വേദികള്‍ കിട്ടിയില്ലെങ്കില്‍ നിന്ന് പോകുന്നതല്ല എന്റെ നൃത്തം : മന്‍സിയ

കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അഹിന്ദുവായ മന്‍സിയ വി.പിയെ അനുവദിക്കില്ലെന്ന ക്ഷേത്ര ഭാരവാഹികളുടെ അറിയിപ്പ് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും മന്‍സിയയെ വിലക്കിയ സംഭവം സര്‍ക്കാരിനും ക്ഷീണമുണ്ടാക്കി. മൂന്നാം വയസ്സ് മുതല്‍ നൃത്തം നെഞ്ചോട് ചേര്‍ത്തതിനും, ക്ഷേത്ര കലകള്‍ ഉപാസിച്ചതിന്റെ പേരിലും ഊരു വിലക്കപ്പെട്ട മന്‍സിയയെ പക്ഷേ, 'പുതിയ വിലക്കി'ന് തളര്‍ത്താനായില്ല. കൂടല്‍മാണിക്യത്തിലും ഗുരുവായൂരിലും വേദികള്‍ കിട്ടിയില്ലെങ്കില്‍ നിന്ന് പോകുന്നതല്ല തന്റെ നൃത്തമെന്ന് പറയുകയാണ് മന്‍സിയ.
വിലക്കിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോഴും തനിക്ക് ഭീഷണി തുടരുകയാണെന്ന് മന്‍സിയ വ്യക്തമാക്കി. കലാലോകത്ത് നിന്ന് തന്നെയാണ് തനിക്ക് ഏറ്റവും കൂടുതല്‍ എതിര്‍പ്പുള്ളതെന്നും, മിശ്രവിവാഹങ്ങള്‍ക്ക് സമൂഹത്തില്‍ നിന്നും കൂടുതല്‍ പിന്തുണ കിട്ടണമെന്നും മന്‍സിയ കോഴിക്കോട് പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ കഴിഞ്ഞ ദിവസം മഞ്ചാടിക്കുരു കൂട്ടായ്മ സംഘടിപ്പിച്ച മന്‍സിയയുടെ നൃത്തം കാണാന്‍ നിരവധി പേര് എത്തിയിരുന്നു. വിലക്കൊന്നും തന്നെ ബാധിക്കില്ലെന്ന ധൈര്യത്തോടെയാണ് മന്‍സിയയുടെ യാത്ര.
'കൂടല്‍മാണിക്യത്തിലും ഗുരുവായൂരിലും വേദികള്‍ കിട്ടിയില്ലെങ്കില്‍ നിന്നു പോകുന്നതല്ല എന്റെ നൃത്തം. വേദികളൊന്നും കിട്ടിയില്ലെങ്കിലും ദിവസവും രണ്ട് മണിക്കൂര്‍ പരിശീലനം തുടര്‍ന്ന് കൊണ്ടേയിരിക്കും. എന്റെ കലാജീവിതത്തെ അതൊന്നും ബാധിക്കില്ല. വര്‍ഷം കൂടുന്തോറും മനുഷ്യരുടെ ചിന്തകള്‍ ചുരുങ്ങുകയാണ്. ഭരതനാട്യം ഒരു മതത്തിന്റെ കുത്തകയല്ല. കേരളത്തില്‍ ക്ഷേത്രങ്ങളില്‍ മാത്രമാണ് ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്ക് വേദികളുള്ളത്. മറ്റെവിടെയും അതിനുള്ള അവസരങ്ങളില്ല', മുന്‍പ് ദി ക്യൂവിന് നല്കിയ അഭിമുഖത്തില്‍ മന്‍സിയ വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ വള്ളുവമ്ബ്രത്തു നിന്നുള്ള മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഏറെ വിവേചനം നേരിട്ട മുസ്ലിം പെണ്‍കുട്ടിയാണ്. രക്ഷിതാക്കളുടെ പിന്തുണയിലാണ് മന്‍സിയ പിടിച്ചുനിന്നത്. അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ച ശേഷം കബറടക്കം അടക്കമുള്ള ചടങ്ങുകള്‍ക്ക് മന്‍സിയയുടെ കുടുംബം വിലക്ക് നേരിട്ടിരുന്നു.