ടീച്ചറായി കൃഷ്‌ണേന്ദുവിന്റെ മികച്ച പ്രകടനം; 'KRISH  TALKZ' വൻ ഹിറ്റ് 

ടീച്ചറായി കൃഷ്‌ണേന്ദുവിന്റെ മികച്ച പ്രകടനം; 'KRISH  TALKZ' വൻ ഹിറ്റ് 

 

തൃശൂർ:  'KRISH  TALKZ ' ചരിത്രമെഴുതുകയാണ്, കൃഷ്‌ണേന്ദു എന്ന കോളജ് വിദ്യാർത്ഥിനിയും . താണിശ്ശേരി തരണനെല്ലൂർ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിനി കൃഷ്ണേന്ദുവിന്റെ  യു ട്യൂബ് ടീച്ചറായുള്ള പ്രകടനം യഥാർത്ഥ ടീച്ചർമാരെയും അതിശയിപ്പിക്കുന്നതാണ്. പാഠ ഭാഗങ്ങൾ വായിച്ചും ഗൂഗിൾ സെർച്ച് ചെയ്തും മറ്റും തയ്യാറാക്കുന്ന നോട്ടുകൾ കൃഷ്‌ണേന്ദു വീഡിയോയാക്കി  എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യും. ഇന്നിപ്പോൾ അരലക്ഷം   സബ്സ്ക്രൈബേഴ്സുണ്ട്  കൃഷ്ണേന്ദുവിന്റെ ചാനലിന് . കാഴ്ചക്കാരുടെ എണ്ണം ഒരു ലക്ഷം വരെ  വരും.

ചടുലതയാർന്ന  സംസാരവും ആർക്കും മനസിലാകുന്ന വിധത്തിലുള്ള സിംപിളായ അവതരണ രീതിയുമാണ് കൃഷ്ണേന്ദുവിന്റെ ക്ലാസ്സുകളെ കുട്ടികൾക്ക് പ്രിയതരമാക്കുന്നത് . കോളേജ് വിദ്യാർത്ഥിനിയെങ്കിലും വിഷയത്തെ ആഴത്തിൽ സ്പർശിച്ചു തന്നെയാണ് ക്ലാസുകൾ . പരീക്ഷക്ക് വരാൻ സാധ്യതയുള്ള പാഠഭാഗങ്ങൾ അടിവരയിട്ട്  സ്വന്തം കൈയക്ഷരത്തിലൊരുക്കിയ നോട്ടുകളും പുസ്തകത്താളുകളുടെ ദൃശ്യങ്ങളുമടങ്ങിയ വിഡിയോകൾ  കുട്ടികൾക്ക്  തങ്ങളുടെ കൂട്ടുകാരിയുടെ ക്‌ളാസുകളോട്  ഇഷ്ടം കൂട്ടുന്നു. പെട്ടെന്ന് ഓർത്തിരിക്കാൻ കുറുക്കുവഴികളും ചേർക്കും. കൂട്ടുകാരുടെ മനസ്സറിയുന്ന  ടീച്ചർക്ക് അവ രെ കൂടുതൽ മനസിലാക്കാനും സാധിക്കുന്നു. 

   ഡിഗ്രി കോഴ്സിലെ മലയാളം പേപ്പറിന്റെ പാഠങ്ങൾ ചേർത്ത വീഡിയോ ആണ് കൃഷ്ണേന്ദു ആദ്യം അപ്‌ലോഡ് ചെയ്തത്. പരീക്ഷാ സമയമായതിനാൽ ചാനലിലെ വീഡിയോകളെല്ലാം കൂട്ടുകാ‌ർ  ഷെയർ ചെയ്തതോടെ  വൈറലായി.  കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ മറ്റ് വിഷയങ്ങളും പാഠങ്ങളാക്കി  വീഡിയോകൾ ചെയ്തു .നോട്ട് തയ്യാറാക്കാനും സംശയം ക്ലിയർ ചെയ്യാനും  വൈകാതെ  കോളേജിലെ അദ്ധ്യാപകർ തന്നെ സഹായത്തിനെത്തി. ചില അദ്ധ്യാപകർ അവരുടെ ശബ്ദത്തിൽ ക്ലാസെടുത്തു. ചാനലിനെ ആശ്രയിച്ച് പഠിച്ചവരെല്ലാം പരീക്ഷകളിൽ നല്ല വിജയം നേടിയതോടെ ചാനലിന്റെ പേരിൽ ട്രോളുംഇറങ്ങി.

വീഡിയോകളിൽ ഒരിക്കൽ പോലും മുഖം കാണിക്കാതെയാണ് കൃഷ്‌ണേന്ദു താരമാകുന്നത് . ക്ലാസ് കാണുന്നവരെല്ലാം 'മിസേ' എന്ന്  വിളിച്ചാണ് തന്നെ സമീപിക്കുന്നതെന്ന് കൃഷ്ണേന്ദു പറയുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ഹിറ്റ് ആകുന്നതിലേക്ക് എത്തിച്ചത് കൃഷ്ണേന്ദുവിന്റെ ഒരു ഓഡിയോ സന്ദേശമാണ് .  സർവകലാശാല പരീക്ഷയ്ക്ക്  ദിവസങ്ങൾക്ക്  മുമ്പായിരുന്നത് . ഒരു കൂട്ടുകാരി ചോദിച്ചതു പ്രകാരം പരീക്ഷക്ക് വരാനിടയുള്ള  പാഠഭാഗങ്ങൾ കാപ്സ്യൂൾ ഓഡിയോ ആയി അയച്ചുകൊടുത്തതായിരുന്നു കൃഷ്ണേന്ദു. പരീക്ഷയുടെ തലേന്ന് മറ്റൊരു കോളേജിലെ കുട്ടി അതേ ഓഡിയോ കൃഷ്ണേന്ദുവിന്‌ അയച്ചു കൊടുത്തു .. ''ഇതിൽ പറയുന്നത് പഠിച്ചാൽ മതി.. സിമ്പിളായി പാസാകാം...''എന്നൊരു ഉപദേശവും  . കൃഷ്‌ണേന്ദു ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു.  'KRISH  TALKZ '  എന്ന എഡ്യുക്കേഷണൽ യു ട്യൂബ് ചാനലിന്  അങ്ങനെ  തുടക്കമായി . 

എടത്തിരുത്തി കുമ്പളപറമ്പിൽ തൊട്ടിപ്പുള്ളി  കൃഷ്ണപ്രസാദിന്റെയും വിനീതയുടെയും മകളാണ് കൃഷ്ണേന്ദു. യദുകൃഷ്ണ സഹോദരനാണ്. 

  2020 ഒക്ടോബറിലാണ്  കൃഷ്‌ണേന്ദു ചാനലിന് തുടക്കമിട്ടത് . ഒരു മണിക്കൂറാണ്  വീഡിയോകൾക്കായി  ചെലവഴിക്കുക .പത്ത് മിനിറ്റ് നീളുന്ന  205 വീഡിയോകൾ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . പരമാവധി കാഴ്ചക്കാർ ഒരു ലക്ഷം വരെ. വീഡിയോ ആളുകൾ കാണുന്നതിനനുസരിച്ച് ചെറിയ വരുമാനവും ലഭിക്കുന്നു .

വിദ്യാർത്ഥിനി ആയിരിക്കെ തന്നെ അദ്ധ്യാപികയാകാൻ കഴിഞ്ഞതിന്റെ ത്രിൽ കൃഷ്ണേന്ദു ശരിക്കും ആസ്വദിക്കുന്നുണ്ട്