മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സര വിജയികളുടെ സമ്മാനദാനവും ഓണാഘോഷവും ഇന്ന് വൈകുന്നേരം 6

മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സര വിജയികളുടെ സമ്മാനദാനവും ഓണാഘോഷവും ഇന്ന് വൈകുന്നേരം 6


ന്യൂജേഴ്‌സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി(മഞ്ച്)യുടെ ഈ വർഷത്തെ ഓണാഘോഷം ഇന്ന്  സെപ്റ്റംബർ 11 (ശനിയാഴ്ച്ച) വൈകുന്നേരം 6 നു പാറ്റേഴ്സണിലുള്ള സെയിന്റ് ജോർജ് സീറോ മലബാർ കാത്തലിക്ക് പള്ളി ഓഡിറ്റോറിയത്തിൽ നിറഞ്ഞ പ്രൗഢിയോടെ നടക്കും. മഞ്ചിന്റെ ഓണാഘോഷത്തിന് മോടികൂട്ടാൻ കോവിഡ് ലോക്ക് ഡൗൺ കാലത്ത്  ആരംഭിച്ച മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സരത്തിലെ ജേതാക്കൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് മുഖ്യാഥിതിയായി പങ്കെടുക്കുന്ന ആംഘോഷ പരിപാടിയിൽ മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ അധ്യക്ഷത വഹിക്കും. വിഭവ സമൃദ്ധമായ ഓണ സദ്യയോടെയായിരിക്കും ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന്  ചെണ്ടമേളം, ഘോഷയാത്ര, താലപ്പൊലി, മുത്തുക്കുട എന്നിവയുടെ അകമ്പടിയുമായി മാവേലി തമ്പുരാനെ ഘോഷയാത്രയായി വേദിയിലേക്ക് ആനയിക്കും. തുടർന്ന് തിരുവാതിര, ഓണം സംബന്ധമായ നിരവധി നൃത്ത-നൃത്യ പരിപാടികൾ എന്നിവയും നടക്കും.  മഞ്ച് ഡാൻസ് ഫോർ ലൈഫ് മത്സരത്തിൽ പങ്കെടുത്തു വിജയികളായവരുടെ ഡാൻസ് പെർഫോമൻസും ഉണ്ടായിരിക്കും.

മഞ്ച് ഡാൻസ് ഫോർ ലൈഫ് ഡാൻസ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ പരാമസിൽ നിന്നുള്ള രേവ പവിത്രനും ജൂനിയർ വിഭാഗത്തിൽ ചെറിഹിൽ വൂറീസിലുള്ള സിദ്ധാർഥ് പിള്ള എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ  എൽമൂഡ്പാർക്കിലുള്ള നിമ്മി റോയി രണ്ടാം സ്ഥാനവും ബ്ലൂംഫീൽഡിലുള്ള അൻസോ ബിജോ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ ഈസ്റ്റ് ഹാനോവറിലുള്ള ചെൽസി ജോസഫിനാണ് രണ്ടാം സ്ഥാനം. ഈസ്റ്റ് ഹാനോവറിൽ നിന്നു തന്നെയുള്ള ജിസ്‌മി മാത്യുവിനാണ് മൂന്നാം സമ്മാനം.  ഇരു വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്കുള്ള  കാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും സമ്മാനിക്കും.അമേരിക്കയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ നൃത്താധ്യാപകരായ വാഷിംഗ്ടണിൽ നിന്നുള്ള ഡോ. കല ഷഹി, ന്യൂജേഴ്‌സിയിൽ നിന്നുള്ള ബിന്ധ്യ ശബരി, കേരളത്തിൽ നിന്നുള്ള പ്രമുഖ നടിയും നർത്തകിയുമായ കൃഷ്ണപ്രിയ എന്നിവരായിരുന്നു വിധി കർത്താക്കൾ.

ഫൊക്കാന ഹെൽത്ത് കാർഡിന്റെ വിതരണവും ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'നമ്മുടെ മലയാളം' എന്ന ഡിജിറ്റൽ ത്രൈമാസികയുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും. മഞ്ച് അംഗങ്ങൾക്കുള്ള ഫൊക്കാന ഹെൽത്ത് കാർഡിന്റെ വിതരണവും ചടങ്ങിൽ നടക്കും.റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ഫോക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, മഞ്ച് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ്, ഫൊക്കാന കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്,  ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, പ്രോഗ്രാം മെഗാ സ്പോൺസർ തോമസ് മൊട്ടക്കൽ,മറ്റു സ്പോൺസർമാർ  വേൾഡ് മലയാളി കൗൺസിൽ നാഷണൽ ജനറൽ സെക്രട്ടറി പിന്റോ ചാക്കോ, കെ.സി.എഫ് പ്രസിഡണ്ട് കോശി കുരുവിള തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മഞ്ച് സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള നന്ദിയും പറയും.

മഞ്ചിന്റെ ഓണാഘോഷപരിപാടിയിലും മഞ്ച് ഡാൻസ് ഫോർ ലൈഫ് സമ്മാനദാന ചടങ്ങിലും ന്യൂജേഴ്സിയിലെ എല്ലാ മലയാളികളും പന്കെടുത്ത് വിജയിപ്പിക്കണമെന്ന്   പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിൽ, ജനറൽ സെക്രെട്ടറി ഫ്രാൻസിസ് തടത്തിൽ, ട്രഷറർ ഗിരീഷ് (ഗാരി)നായർ,  വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രെട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറർ ആന്റണി കല്ലകാവുങ്കൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു