കേരള പോലീസ്‌ അടിമകളാണോ? കാരൂര്‍ സോമന്‍, ലണ്ടന്‍

കേരള പോലീസ്‌ അടിമകളാണോ?  കാരൂര്‍ സോമന്‍, ലണ്ടന്‍

 



കാര്‍മേഘങ്ങളെ പോലെ കേരളത്തിലെ വാര്‍ത്തകള്‍ കണ്ട്‌ ലോക മലയാളികള്‍
വിളറി നില്‍ക്കുന്ന സമയമാണ്‌. ദേവീക്ഷേത്രങ്ങളിലെ മഹാ പുരോഹിതര്‍ ഭക്തരുടെ
അഭീഷ്ടസിദ്ധിക്ക്‌ വേണ്ടി രക്ഷാവളകളും മന്ത്രച്ചരടുകളും ജപിച്ചുകൊടുക്കുന്ന
വേളയിലാണ്‌ മനുഷ്യമനഃസാക്ഷിയെ തൊട്ടുണര്‍ത്തുന്ന ചില യാഥാര്‍ഥ്യങ്ങള്‍
റിട്ട.ജസ്റ്റിസ്‌ കെമാല്‍ പാഷ പുറത്തുവിട്ടത്‌. 'സംസ്ഥാനത്തെ പോലീസിനെ
അടിമകളാക്കി മാറ്റിയിരി ക്കുന്നു. പോലീസ്‌ സേനയില്‍ ആര്‍ക്കും അന്തസായി ജോലി
ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്‌. വിമര്‍ശിക്കുന്ന വരുടെ വായടപ്പിക്കാന്‍ ശ്രമം.
പി.സി.ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്‌. ഒരു മണിക്കൂര്‍ കൊണ്ട്‌ എന്ത്‌
പ്രാഥമിക അന്വേഷണം നടത്താനാകും? ജോര്‍ജിന്‌ ജാമ്യം അനുവദിച്ചത്‌
ജുഡീഷ്യറിയുടെ അന്തസ്സ്‌ ഉയര്‍ത്തി. എതിര്‍ക്കുന്നവരെ പീഡനക്കേസില്‍
കുടുക്കുന്ന രാഷ്ട്രീയമാണ്‌ നടക്കുന്നത്‌'. അദ്ദേഹത്തിന്റെ അനുഭവസീമയില്‍ തങ്ങി
നിന്ന വാക്കും വരികളും കേരളത്തെ അടയാളപ്പെടുത്തുന്ന വിഷാദത്തിന്റെ. നിയമ
ലംഘനത്തിന്റെ വേനലായി കാണാന്‍ സാധിക്കും. ഇന്നത്തെ വിവാദ സംവാദങ്ങളില്‍,
സമരങ്ങളില്‍ സമൂഹ ത്തിന്‌ എന്തെങ്കിലും നേട്ടമുണ്ടോ?

മനുഷ്യജീവിതംദുരിതത്തിലാക്കുന്നവരെ, യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ തുറുങ്കിലടക്കാന്‍
ഉത്തവാദിത്യമുള്ളവര്‍ ചൂഷകവര്‍ഗ്ഗ താല്‌പര്യങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നവരാണോ?.
ഇതില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള ഒരു നിയമജ്ഞന്റെ
വാദങ്ങള്‍ തള്ളിക്കള യാന്‍ സാധിക്കില്ല.എന്നാല്‍ ജോര്‍ജ്‌ നടത്തിയിട്ടുള്ള വിഷം
ചീറ്റുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍,സ്‌ത്രീകളെ അധിക്ഷേപിക്കുന്നതൊക്കെ
രാഷ്ട്രീയ ജീവിതത്തിന്റെ പാപ്പരത്തമായിട്ടേ കാണാന്‍ സാധിക്കു.

സോഷ്യല്‍മീഡിയ വഴി എതിരാളികളെ അപമാനിക്കുന്നതുപോലെ ഇദ്ദേഹത്തിന്റെ വാക്കുകള്‍
എരിയും പുളിയും ചേര്‍ത്തുള്ള ഭാഷാചേരുവകകള്‍ പലര്‍ക്കും വിഭവ സമൃദ്ധമായ
സദ്യയാണ്‌. എന്നാല്‍ സ്‌ത്രീവിരുദ്ധത വിപ്ലവവായാടിത്വമാ യാല്‍ പൊലീസിന്‌
മുന്നില്‍ ചങ്ക്‌ നീറി നില്‍ക്കേണ്ടിവരും. അതിന്‌ പോലീസിനെ പഴിച്ചിട്ട്‌
കാര്യമില്ല. സാധാരണ അധികാരത്തിലുള്ളവരാണ്‌ പോലീസിന്റെ ആത്മവീര്യം
ചോര്‍ത്തുന്നത്‌, കുറ്റം ചെയ്‌ത ചിലര്‍ക്ക്‌ നേരെ ഉടനടി നടപടി, ചിലര്‍ക്ക്‌ നേരെ
നടപടിയില്ല ഇതൊക്കെ കാലാകാലങ്ങളായി കണ്ടുകൊണ്ടരിക്കുന്ന വിചിത്ര വഴി
പിഴച്ച സമീപനങ്ങളാണ്‌. ഈ സാമൂഹികബോധമുണ്ടായിരുന്ന ജസ്റ്റിസ്‌
അധികാരത്തിലിരുന്നപ്പോള്‍ പാവങ്ങളെ, നിരപരാധികളെ
കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന നിയമലംഘനങ്ങള്‍ ബോധപൂര്‍വ്വം ഒഴുവാക്കിയ
താണോ അതോ ഈ മനസ്സും മനസ്സാക്ഷിയും നിയമത്തിന്റെ പൊതുഘടനയില്‍
മരവിച്ചുപോയോ?.

അറിവും ചിന്തയുമുള്ള മനുഷ്യരില്‍ പുരോഗതികാണാറുണ്ട്‌. അറിവും
ചിന്തയുമില്ലാത്ത മനുഷ്യ രെന്നും ജോതിഷുകളുടെ വലകളില്‍ കുരുങ്ങി
അല്ലെങ്കില്‍ അന്ധമായ ജാതി രാഷ്ട്രീയത്തില്‍ ജീവിതം നരക തുല്യമാക്കുന്നു.
ഇന്ത്യയും കേരളവും നേരിടുന്ന ശാപമാണിത്‌. നമ്മള്‍ ധാരാളം മണ്ടന്മാരെ കണ്ടിട്ടുണ്ട്‌.
എന്നാല്‍ സ്വയം മണ്ടനാണോ എന്നറിയാന്‍ വളരെ പ്രയാസമാണ്‌.
എന്തുകൊണ്ടെന്നാല്‍ മനസ്സില്‍ അന്തര്‍ലീനമായിരി ക്കുന്നത്‌ അനീതി, വഞ്ചന,
കളവ്‌. അക്രമം, അപകീര്‍ത്തിപ്പെടുത്തുക, വര്‍ഗ്ഗീയത, അന്ധവിശ്വാങ്ങളാണ്‌.
നിയമങ്ങള്‍ രാഷ്ട്രീയമായി, മതമായി വളര്‍ന്നാല്‍ അത്‌ ബുര്‍ഷ്വാസികളുടെ രാഷ്ട്രീയ
താല്‌പര്യങ്ങളാണ്‌ സംരക്ഷി ക്കപ്പെടുന്നത്‌. പൊതുവര്‍ഗ്ഗ താല്‌പര്യമല്ല.
ഇന്ത്യയിലെ പോലീസ്‌ വകുപ്പുകള്‍ പരിശോധിച്ചാല്‍ സ്വകാര്യതാല്‌പ ര്യങ്ങള്‍ക്ക്‌
വേണ്ടി നിയമങ്ങളെ ബലിയാടാക്കുന്നു. പലപ്പോഴും നിരപരാധികള്‍ക്ക്‌ നീതി
ലഭിക്കുന്നില്ല. അധികാരികളുടെ തണലില്‍ കുറ്റവാളികള്‍ രക്ഷപെടുന്നു.
രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ കൂട്ടിലടച്ച തത്തകളെ പാവപ്പെട്ട മനുഷ്യരുടെ
നികുതിപ്പണം കൊടുത്തു തീറ്റിപ്പോറ്റുന്നു.

നമ്മള്‍ പോലീസുകാരെ പലപ്പോഴും
കുറ്റപ്പെടുത്താറുണ്ട്‌. അധികാരത്തിലിരിക്കുന്ന അധികാര കച്ചവടഭ്രാന്തുള്ളവര്‍
പറയുന്നത്‌ അനുസരിക്കാനേ നിയമപാലകര്‍ക്ക്‌ സാധിക്കു. ആകെയുള്ള ഒരാശ്രയം
കോടതികളാണ്‌. കോടതികള്‍ മനുഷ്യരുടെ മേല്‍ നടത്തുന്ന ഈ അധികാരകയ്യേറ്റത്തെ,
ചൂഷണത്തെ, പീഡനത്തെ വെല്ലുവിളിക്കാന്‍ തയ്യാറാകണം. ആ കര്‍ത്തവ്യ ബോധം
എത്രപേരിലുണ്ട്‌? നമ്മുടെ നിയമവ്യവസ്ഥിതി കൂടുതല്‍ വിഹ്വലവും വികടവും
ദുരന്തപൂര്‍ണ്ണമാക്കു ന്നത്‌ ആരാണ്‌? നീതിനിഷേധം നടത്തുന്നവരെ
എന്തുകൊണ്ടാണ്‌ അധികാരത്തില്‍ തുടരാന്‍ അനുവദിക്കു ന്നത്‌? നിയമവകുപ്പുകള്‍
തള്ളപ്പെട്ടവരുടെ, നിന്ദിതരുടെ, പാവങ്ങളുടെ രോദനം കേള്‍ക്കുന്നുണ്ടോ?
സിലോണില്‍ നിന്ന്‌ ധാരാളം അടിമകളെ ഇറക്കുമതി ചെയ്‌തപ്പോള്‍
ബ്രിട്ടീഷ്‌കാര്‍ 1792-ല്‍ മലബാ റിലും 1811-ല്‍ റാണി ലക്ഷ്‌മീഭായി തമ്പുരാട്ടി
തിരുവിതാംകൂറിലും അടിമത്വം അവസാനിപ്പിച്ചു്‌. അന്ന്‌ അടിമകളെ ജോലിക്ക്‌
ഉപയോഗിച്ചതുപോലെ നമ്മുടെ പോലീസ്‌സേനയെ അധികാരത്തിലിരിക്കുന്നവര്‍
അടിമകളാക്കുന്നുവെങ്കില്‍ ഇന്ത്യന്‍ ഭരണഘടന, സുപ്രിം കോര്‍ട്ടടക്കം
നിര്‍ണ്ണായക ശക്തികളായി മാറുകയും പോലീസ്‌ സേനയെ നിയന്ത്രിക്കാനുള്ള
അവകാശം നേടുകയും വേണം.

നിയമവകുപ്പുകള്‍ കോടതിയുടെ നിയന്ത്രണത്തിലായാല്‍
നിയമങ്ങളെ അട്ടിമറിക്കാന്‍ അവസരം ലഭിക്കില്ല. ചില ന്യായാധിപന്മാര്‍
അധികാരികളുടെ ഇച്ഛക്ക്‌ വഴങ്ങി അവരുടെ വ്യക്തിത്വം അടിയറവെച്ചത്‌
വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട്‌. ഭരണവര്‍ഗ്ഗത്തിന്റെ താളത്തിന്‌ വഴങ്ങുന്നവര്‍
നിയമവകുപ്പിന്‌ തന്നെ അപമാനമാണ്‌. ഈ കൂട്ടര്‍ സിലോണില്‍ നിന്ന്‌ വന്നവരുടെ
തലമുറയാണോ? ഒരു രോഗിയുടെ മുറിവുകള്‍ ഡോക്ടര്‍ക്ക്‌ ഉണക്കാമെങ്കില്‍ കുറ്റവും
ശിക്ഷയും നടപ്പാക്കാന്‍ ശാശ്വതമായ പരിഹാരം കാണാന്‍ സമര്‍ത്ഥരായ
ന്യായാധിപന്മാര്‍ക്ക്‌ സാധിക്കും. അങ്ങനെയെങ്കില്‍ പോലീസ്‌ സ്റ്റേഷന്‍,
കോടതികള്‍ ആരാധനാകേന്ദ്രങ്ങളായി മാറും. നിയമവും നിയമപാലകരും അടിമകളായി

മാറിയാല്‍ സമൂഹത്തില്‍ അരാജകത്വം വര്‍ദ്ധിക്കും. അത്‌ നിരപരാധികളുടെ ഹൃദയത്തെ
മുറിവേല്‌പിക്കുക മാത്രമല്ല മനസ്സിന്റെ വിങ്ങലുകള്‍ ഒരിക്കലും മാറുകയില്ല.
നിയമങ്ങളെ ഹൃദയത്തോടെ ചേര്‍ത്തുവെച്ചിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍,
ഗള്‍ഫ്‌ രാജ്യങ്ങളെ കണ്ടുപഠിക്കുക. അധികാരത്തിലിരിക്കുന്നവര്‍ നിയമ വാഴ്‌ചയില്‍
ഇടപെട്ടാല്‍ പ്രധാനമന്ത്രിയായാലും ആ കസേരയില്‍ ഒരു നിമിഷംപോലുമിരിക്കില്ല.
ഇന്ത്യയില്‍ അടിമത്വം ഭരണത്തിലു മുണ്ട്‌. വളരെ സമര്‍ഥമായി മറ്റുള്ളവരെ
കബളിപ്പിച്ചുകൊണ്ട്‌ നിര്‍ഭയമായി മരണനിദ്ര പ്രാപിക്കുന്നതുവരെ
അധികാരത്തില്‍ തുടരുന്നു. യുവമിഥുനങ്ങള്‍ക്ക്‌ അവസരം കൊടുക്കില്ല. വികസിത
രാജ്യങ്ങളില്‍ മരണം വരെ അധികാരത്തിലിരിക്കുന്ന ഭരണാധിപന്മാരുണ്ടോ?
ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കോവിഡ്‌ കാലത്തു്‌ ഒരു മദ്യവിരുന്നില്‍ പങ്കെടുത്തതിന്‌
അധികാരം തെറിക്കുമോയെന്ന്‌ എല്ലാവരും ഭയന്നു. ഭാഗ്യവശാല്‍ വോട്ടെടുപ്പില്‍
പുറത്തായില്ല. ആനന്ദലഹരിയില്‍ അധികാരം ഉത്സവമാക്കി കഴിയുന്നവര്‍
ഉദാത്തമായ മനസ്സിനുടമകളാകണം. ജനങ്ങള്‍ കപ്പം കൊടുത്തുകഴിയുന്നവരോ
പൊലീസിന്‌ മുന്നില്‍ കൂപ്പുകൈയുമായി നില്‍ക്കേണ്ടവരോ അല്ല.

രാജ്യമെങ്ങും
അനീതിയും, അഴിമതിയും, ജാതിചിന്തകളും പത്തിവിരിച്ചാടുന്നത്‌ നിയമസംഹിതയുടെ
അഭാവം കൂടിയാണ്‌. പലപ്പോഴും അക്രമത്തിനും മറ്റും ഇരകളാകുമ്പോള്‍ തുല്യനീതി,
അവകാശം നിഷേധിക്കപ്പെടുന്നു. ഇത്‌ സാഹിത്യ സാംസ്‌ക്കാരിക രംഗത്തും
കാണാറുണ്ട്‌. സമൂഹത്തിന്റെ ഉള്‍ത്തുടുപ്പുകളായി സത്യവും നീതിയും നിലനിര്‍ത്താന്‍
നിയമവകുപ്പുകള്‍ ശക്തമായി മുന്നിട്ടിറങ്ങിയാല്‍ ആരും ആരുടേയും അടിമകളാകില്ല.
സത്യസന്ധമല്ലാത്ത മരവിച്ച മനസ്സുമായി അടിമകളായി ജീവിക്കാന്‍ നമ്മള്‍
ആരുടേയും ചുമടുതാങ്ങികളല്ല എന്നോര്‍ക്കുക.