ഇനി ഒരു രൂപയുടെ നിക്ഷേപം പോലും കേരളത്തിലില്ല; നിലവിലെ വ്യവസായങ്ങള്‍ തുടരണമോയെന്ന് ആലോചിക്കുമെന്നും സാബു എം. ജേക്കബ്

ഇനി ഒരു രൂപയുടെ നിക്ഷേപം പോലും കേരളത്തിലില്ല; നിലവിലെ വ്യവസായങ്ങള്‍ തുടരണമോയെന്ന് ആലോചിക്കുമെന്നും സാബു എം. ജേക്കബ്

കേരളത്തിലെ വ്യവസായങ്ങള്‍ തുടരണമോയെന്ന് ആലോചിക്കുമെന്ന് കിറ്റക്സ് എം. ഡി. സാബു എം. ജേക്കബ്. രണ്ടാഴ്ചയ്ക്കുള്ളില്‍ തെലങ്കാനയിലെ നടപടികള്‍ പൂര്‍ത്തിയാകുമെന്നും സാബു പറഞ്ഞു. മുഖ്യമന്ത്രിക്ക്‌ മറുപടി പറയുന്നില്ല. രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് അതേ വേദിയില്‍ വെച്ചുതന്നെ മറുപടി പറയുമെന്നും തെലങ്കാന സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം കൊച്ചിയിലെത്തിയ സാബു എം ജേക്കബ് പറഞ്ഞു.

തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കിറ്റക്സ് ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ഒരുമാസത്തിനുള്ളില്‍ പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെലങ്കാനയില്‍ മികച്ച അവസരങ്ങളാണുള്ളത്. കേരളത്തില്‍ ഒരു രൂപ പോലും മുടക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും സാബു എം. ജേക്കബ് പറയുന്നു. തെലങ്കാനയില്‍ നിക്ഷേപം നടത്തുന്നതിന് സാഹചര്യമൊരുക്കിയ പി.വി. ശ്രീനിജന്‍ ഉള്‍പ്പടെ എറണാകുളത്തെ അഞ്ച് എംഎല്‍എമാര്‍ക്കും ചാലക്കുടി എംപിയുമാണ്. തൃക്കാക്കര എം.എല്‍.എ. പി. ടി. തോമസ്, എറണാകുളം എം.എല്‍.എ. ടി.ജെ. വിനോദ്, പെരുമ്ബാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍ എന്നിവരോടും നന്ദിയുണ്ട്. മുഖ്യമന്ത്രിക്ക് തന്റെ മനസ്സില്‍ ഒരു സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ പിണറായി വിജയന് തന്നെ ശാസിക്കാനും വഴക്ക് പറയാനും അര്‍ഹതയുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു.

കിറ്റെക്സിനെതിരെ ഉയരുന്നത് രാഷ്ട്രീയ ആരോപണങ്ങളാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് രാഷ്ട്രീയ വേദിയില്‍ തന്നെ മറുപടി പറയുമെന്നും സാബു ജേക്കബ് പറഞ്ഞു. വ്യവസായികളുടെ യോഗത്തിലേക്ക് സര്‍ക്കാര്‍ വിളിച്ചാല്‍ പങ്കെടുക്കണമെന്ന് ആലോചിച്ച്‌ തീരുമാനിക്കും. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതിന് സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ വൈകാതെ ആരംഭിക്കുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
 
കേരളം വിട്ട് തെലങ്കാനയില്‍ 3500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കിറ്റക്‌സിന്റെ ഓഹരി വിലയില്‍ വന്‍ വര്‍ധനയുണ്ടായിരുന്നു. മണിക്കൂറുകള്‍ കൊണ്ട് 19.97 ശതമാനം വര്‍ധനയാണ് കിറ്റക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരിയില്‍ ഉണ്ടായത്.

ജൂലൈ 9 വെള്ളിയാഴ്ച 117 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വില 140.85 വരെ ഉയരുകയായിരുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കാണിത്. കേരളത്തിലെ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കിറ്റക്സ് ഓഹരി വില നേരത്തെ 110 രൂപയ്ക്ക് താഴെയെത്തിയിരുന്നു.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് തെലങ്കാനയിലേക്ക് പോകുന്നതിന് മുന്‍പ് സാബു ജേക്കബ് പറഞ്ഞു. ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെ പോലെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.