കൂട്ടുവെട്ടിയ കൂട്ടുകാരി: കവിത , ഡോ. ജേക്കബ് സാംസൺ

കൂട്ടുവെട്ടിയ കൂട്ടുകാരി:  കവിത ,  ഡോ. ജേക്കബ് സാംസൺ

 

 

കൂട്ടുവെട്ടിപ്പിണങ്ങി

പ്പോയൊരെൻ

കൂട്ടുകാരിയെ കണ്ടു 

ഞാനിന്നലെ

രണ്ടുനെല്ലിക്ക 

നല്കാഞ്ഞിട്ടന്നു

തല്ലിപ്പിരിഞ്ഞൊരാ

കൂട്ടുകാരിയെ

 

കൺമുന്നിൽ കണ്ടു

ഞാൻ ഇന്നലെ

സഞ്ചിനിറയെ 

നെല്ലിക്കയുംവാങ്ങി

പിന്തിരിഞ്ഞങ്ങു

നടക്കാൻ തുടങ്ങവേ

പുഞ്ചിരിച്ചെൻ്റെ

മുന്നിലായ് നില്ക്കുന്നു

 

 കയ്പും മധുരവു

മൊന്നിച്ചു നല്കുന്ന

ബാല്ല്യകാലത്തിൻ്റെ

യോർമയുണരവേ

നല്ലൊരുചോദ്യമെൻ

 നാവിലുദിക്കുന്നു

"നെല്ലിക്ക ഇപ്പഴു

മിഷ്ടമാണല്ലയോ?"

 

ചോദ്യത്തിനുത്തരം

കിട്ടുവാൻ നിന്നില്ല

രണ്ടുനെല്ലിക്ക എണ്ണി

യെടുത്തു ഞാൻ

കണ്ണുമിഴിച്ചങ്ങു

നില്ക്കുന്ന പണ്ടത്തെ

കൂട്ടുകാരിക്ക്

കൊടുത്തുചിരിച്ചു ഞാൻ

 

"തീർന്നോ പിണക്ക"

മെന്നുള്ളൊരു ചോദ്യമെൻ 

നാവിൽ വെറുതേ 

കുരുങ്ങിക്കിടക്കവേ

ഉത്തരമായൊരു

മന്ദസ്മിതമെത്തി

പോയകാലത്തിന്റെ

ചാരുതയെന്നപോൽ