കവിയും വിതയും : സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ

കവിയും വിതയും : സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ

വി വിത തേടി പടിയിറങ്ങി മെല്ലെ

നടക്കവേ.. 

മരക്കൊമ്പിലിരുന്ന കിളി ചോദിച്ചു.. 

ഹേ.. കവേ..നീയാരെത്തേടി

പോകുന്നു.. 

കവി മറുമൊഴികൊടുത്തീവിധം 

"കവിതകുറിച്ചിട്ടേറെയായ് 

കവിതയ്ക്കായ് മൂലംതേടിയെന്റെ

യാത്ര".... 

"കഷ്ടം വിത്തകംനിറയെയിരുന്നിട്ടും

വിത്ത് തേടുന്നവൻ.. 

വിതയ്ക്കാൻ ഭൂമിയുമേറെക്കിടന്നിട്ടും

നിലംതേടി പായുന്നവൻ.. 

അരികിലുള്ളതുകാണാതെ

അകലെത്തിരയുന്നവൻ.. 

വിഡ്ഢി..

നീ നിന്നിലേക്കുതന്നെ നോക്കുക.. 

നിന്റെ ചുറ്റുപാടും നോക്കുക... 

കാണാം മനംപൊള്ളിക്കുന്ന 

കവിതയ്ക്കുള്ള കാഴ്ചകളേറെ.. 

കേൾക്കാം നോവുണർത്തുന്ന തേങ്ങലുകൾ... 

അവിടെ നീ നിന്റെ തൂലിക കൈയിലേന്തുക...

അക്ഷരക്കൂട്ടുകൾ ചേർത്തുവച്ച്

കവിതയുടെ അകംപൊരുളായ്

കുറിച്ചുവയ്ക്കുക..."

 

പക്ഷിയുടെ വാക്കുകളിൽ നീറിപ്പിടയുന്ന

വേദനയുടെ അടരുകൾ കവി

തിരിച്ചറിയുകയായിരുന്നു... 

അതിന്റെ കണ്ണുകളിൽ ഈറൻ

പെയ്തിറങ്ങിയോ..

കവി പിൻതിരിഞ്ഞു നടന്നു...

കവിതയുടെ വിത്തകംപേറി... 

അപ്പോഴും പക്ഷിയുടെ വേപഥുപൂണ്ട

വാക്കുകൾ അയാളിൽ 

ഒരു നീറ്റലായ്..

കവിതപെയ്‌തായ് ഉള്ളിൽ മിന്നലാട്ടം

നടത്തുന്നുണ്ടായിരുന്നു...