കൂകിപ്പായുന്ന ഓര്‍മകള്‍: കവിത , ടോബി തലയല്‍, മസ്കറ്റ് 

കൂകിപ്പായുന്ന ഓര്‍മകള്‍: കവിത , ടോബി തലയല്‍, മസ്കറ്റ് 

പാടങ്ങള്‍ക്ക്‌ മുകളില്‍ നിവര്‍ത്തിയ പാളത്തിലൂടെ
കൂകിപ്പായുന്നു വിറകൊള്ളുന്ന ഓര്‍മകള്‍
ബാലരാമപുരം സ്റ്റോപ്പ്‌ വിട്ട്‌
തലയല്‍ ഏല കീറി മുറി ച്ച്‌
നീണ്ടുപോകുന്നു
വികസനത്തിന്റെ കൂവല്‍!

റെയില്‍വേ മുറിച്ചിട്ടോടിയൊളിച്ച
രണ്ടുസെന്റ്‌ വാലിന്റെ പിടപ്പില്‍
കാറ്റിനെ മുറുകെപ്പിടിച്ചിരിക്കുന്നു
വെയിലും മഴയും മേഞ്ഞൊരു കര്‍ഷകഭവനം!
കൊന്നത്തെങ്ങില്‍ ചാരി
തേങ്ങുന്ന ഏതോ ഒരു നാടന്‍ശീല്‌!
ഇത്തിരിമുറ്റത്ത്‌ നാണമില്ലാതെ
കുളിക്കുന്നു പിറന്നപടി ചെമ്പരത്തി
മഴ തലയില്‍ ചാറുന്ന വെള്ളം
ഇടയ്‌ക്കിടെ തോര്‍ത്തുന്നു സൂര്യന്‍
ഉത്സാഹമൊക്കെ മടക്കിയൊരു മൂലയില്‍
ചാരിയിരിക്കുന്നു പിഞ്ഞിയ കുടപോലെ വീട്‌!

ഓര്‍മയില്‍തഴച്ച വെറ്റിലയില്‍
വെയിലില്‍ നിന്നെടുത്ത
ഒരുനുള്ള്‌ ചുണ്ണാമ്പും
കാലം നുറുക്കിയ അടയ്‌ക്കയും
ചേര്‍ത്ത്‌ മുറുക്കിത്തുപ്പി
പടിക്കല്‍ ഇരിക്കാറുണ്ട്‌ സന്ധ്യ,
ആകാശത്തു വന്നു വിളിക്കാറുണ്ട്‌
കൊയ്‌ത്തിനു പോകാന്‍ അരിവാള്‍,
ചുണ്ടുകള്‍ കോട്ടിയിരിക്കാറുണ്ട്‌
കുത്തരിക്കഞ്ഞി കുടിക്കാന്‍ പ്ലാവില,
ഉരുണ്ടുപിരണ്ട്‌ നടക്കാറുണ്ട്‌
വരമ്പത്ത്‌ കൂലി അളക്കാന്‍ ഇടങ്ങഴി,
മുണ്ടും മടക്കിക്കുത്തി കയര്‍ക്കാറുണ്ട്‌
കാറുംകോളുമായി കാര്യസ്ഥന്‍...
ചീവീടും തവളയുമെങ്കിലും ഓര്‍ക്കാറുണ്ട്‌
വറ്റിപ്പോയ കൊയ്‌ത്തുപാട്ടുകള്‍
തേവിക്കളഞ്ഞ ഉത്സവനാളുകള്‍
ചേറില്‍പുതഞ്ഞ ചിരിയുടെ ഞാറുകള്‍
കതിരായ്‌ വിളഞ്ഞ വിയര്‍പ്പും വ്യഥകളും.

ടോബി തലയല്‍, മസ്കറ്റ്