മറഡോണ എന്റെ കുട്ടിക്കാലം നശിപ്പിച്ചു; ലൈംഗികാരോപണവുമായി ക്യൂബന്‍ യുവതി

മറഡോണ എന്റെ കുട്ടിക്കാലം നശിപ്പിച്ചു;  ലൈംഗികാരോപണവുമായി ക്യൂബന്‍ യുവതി

 

ഹവാന: ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ യുവതി .മാവിസ് അല്‍വാരിസ് എന്ന 37 കാരിയാണ്   ആരോപണവുമായി രംഗത്തു വന്നത്. രണ്ടു പതിറ്റാണ്ട് മുമ്ബ്, കൗമാരക്കാരിയായിരിക്കെ മറഡോണ തന്നെ ബലാല്‍സംഗം ചെയ്തതുവെന്നാണ് മാവിസിന്റെ വെളിപ്പെടുത്തല്‍.

തനിക്ക് അന്ന് 16 വയസ്സ് മാത്രമായിരുന്നു പ്രായം. തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചു എന്നും മാവിസ് കുറ്റപ്പെടുത്തി. 2001 ലായിരുന്നു സംഭവം നടന്നത്. മറഡോണയ്ക്ക് അന്ന് 40 വയസ്സായിരുന്നു. ഹവാനയിലെ ഒരു ക്ലിനിക്കില്‍ വെച്ചാണ് മറഡോണ ബലാത്സംഗം ചെയ്തതെന്നും മാവിസ് പറഞ്ഞു.

മയക്കുമരുന്നിന് അടിമയായ മറഡോണ ചികില്‍സയ്ക്കായി ക്യൂബയിലെത്തിയപ്പോഴാണ് താന്‍ താരത്തെ ആദ്യമായി കാണുന്നത്. ഹവാനയിലെ ക്ലിനിക്കിലാണ് അദ്ദേഹം കഴിഞ്ഞത്. തൊട്ടടുത്ത മുറിയില്‍ തന്റെ അമ്മ ചികില്‍സയിലുണ്ടായിരുന്നു.

മറഡോണ തന്റെ വായപൊത്തിപ്പിടിച്ചു. പിന്നെ ബലാല്‍സംഗം ചെയ്തു. അതേക്കുറിച്ച്‌ ചിന്തിക്കാന്‍ പോലുമാകുന്നില്ല. തന്റെ കുട്ടിക്കാലം അയാള്‍ അപഹരിച്ചു. ആ മാനസികാഘാതത്തില്‍ നിന്നും മുക്തി നേടാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്നും മാവിസ് അല്‍വാരിസ് പറഞ്ഞു.

ലോകഫുട്‌ബോളിലെ ഇതിഹാസതാരകമായി അറിയപ്പെടുന്ന ഡീഗോ മറഡോണ 2020 നവംബര്‍ 25 നാണ് അന്തരിച്ചത്.