ദേശീയപാത വികസനം; ആരാധനാലയങ്ങള്‍ മാറ്റിസ്ഥാപിച്ച്‌ സഹകരിക്കണമെന്ന് കെ.സി.ബി.സി

ദേശീയപാത വികസനം; ആരാധനാലയങ്ങള്‍ മാറ്റിസ്ഥാപിച്ച്‌ സഹകരിക്കണമെന്ന് കെ.സി.ബി.സി

ദേശീയപാത വികസനത്തിന് ആരാധനാലയങ്ങള്‍ മാറ്റിസ്ഥാപിക്കണമെന്ന് കെ.സി.ബി.സി. വികസനത്തോട് എല്ലാ ക്രൈസ്തവ സഭാവിഭാഗങ്ങളും സഹകരിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്‍്റും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അറിയിച്ചു. ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിക്കുന്നത് തടയേണ്ട ആവശ്യമില്ലെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം.

ചരിത്രപ്രധാന്യമുള്ള ആരാധനാലയങ്ങളെ ബാധിക്കാതെ വികസനം ആസൂത്രണം ചെയ്യണമെന്നും ആരാധനാലയങ്ങള്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നാല്‍ പുനരധിവാസം സമയബന്ധിതമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കണമെന്നും കെ.സി.ബി.സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, ദേശീയപാതാ 66 വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വല്‍ അഴിവാതുക്കല്‍ ക്ഷേത്രഭാരവാഹികളെ കര്‍ദിനാള്‍ അനുമോദിച്ചു. സമാനമായ സാഹചര്യങ്ങളില്‍ പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.