപോകുവാനും ചിറകുകൾ തുന്നണം. എങ്ങനെ തുലനാവസ്ഥ കൈവരിക്കുന്നു ജോസിൽ എന്ന കുടുംബനാഥൻ?

ജോസിൽ:
ഒരു കേറ്ററിംഗ് ബിസിനസുകാരൻ എന്ന നിലയിൽ കൊറോണ വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. പക്ഷേ ആ സമയത്ത് എഴുത്തിലും മറ്റ് സാംസ്കാരിക ഇടപെടലുകളിലും കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞു. എല്ലാം നല്ലതിനെന്നുതന്നെ കരുതുന്നു.
ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് Mine Visions എന്ന പേരിൽ. അതിൽ ആരംഭിക്കുന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് ഡിസംബർ ആദ്യവാരം പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം പരിശ്രമങ്ങളാണ് വിജയിക്കും എന്ന് തന്നെ പ്രത്യാശിക്കുന്നു. വായനക്കാർക്കായി ഒരു കവിതകൂടി സമർപ്പിക്കുന്നു. എന്നെ വായിക്കുന്ന എല്ലാവർക്കും നന്ദി. നിങ്ങളാണ് എന്റെ പ്രചോദനം.

ആറാം പ്രമാണം ലംഘിക്കാത്തവൻ


നീതിമാനെന്ന്
പരക്കെ അറിയപ്പെട്ടിരുന്ന,
ആറാം പ്രമാണം
ലംഘിക്കാത്ത ഒരുവന്റെ
ശവമടക്ക് കഴിഞ്ഞ്
താലികൊണ്ട്
അവകാശം നേടിയ ഒരുവൾ
ആളുകൾ കാൺകേ
അലമുറയിട്ട് കരഞ്ഞ്
അന്ത്യചുംബനം നൽകി
കടമ തീർത്തിട്ട്
വേണ്ടപ്പെട്ടവരോട്
സൊറ പറഞ്ഞ്
മരിപ്പ്കാപ്പി
ഊതിക്കുടിച്ച്
രഹസ്യക്കാരനെ നോക്കി
ഊറിച്ചിരിക്കുന്നു ...

വേറൊരുവൾ
ആരും കാണാതെ
ഊറിവന്ന കണ്ണീരൊപ്പി
കല്ലറയ്ക്കരികിൽ
ഇപ്പോഴും ഉണ്ട് .

ചുംബിക്കാനാവാത്ത ചുണ്ടുകൾ
അവനുവേണ്ടി വിതുമ്പുന്നു .
അവന്റെ മുടിയിഴകളിൽ
തലോടാൻ കൊതിച്ച വിരലുകൾ
കുഴിക്കരുകിൽ
വിറയോടെ പരതുന്നു
കണ്ടിട്ടും കാണാതെ
ആരോ തിരുമി അടച്ച
കണ്ണുകൾ തുറന്ന്
ഒന്ന് നോക്കിയെങ്കിലെന്ന്
വെറുതെ വെറുതെ
മോഹിക്കുന്നു...

മൂടപ്പെട്ട കല്ലറയ്ക്കുള്ളിൽ
ഇരയെ കാത്തിരുന്ന
പുഴുക്കൾ
കൃമികൾ
ചിതലുകൾ
ചെറുപ്രാണികൾ...
അവൾ പോകുംവരെ
അവനെ തൊടാതെ
കാത്തിരുന്നു ...

ജോസിൽ സെബാസ്റ്റ്യൻ തേക്കുംകാട്ടിൽ


അഭിമുഖം തയ്യാറാക്കിയത് ഡോ. അജയ് നാരായണൻ