കെ പി സി സി പട്ടിക ഹൈക്കമാന്‍ഡിന് നല്‍കി; പ്രഖ്യാപനം ഇന്നുണ്ടായേക്കും

കെ പി സി സി പട്ടിക ഹൈക്കമാന്‍ഡിന് നല്‍കി; പ്രഖ്യാപനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം | ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 51 അംഗ കെ പി സി സി ഭാരവാഹികളുടെ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പട്ടികയാണ് നല്‍കിയത്. കെ പി സി സി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും.

കെപിസിസി ഭാരവാഹികളായിരുന്നവരില്‍ പത്മജ വേണുഗോപാലിനു മാത്രം ഇളവ് നല്‍കിയാണ് പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. പത്മജ നിര്‍വാഹക സമിതി അംഗമാവും. രമണി പി നായര്‍, ഫാത്തിമ റോഷ്ന എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു. പി വി സജീന്ദ്രന്‍, കെ ശിവദാസന്‍ നായര്‍, വിടി ബല്‍റാം തുടങ്ങിയവരും ഭാരവാഹികളാവും. നിര്‍വാഹക സമിതി അംഗങ്ങളടക്കം 51 പേരെന്ന നിലപാടില്‍ ഉറച്ചു നിന്നാണ് പട്ടിക. 

സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം എന്നിവ ഉറപ്പാക്കിയാണ് പട്ടിക നല്‍കിയതെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ വനിതാ പ്രതിനിധ്യം മൂന്നില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബിന്ദു കൃഷ്ണക്ക് ഇളവ് നല്‍കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. മുന്‍ ഡി സി സി പ്രസിഡന്റുമാര്‍ ഭാരവാഹികള്‍ ആകേണ്ടെന്ന മാനദണ്ഡമാണ് ബിന്ദു കൃഷ്ണക്ക് തിരിച്ചടിയായത്.

അതേസമയം, ഭാരവാഹി പട്ടികയുടെ കാര്യത്തില്‍ താനോ ഉമ്മന്‍ ചാണ്ടിയോ ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . തങ്ങളോട് ലിസ്റ്റ് ചോദിച്ചു, ലിസ്റ്റ് കൊടുത്തു. ചെന്നിത്തല വ്യക്തമാക്കി.