കെട്ടുവള്ളത്തിൽ ഒരു കുട്ടനാടൻ യാത്ര: സപ്ന അനു ബി ജോർജ്

കെട്ടുവള്ളത്തിൽ ഒരു കുട്ടനാടൻ യാത്ര: സപ്ന അനു ബി ജോർജ്

 

വെള്ളവും മഴയും,തോടും,നിറഞ്ഞു നില്‍ക്കുന്ന എന്റെ നാട്,കോട്ടയം. എവിടെ നോക്കിയാലും വയലും പാടവും,ആറും,കായലും.അതിനടുത്തായിത്തന്നെ,കുമരകം. ഈ കായലിലെ കുഞ്ഞോളങ്ങളിൽ ഇളകിയാടി, പുരോഗമനാത്മക ചിന്താഗതിയുടെ ഭാഗമായി കിട്ടിയ ‘ഹൗസ് ബോട്ട്‘ എന്ന ആധുനികതയിൽ പൊതിഞ്ഞ് ഞാനും കുടുംബവും യത്രയായി. ജീവിതത്തിന്റെ  ഒട്ടുമുക്കാൽ ഭാഗവും ഈ ഭാഗത്തൊക്കെത്തന്നെയായിരുന്നു എങ്കിലും ഇപ്പൊൾ ഏഴുകടലക്കരെ ഗള്‍ഫുനാടുകളിൽ ജീവിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുവെണ്ടി ഒരു അവധിക്കാല വിരുന്ന്. 

കായലിന്റെ ഓളങ്ങളിൽ ചഞ്ചാടി,ഞങ്ങള്‍ക്കുവേണ്ടി,ഒഴുകിയെത്തിയ,നീലമേഖം എന്ന,കെട്ടു വെള്ളത്തിൽ ഞങ്ങൾ രണ്ടു ദിവസത്തെ യാത്രക്കായി ഇറങ്ങീ.കേരളത്തനിമയുള്ള ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളോകൂടിയുള്ള വരാന്ത,അവിടെ ഞങ്ങളേയും കാത്ത്,നല്ല ഏത്തക്കാപ്പവും ചായയും ഇരിപ്പുണ്ടായിരുന്നു. വരാന്തയിൽക്കൂടി നടക്കുമ്പോൾ മൂന്നുവശത്തും പരന്നു കിടക്കുന്ന വെള്ളത്തിന്റെ പരവതാനി. ചായകുടി കഴിഞ്ഞപ്പോൾ ഏതാണ്ട്,സന്ധ്യയായിത്തുടങ്ങി.

തൃസന്ധ്യ

ആരെയും ഒരു വല്ലാത്ത’സെന്റി മൂഡിലേക്കു കൊണ്ടുപോകുന്ന സമയം,ആകെഒരു ‘റൊമാന്റിക്ക് സെന്റി’. സന്ധ്യയായിക്കഴിഞ്ഞാൽ ബോട്ട് എവിടെയെങ്കിലും കരക്കടുപ്പിച്ച്, കിടക്കും. കരക്കടുപ്പിക്കുന്നതിന് പകരം, കായലിന്റെ ഒത്ത നടുക്ക് നങ്കൂരം ഇടാന്‍ പറഞ്ഞു. പതുക്കെ സൂര്യന്റെ പ്രകാശം കുറഞ്ഞ് കുറഞ്ഞ് വന്ന്,ഒരു ചുവന്നഗോളം അങ്ങു ചക്രവാളത്തിലേക്കിറങ്ങി. നോക്കിയാൽ  എത്തപ്പെടാത്തത്ര ദൂരത്തിലാണ് കര. കാറ്റിന്റെ തണുപ്പ് കൂടിക്കൂടി വന്നു,അപ്പോ,ദാ ഒരു ചോദ്യവുമായി ഞങ്ങളുടെ ‘ചീഫ് കുക്ക്’രാത്രീലത്തെ അത്തഴത്തിന് എന്തെങ്കിലും ‘സ്പെഷ്യൽ ’മുന്‍കൂറായി,നമ്മുക്ക് തീരുമാനിച്ചുറപ്പിച്ച ഒരു മെനു’ ഉള്ളതിനു പുറമെയാണീ   ചോദ്യം!എന്റെ ഡാഡിയോടു  ബോട്ടുടമക്കുള്ള ബഹുമാനത്തിന്റെ ഭാഗമാണോ?അതോ രണ്ടു കുപ്പി ‘സ്കോച്ച്’ മുറിയിൽ കണ്ടതിന്റെ പ്രതീക്ഷയാണോ,എന്നെനിക്കു തോന്നിപ്പോയി. എന്റെ സ്വന്തം ഭര്‍ത്താവെന്ന ‘നാടന്‍ ചിന്താഗതിക്കാരന്റെ’ചോദ്യം?‘ഒരു കൊഞ്ച് ഉലര്‍ത്തിയത് കിട്ടുമോ ,‘റ്റച്ചിങ്ങസ് ആയി? രാത്രിയിലേക്കുള്ള താറാവുകറിയും അപ്പവും’.പോരാത്തതിന് ഈ റ്റച്ചിങ്ങ്സും..... നടക്കട്ടെ!

സന്ധ്യക്ക് ഇത്ര ഭംഗിയുണ്ടന്ന് ഞാന്‍ എന്നൊ മറന്നിരിക്കയായിരുന്നു!എങ്കിലും എത്ര കണ്ടിട്ടും മതിവരാത്ത ഒരു നിറവും എല്ലാ ചിന്തകളും വിട്ട്, ഈ ഒരു സന്ധ്യ മാത്രം മനസ്സിലും കണ്ണിലും. അതിമനോഹരമായ ഈ കാഴ്ച കണ്ടിരിക്കുമ്പോൾ ഒരു യഥാര്‍ത്ഥ കുട്ടനാടൻ ഉള്‍പ്രദേശത്തിന്റെ ഒരു ചിത്രം നമുക്കുകാണാം. കെട്ടുവള്ളങ്ങളിൾ പുല്ലുനിറച്ച്,വീടുകളിലേക്ക് പോകുന്നവർ അന്നത്തെ അത്താഴത്തിനുള്ള പല വ്യഞ്ചനങ്ങളുടെ ചെറിയ കടലാസു പൊതികൾ,നിറച്ചിരിക്കുന്ന,ചെറിയ വെള്ളുകൊട്ട,പുല്ലും കെട്ടുകളൂടെ മീതെ ഇരിക്കുന്നു. ഒരറ്റത്ത് ഭര്‍ത്താവ് നീണ്ട കഴുക്കോലും കൊണ്ടും, മറ്റേഅറ്റത്ത് തുഴയുമായി ഭാര്യയും തുഴഞ്ഞു പോകുന്നു. ചില വള്ളങ്ങളിൽ സ്കൂൾ യൂണിഫോമിട്ട് ബാഗുകളുമായി,അഛനമ്മമാരുടെ കൂടെ,ഇതേ വള്ളത്തിൽ വീട്ടിലേക്കു പോകുന്നവരും ഉണ്ട്. ഞങ്ങളുടെ ബോട്ടിനടുത്തെത്തിയപ്പോൾ അവർ ഒന്നു പതുക്കെയാക്കി,യൂണിഫോമിട്ട കുട്ടികളുടെ ചോദ്യം” പേനാ ഉണ്ടെങ്കിൽ,തരാമൊ?ഞങ്ങളുടെ ബോട്ടുകാർ എതിര്‍ത്തു! “സറേ ഇതിവരുടെ സ്ഥിരം പണിയാ,കൊടുക്കണ്ടാ“. ഇവിടെ ഗള്‍ഫിൽ ജീവിക്കുന്ന ഞങ്ങള്‍ക്ക് “ഒരു പേന തരുമോ?“എന്നചോദ്യം, ഒരു കണ്ണുനീര്‍ത്തുള്ളിയിൽ നിറഞ്ഞു നിന്നു. ഇവിടെ 2 റിയാലിനു(25 രൂപക്ക് ) 6 പേനാകിട്ടുമ്പൊൾ അതും ഓരോ മക്കള്‍ക്കു ഈ രണ്ടു പാക്ക്റ്റ്’വാങ്ങി സ്റ്റോക്ക് ചെയ്യാറുമുണ്ട്!അന്നൊന്നും, ഈ “ഒരു പേനക്ക്’“ ഇത്ര കണ്ട് വിലയുണ്ടെന്ന് അറിയില്ലായിരുന്നു. എല്ലാ ബാഗും പെട്ടിയും തപ്പി കയ്യിലുണ്ടായിരുന്ന മുഴുവന്‍ പേനയും പെന്‍സിലും കൊടുത്തു, ആത്മാർത്ഥതയുള്ള നിറഞ്ഞചിരിയും,കൂടെ “റ്റാങ്ക്സ്“’.വള്ളം തുഴയുന്ന ആ അമ്മ തോര്‍ത്തു മുണ്ടെടുത്തൊന്നു മുഖം തുടച്ചു,കുറച്ചുദിവസത്തേക്ക് പേനക്കുള്ള കാശ് മാറ്റിവെക്കണ്ടല്ലോ എന്ന തോന്നലാവാം! അവരുടെ മുഖത്തും, നന്ദിയുള്ള ഒരു ചിരിയുടെ മിന്നലാട്ടം.

രാത്രി

ഇത്ര സമയം കൊണ്ട് എതാണ്ട് മുഴുവൻ ഇരുട്ടായി. കരക്കടുപ്പിച്ചിട്ട വള്ളത്തിലേക്ക് കൊതുകളുടെ സംഗീതാത്മകമായ സഞ്ചാരം തുടങ്ങി,സഞ്ചാരം അല്ല,കടന്നാക്രമണം. അവിടെ നിന്നു വരുന്ന ഈ കൊതുകളെ തുരത്താന്‍ ,ഒരു ‘മൊസ്ക്കിറ്റോ റിപ്പെല്ലെന്റി’നും കഴിഞ്ഞില്ല.“സാറിനു പേടിയില്ലെങ്കി നമുക്ക് കായലിന്റെ നടുക്കോട്ടു മാറ്റിക്കെട്ടാം,അപ്പൊ ഈ കൊതുകിന്റെ ശല്യം കാണില്ല''ബോട്ട് ഡ്രൈവർ.

ഓ പിന്നെന്താ’.അങ്ങോട്ടു മാറ്റിക്കെട്ടിക്കോ എന്റെ ഭര്‍ത്താവിന്റെവക പൂര്‍ണ്ണസമ്മതം! പണ്ട് സ്വന്തം വീട്ടിൽ കൈവീശി അടിച്ചു കൊതുകിനെ കൊന്നതും, ചൊറിഞ്ഞ് ചൊറിഞ്ഞ് ചോരവന്നതും ഒക്കെ,എന്റെ മോൻ 10 വര്‍ഷത്തെ ഗള്‍ഫ് ജീവിതം കോണ്ട് മറന്നു…….ഉം. ബോട്ടുമായി ഞങ്ങൾ നടുക്കായലിൽ നങ്കൂരം ഇട്ടു. നന്നായി ഇരുട്ടിത്തുടങ്ങി. അത്താഴത്തിനുള്ള വട്ടം കൂട്ടൽ,ഞാനടുക്കളയിലേക്ക് ഒന്നു കയറി.10 മിനിട്ടുകൊണ്ട് വെന്ത കൊഞ്ച് ,തിളക്കുന്ന വെളിച്ചെണ്ണയിലേക്ക് ഉലര്‍ത്താൻ ഇട്ടു. ബോട്ടു മുഴുവന്‍ നിറഞ്ഞ മണം,ബോട്ടിന്റെ അങ്ങേത്തലക്കലിരുന്ന എല്ലാവരും തെന്നെ,ഇങ്ങെത്തി,ഡ്രൈവറടക്കം. കൊഞ്ചിന്റെ പ്ലേറ്റുമായി,ബോട്ടിന്റെ മുവശത്തുള്ള തുറന്ന സ്വീകരണ മുറിയും, ഊണുമേശയും ഉള്ള ഭാഗത്ത് ഭംഗിയായി കൊണ്ടു വെച്ചു കൂടെ,ആവശ്യത്തിനു സ്പൂണുകളും,കൈ തുടക്കാന്‍ റ്റിഷ്യു പേപ്പറും .

അത്താഴം

രാത്രി അത്താഴത്തിനുള്ള താറാവുകറിയും,അപ്പവും,ഇനി അടുത്തെ, പാചകപരിപാടി. ഇതിനിടെ ദൂരെ, വെറും റാന്തൽ വിളക്കുകൾ പോലെ എന്തൊ ഒന്നു അങ്ങു നീങ്ങിപ്പോകുന്നു,അടുക്കളയുടെ ഇറയത്തേക്കിറങ്ങി, നോക്കി .

'അതു കൊഞ്ചു കുത്തുകാരാണ്,തോമസിന്റെ വിവരണം,വെട്ടുകൊഞ്ച്! വലിയ ‘ലോബ്സ്റ്റർ ’ആണ് ഇവർ ഉദ്ദേശിക്കുന്നത്.കായലിന്റെ അരികിലൂടെ താഴ്ചകുറഞ്ഞ ചേറു നിറഞ്ഞ സ്ഥലങ്ങളിൽ ജീവിക്കുന്ന ഈ വലിയ കൊഞ്ചിനെ കൂര്‍പ്പിച്ച ശൂലം പോലെയുള്ള വടികൊണ്ട് കുത്തിപ്പിടിക്കുന്നു. ബോട്ടു ഡ്രൈവർ വിളിച്ചു”പൂ ഹൊയ്‘!ചെറിയ കൊതുമ്പുവള്ളക്കാരന്‍,അടുത്തെത്തി, “നാളെ തിരികെപോകുമ്പോ, ഉള്ള കൊഞ്ച് ഇവിടെ തരുമോ?“തലകുലുക്കി സമ്മതിച്ച അയാൾ വള്ളം തിരിച്ചു,അങ്ങു ദൂരേക്ക്.

വീണ്ടും മനംമയക്കുന്ന താറാവുകറിയുടെ മണം വന്നു തുടങ്ങി ഞാന്‍ വീണ്ടും അടുക്കളഭാഗത്തേക്ക് നീങ്ങി. നാടന്‍ മസ്സാലക്ക് ഇത്ര രുചിയും മണവും ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി,നാടന്‍ ചാറുകറി, ‘ഇതിലെന്താ മസാല?‘ എന്റെ ചോദ്യത്തിനു പതിവു മറുപടി’“ഓ നമ്മുടെ മുളകും മല്ലിപ്പൊടിയും, പിന്നെ ഇതിവിടെ കല്ലിൽ അരക്കുന്നതാ'',

'എവിടെ'? ഒരു കൈനീളമുള്ള അമ്മിക്കല്ലിൽ,കെട്ടുവള്ളത്തിനെന്റെ പടിയിൽ അമ്മിക്കല്ലു വെച്ചരച്ചെടുക്കും. രുചിയുടെ മാലപ്പടക്കം തെന്നെയാണിവിടെ,ഒന്നൊന്നിനു മെച്ചം. താറാവുകറി,നല്ല പാത്രത്തിലേക്കു മാറ്റി അതിനു അലങ്കാരമായി കൊച്ചുള്ളിയും കരിവേപ്പിലയും,നല്ല വെളിച്ചെണ്ണയിൽ കടുകുവറത്തിട്ടു. വെളിച്ചെണ്ണക്കും കരിവേപ്പിലെയുടെയും സുഗന്ധം എല്ലായിടത്തും പരന്നു. അടുത്ത പടി, ചൂടായിട്ട് ഉണ്ടാക്കുന്ന കള്ളപ്പം.

“ചേച്ചി,ഈ ഭാഗത്തേക്ക്, കിച്ചണിൽ ആരും തന്നെ വരാറില്ല“,തോമസിന്റെ  പരിഭവം നിറഞ്ഞ  വാക്കുകൾ. പിന്നെ,വരുന്ന വിരുന്നുകാരോട് അധികം അടുത്തിടപെടരുതെന്ന് ഞങ്ങള്‍ക്കൊരു താക്കീതും ഉണ്ട്, മാത്രമല്ല  എല്ലാവര്‍ക്കും  അതിഷ്ടപ്പെട്ടു എന്നു  വരില്ല.”

ഞങ്ങളുടെ ഈ ബോട്ടിലെ സന്ധ്യയും,നീങ്ങി രാത്രിയും, പെട്ടെന്നു തന്നെ വന്നോ എന്നൊരു തോന്നൽ!  ശബ്ദകോലാഹലങ്ങളുടെ ഒരു ഇല്ലായ്മ ഒരു വല്ലാത്ത നിശബ്ദതയായി നിറഞ്ഞു നിക്കുന്നു. ശബ്ദങ്ങൾ നിലച്ച ഒരവസ്ഥ. എവിടെ നോക്കിയാലും ഉദിച്ചുവരുന്ന ചന്ദ്രന്റെ വെള്ളിനിലാവിന്റെ നിറം. അങ്ങു ദൂരെ കര മാത്രം, കറുത്ത ചാമ്പൽ കൂമ്പാരങ്ങൾ പോലെ നീണ്ടു കിടക്കുന്നു. അത്താഴത്തിനുള്ള താറാവുകറിയും പാലപ്പവും,പിന്നെ നല്ല  ഇളം കരിക്ക് മുറിച്ചതും, ശര്‍ക്കരക്കഷണങ്ങളും ചേര്‍ത്തിളക്കിയ, ഒരു ഉഗ്രന്‍ നാടൻ മധുരം.

അതിരാവിലെ കാക്കയും കുരുവിയും കരയുന്ന  വെള്ളകീറിവരുന്ന ആകാശം. നോക്കെത്താത്ത ദൂരംവരെ പരന്നു കിടക്കുന്ന ചുവന്ന ആകാശം. പതിവിനു വിപരീതമായി എത്ര ശാന്തമായ ഉറക്കം. കുഞ്ഞോളങ്ങളുടെ ചാഞ്ചാട്ടത്തിൽ ഈ ബോട്ട് എന്ന തൊട്ടിലിൽ അത്യന്തം ശാന്തമായ അന്തരീക്ഷത്തിൽ സുഖ സുഷുപ്തിയിൽ ഉറങ്ങി എഴുനേറ്റതിന്റെ ഉന്മേഷം. എഴുനേലക്കുന്നതിന്റെ മുന്നോടിയായി,നല്ല ചക്കരക്കാപ്പിയുടെ  നറുമണം. തോമസിന്റെ പതിവു പല്ലവി.

“ ഇന്നത്തെ ആള്‍ക്കാര്‍ക്ക് “ഇന്‍സ്റ്റന്റ്” മതി എല്ലാം ചക്കരക്കാപ്പിയൊന്നും ആരും തന്നെ  ചോദിക്കാറില്ല” ബോട്ട് വാടകക്ക് എടുക്കുന്നതിനു മുന്‍പ് നമുക്ക് ആവശ്യമുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് കൊടുക്കാം. പിന്നെ  മിനക്കേടുകാരണം ആരും തന്നെ ഇതൊന്നും മുന്‍കൂട്ടീ യാത്രക്കാരോടു അവതരിപ്പിക്കാറില്ല. രാവിലത്തെ കാപ്പിക്ക് പുട്ടും പഴവും,താറാവിന്റെ മുട്ട പുഴുങ്ങിയതും. 8 മണിക്കെടുക്കാം. ചമ്പാവരിപ്പുട്ടു നക്കുന്ന തോമസിന്റെ കൂടെ രാവിലെ തിരിച്ചെത്തിയ ബൊട്ടിന്റെ  ഡ്രൈവർ,വള്ളപ്പടിയിരുന്നു പച്ചതേങ്ങ ചിരണ്ടുന്നു. ചുവന്ന നിറത്തിലുള്ള  പുട്ടുനുതന്നെ എന്തുനല്ല മണം. ഈസ്റ്റേണ്‍കാരന്റെ പരീക്ഷണാര്‍ത്ഥം ഇറക്കിയ ചമ്പാവരി പുട്ടുപൊടി പാക്കറ്റുകൾ ചൂടപ്പം പോലെ ഗള്‍ഫിൽ വിറ്റു തീരുന്ന കാര്യം ഇവര്‍ക്കറിയില്ലല്ലോ! കൂടെ നല്ല  കരിക്കിന്‍ വെള്ളവും, നാടന്‍  പഴവും കൂട്ടിയ ഭക്ഷണം കഴിഞ്ഞ് ഏതാണ്ട്, 9 മണിയോടെ  ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.

വിടവാങ്ങൽ

ഉച്ചയൂണിന്റെ  തിരക്കുകൾ തുടങ്ങി എന്ന് മസാലകളുടെ നറുമണത്തിൽ നിന്നു മനസ്സിലായി.വാലു മുറിക്കാതെ നീളത്തിൽ തന്നെ ചട്ടിയിൽ വെട്ടി വൃത്തിയാക്കി വെച്ചിരിക്കുന്ന 5 കഷണം കരിമീന്‍. പിന്നെ ചാര്‍പ്പായിക്കു നേരെ ചാരി വെച്ചിരിക്കുന്ന 3 വലിയ വാഴയില. കരിമീന്‍ പൊള്ളിക്കാനാണോ?എന്റെ അന്തം വിട്ട ചോദ്യത്തിനു, തൊമാച്ചേട്ടന്റെ  പ്രൗഡ്ഢഗംഭീരമായ ചിരി, ’ഇതെനിക്കു മാത്രമെ കഴുയൂ’ എന്നൊരു ധ്വനിയുള്ള ചിരി. കുത്തരിച്ചോറിന്റെ കൂടെ ഒരു തോരനും,പച്ചമൊരും,പരിപ്പുകറിയും,കൂടെ നാടൻ പപ്പടവും,പുറകെ ഈ കരിമീന്‍ പൊള്ളിച്ചതും കൂട്ടിയുള്ള  ഊണ്. ഏതാണ്ട്  രണ്ടരമണിയോടെ ഞങ്ങൾ ബോട്ടിൽ നിന്ന്  ഇറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഈ ഓളങ്ങളുടെ താരാട്ടിൽ, ഇളംകാറ്റിന്റെ തെന്നലിൽ ജീവിതവും,ദിവസവും,സമയവും  തെന്നിനീങ്ങി,സുഖസുഷുപ്തിയിൽ. എന്തൊ കൈവിട്ടു പോകുന്നപോലെ.

വീണ്ടും തിരക്കുപിടിച്ച പൊടി പടലങ്ങളുടെയും ട്രാഫിക് ജാമിന്റെ ഇടയിലിലുള്ള തിരക്കുപിടിച്ച യാന്ത്രിക ജീവിതത്തിലേക്കുള്ള മടക്കയാത്രയുടെ തുടക്കം. നഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയിൽ  തെന്നിത്തെറിച്ചു നീങ്ങുന്ന ജീവിതത്തിലേക്ക്, നിവര്‍ത്തികേടിന്റെ പര്യായമായ ജീവിതം. എങ്കിലും ഈ അവധി ദിവസങ്ങൾ  എന്നെഞ്ഞും ജീവിതത്തിൽ മറയാതെ മായതെ നില്‍ക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. യാഥാർത്ഥ്യങ്ങളുടെ ഓർമ്മകളിൽ മാത്രം ജീവിക്കാൻ  വിധിക്കപ്പെട്ട പ്രവാസം.