എല്‍ഐസി ഐപിഒ വില്‍പ്പന ആരംഭിച്ചു

എല്‍ഐസി ഐപിഒ വില്‍പ്പന  ആരംഭിച്ചു

കൊച്ചി;  പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ബുധനാഴ്ച ആരംഭിച്ചു.

ഒമ്ബതുവരെ നീളുന്ന ഐപിഒയിലൂടെ, പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയുടെ 3.5 ശതമാനംവരുന്ന 22,13,74,920 ഇക്വിറ്റി ഓഹരികളാണ് വില്‍ക്കുന്നത്. അഞ്ച് ശതമാനം ഓഹരി വില്‍ക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, വിപണിയില്‍നിന്നുള്ള പ്രതികരണം അനുകൂലമല്ലാതായതോടെ വില്‍പ്പന വെട്ടിക്കുറച്ചു. രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ 74.60 ശതമാനം വിപണിവിഹിതമുള്ള എല്‍ഐസിക്ക് ആറുലക്ഷം കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്.

രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും എല്‍ഐസിയുടെ ഓഹരി വിറ്റ് നിലവില്‍ 21,000 കോടി രൂപയോളം സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 902 മുതല്‍ 949 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഓഹരികളില്‍ 50 ശതമാനം യോഗ്യരായ സ്ഥാപനനിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും ലഭ്യമാകും.

വ്യക്തിഗത റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് 15 ഓഹരികളുടെ ഒരു ലോട്ടിനും (14,235 രൂപ) പരമാവധി 14 ലോട്ടിനും (1,99,290 രൂപ) അപേക്ഷിക്കാം.