മരിച്ചവരുടെ  മേൽവിലാസം (കഥകൾ) അലി പുതുപൊന്നാനി 

മരിച്ചവരുടെ   മേൽവിലാസം  (കഥകൾ)  അലി പുതുപൊന്നാനി 

 

 

പൂർവ്വസൂരികളെ പിന്തുടരാതെ അക്ഷരങ്ങളാൽ താൻ സ്വയം കൊത്തിയെടുത്ത്, ചെത്തിമിനുക്കിയ പാതയിലൂടെ സഞ്ചരിക്കുന്ന അലി പുതുപൊന്നാനിയുടെ കഥകളിൽ, മാനവികതയുടെ വിശാലമായ ഒരു ലോകമുണ്ട്. വേറിട്ട മനുഷ്യരുടെ ഗന്ധമുണ്ട്. കപ്പൽച്ഛേദം സ്വപ്നം കണ്ടുണരുന്ന  യാത്രികരുടെ അന്വേഷണങ്ങളുണ്ട്.  മരുഭൂമിയിലെ പൂച്ചയും കടൽക്കാക്കയും ചിത്രശലഭങ്ങളും ഹൈദ്രുവും മാക്കുണ്ണിയും ആൻ ഫ്രാങ്കും മിസ്റ്റർ ബീനുമുണ്ട്. പാരമ്പര്യങ്ങളേയും അനുഷ്ഠാനങ്ങളേയും ചേർത്ത് പിടിക്കുന്ന ജീവിത പരിസരങ്ങളുണ്ട്. അവരുടെ ആകുലതകളും സന്തോഷങ്ങളുമുണ്ട്. അവയ്ക്കെല്ലാമുപരിയായി പ്രകൃതിയുടെ വിവിധ ഭാവങ്ങളുടെ നിറവായി, നിലാവും പുഴയും കാറ്റും കടലും പുക്കളുമുണ്ട്.

പച്ചമനുഷ്യരിലേയ്ക്കുള്ള അനവധി വഴികളുടെ എത്തിച്ചേരലാണ് മരിച്ചവരുടെ മേൽവിലാസം എന്ന കഥാസമാഹാരം. 

പഴമയുടെ പെരുമയിൽ ഊറ്റം കൊണ്ട് നീണ്ടു കിടക്കുന്ന സൂഖിന് മുമ്പിലയാൾ ഒരു നിമിഷം നിവർന്നു നിൽക്കും. സൂഖ്, ലോകത്തിൻ്റെ സുഗന്ധപ്പുര. കാഴ്ചയുടെ സകല നിയന്ത്രണങ്ങളും ഭേദിച്ച് ദൃഷ്ടികളാൽ പരതും. മൂക്ക് മുഴുവൻ വിടർത്തി ഗന്ധങ്ങളിലെറിയും. മബ്ഹറകളിൽ നിന്നുയരുന്ന ബുഹൂറിൻ്റെയും കുന്തിരിക്കത്തിൻ്റെയും ഊദിൻ്റെയും ചന്ദനത്തിൻ്റെയും വേർത്തിരിച്ചെടുക്കാനാകാത്ത അനേകം ഗ്രാമ്യ ഗന്ധങ്ങളിലലിഞ്ഞ് മായാപ്രപഞ്ചത്തിലെന്ന പോലെ സ്വയം നഷ്ടപ്പെട്ട് രണ്ടാമൂഴം. ഈ നടത്തത്തിലാണയാൾ ഗന്ധം രേഖപ്പെടുത്തുക. തൻ്റെ ഗ്രന്ഥികളിൽ സുഗന്ധം പേറി നടക്കുന്ന കസ്തൂരി മാനിനെ പോലെയാണ് ഈ കഥയിലെ നായകനും. താൻ അന്വേഷിച്ചു നടക്കുന്ന ഏറ്റവും അമൂല്യമായ ആ ഗന്ധം തൻ്റെ ഉള്ളിൽ തന്നെയാണെന്ന് അയാൾ തിരിച്ചറിയുമ്പേഴേക്കും, ഒരു ജീവിതം മുഴുവൻ താണ്ടിക്കഴിഞ്ഞിരിക്കും. മറ്റൊരു തരത്തിൽ മനുഷ്യജീവിതത്തെ കുറിച്ചുള്ള ഒരു പഠനം കൂടിയാവുന്നുണ്ട് 'ഗന്ധം രേഖപ്പെടുത്തുന്ന വിധം ' എന്ന കഥ. 

"ഒരൊറ്റ വെടിയുണ്ട കൊണ്ട് ഒരു ജനതയെ എന്നേക്കുമായി വധിക്കാൻ ഹിറ്റ്ലറിനോ മസ്സോള നിക്കോ സാധിച്ചിട്ടില്ല ഫാസിസ്റ്റുകളിൽ ഒന്നാമൻ ഗോഡ്സയാണെന്നതിന് മറ്റൊരു കാരണം ചികയേണ്ട." എന്ന് പ്രസംഗിക്കുന്ന അരവിന്ദൻ മാഷിൻ്റെ കഥയാണ് ചുങ്കക്കാരൻ്റെ തെരുവ്. 

ജീവിക്കാൻ വേണ്ടി എഴുതുകയും എഴുത്തുകൊണ്ട് മരിക്കുന്നതിൽ രസം കണ്ടെത്തുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് അരവിന്ദൻ മാഷ്. മഴയും ഇരുട്ടും വെളിച്ചവും ഭയവും ഇഴചേർത്ത ഭാഷ കൊണ്ട് നിരവധി ചിത്രങ്ങൾ വരച്ചിടുന്ന അസാധാരണ കഥ. 

മനുഷ്യരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്ത, കടപ്പാടിൻ്റെ കണക്കുകളില്ലാത്ത മനുഷ്യരുടെ വർത്തമാന ജീവിതം കൂടി ഈ കഥ പറഞ്ഞു പോകുന്നു. 

കടലിനൊരു സ്വഭാവമുണ്ട്. സൂക്ഷിക്കാനേൽപ്പിച്ചതെല്ലാം അത് തിരിച്ചെടുക്കും.പ്രതിരോധത്തിൻ്റെ ഏത് നെടുങ്കൻ കോട്ടയും ഉപ്പുരസത്താൽ അടയാളപ്പെടുത്തി പതുക്കെ അപ്രത്യക്ഷമാക്കും. മനുഷ്യജീവിതവും ഇങ്ങനെയൊക്കെ തന്നെയാണ്. ക്ഷണികമാണത്, ഒന്നും സ്ഥായിയായ അവസ്ഥയിൽ തുടരുന്നില്ലായെന്ന് പ്രകൃതിയിലൂടെ മനുഷ്യരെ കുറിച്ച് പറയുന്ന കഥയാണ് 'കാറ്റ് പറഞ്ഞ കഥ' പൂന്തോട്ടവും പൂക്കളും വണ്ടുകളും പക്ഷികളും കാറ്റും മനുഷ്യരെ പോലെ സംസാരിക്കും ഈ കഥയിൽ. മാനവിക സൗന്ദര്യമുള്ള ഈ കഥയൊരു നനുത്ത ഇളം കാറ്റായി നമ്മെ തഴുകി തലോടി കടന്നു പോകുന്നുണ്ട് വായനയിൽ. 

പിളർന്നു വീഴാൻ തുടങ്ങുന്ന ദേഹം ചീകുന്നതിനിടയിലും കാലം കൊണ്ട് തടിയിലേക്കെടുക്കുകയായിരുന്നു കുമാരേട്ടൻ. അന്നേരം മരമൊന്നിളകി. അതോ അവളോ. കാഴ്ചയുടെ ബീഭത്സതയിൽ കരുതൽ കൈവിട്ട നൊടിനേരം. വലിയ ശബ്ദത്തിൽ അതെന്നെ നെടുകെ മുറിച്ചു' തീപ്പൊരി ചിതറിയ പാതിവാളുമായി സുബ്രുവശത്തേക്ക് തെറിച്ചതും മുകളിലേക്കാഞ്ഞു വലിച്ച്, നില കിട്ടാതെ കുമാരേട്ടൻ നിപതിച്ചതും ഒരേ നിമിഷം.

ഒരു ഈർച്ചവാൾ തൻ്റെ ജീവിതത്തേയും കുമാരേട്ടനെന്ന യജമാനനേയും  കുറിച്ച് പറയുന്ന കഥയാണ് ഈർച്ച. 

ഈർച്ചവാൾ പറയുന്നു: ഇരുമ്പുപട്ടയ്ക്ക് ഏറ്റവും നല്ലത് ഈർച്ചവാളാവുകയാണ്.ഒരു പക്ഷേ മനുഷ്യക്കരടക്കമുള്ള ജന്തുവർഗ്ഗങ്ങളെ മാറ്റി നിറുത്തിയാൽ ഇത്രയധികം ഭോഗ സുഖം അനുഭവിക്കുന്നവർ വേറെയുണ്ടാകുമോ. ഓരോ ഭോഗവും പുതുദേഹത്തെ, മൂർച്ഛയുടെ പാരമ്യതയിൽ ഇണയെ ചീകിച്ചീകിയെടുക്കാനുള്ള തൃഷ്ണ, കൈവരുമ്പോഴുള്ള കുതറിപ്പാച്ചിൽ. ഓരോ പൊളിച്ചെടുക്കലിലും എനിക്കവ....

മികവുറ്റ ഭാഷയിൽ, ശില്പഭംഗിയോടെ കൊത്തിയൊടുത്ത കഥയാണ് ഈർച്ച. മലയാള ചെറുകഥകളുടെ ഏറ്റവും ശക്തമായ പിൻതുടർച്ചയുടെ  ഒരു തലം ഈ കഥയിലുണ്ട്. 

 

മരങ്ങളുടെ കടൽ എന്ന കഥ ഭാഷയെ കവിത പോലെ കുറുക്കിയെഴുതിയ കഥയാണ്.

പുലർച്ച. 

കണ്ണീരോടെ ചുരുട്ടുകാക്ക 

കടലിലേക്കൊരു വലയെറിഞ്ഞു.

വലയിൽ

പാതിയുടലുമായൊരു

മത്സ്യകന്യക

ദേഹം വെന്ത നായ

ചിറകു കത്തിയ പറവ

കത്തിയമർന്ന കാട്:

ചത്തു മലച്ച കടൽ

ചുര മാന്തുന്ന ജീവായി

ഉടുതുണിയുരിഞ്ഞെറിഞ്ഞ്

ചുരുട്ടുകാക്ക

വലയിലേക്ക് നൂണ്ട്

കടലിലേക്കുരുണ്ടു. 

 

'ശ്മശാനങ്ങളിലെ ചിത്രശലഭം'

ഒന്നു നിലവിളിക്കാൻ കഴിഞ്ഞുരുന്നെങ്കിൽ എന്ന വരിയിൽ തുടങ്ങുന്നു ഈ കഥ. ഇവിടെ ദുബൈയിൽ എല്ലാറ്റിനും സൗകര്യമുണ്ട്, എല്ലാറ്റിനും. നെടുകെ പിളർത്തിപ്പോകുന്ന അനുഭവങ്ങളിൽ ആർത്തലറാൻ മാത്രം ഒരിടമില്ല. നഗരങ്ങളിൽ യാചക നിരോധനം പോലെ കരയാനും അനുമതിയില്ലേയെന്ന് ആത്മഗതപ്പെടുന്ന ഈ കഥയിലെ നായകൻ, മനുഷ്യജീവിതത്തിൽ അപ്രതീക്ഷിതമായി വന്നു ചേരുന്ന ആകസ്മികതകളെ അടയാളപ്പെടുത്തുന്നു. 

പ്രവാസത്തിൽ ഒറ്റപ്പെടുന്നവരുടെ ഭ്രാന്തമായ ജീവിതത്തിൻ്റെ നൈരന്തര്യത്തെ രേഖപ്പെടുത്തുന്നു മരുഭൂമിയിലെ പൂച്ച എന്ന കഥ. മരുഭൂമിയിൽ വന്യമായ ജീവിതം ജീവിക്കുന്ന ഒരാളിലേയ്ക്ക് നാടിൻ്റെ ഗൃഹാതുരതയിൽ നിന്നും ഒരാൾ കടന്നു വരുമ്പോൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും നിലനിൽപ്പിനായുള്ള അയാളുടെ പ്രതിപ്രവർത്തനങ്ങളും വിഷയമാകുന്നു. തന്നെയും കാത്തിരിക്കുന്നത് ഇതേ വിധി തന്നെയെന്ന് വന്നവനും തിരിച്ചറിയുന്നുണ്ട്. എങ്കിലും ജീവിച്ചിരിക്കുക എന്നത് തന്നെയാണ് പോരാട്ടത്തിന് ശക്തി പകരുന്നത്. ഈ കഥയുടെ നിർണ്ണായക വഴിത്തിരിവ് മരുഭൂമിയിലെ പൂച്ചതന്നെയാകുന്നു. 

ആൻ ഫ്രാങ്കും മിസ്റ്റർ ബീനും സ്മാർട്ട് ജീവിതത്തിലെ ഏറ്റവും പുതിയ വഴിത്തിരുവുകളെ

ഒരമ്മയുടേയും മകളുടേയും കഥാപരിസരത്തിലൂടെ എഴുതിയിയ കഥയാണ്. ഒറ്റപ്പെടുന്നവരുടെ ജീവിതത്തിൽ ആശ്വാസമാകാൻ ഒരു ചിരിയോ അല്ലെങ്കിൽ വെറുമൊരു മൂളലോ മതിയാകും. ആരെന്നോ എന്തെന്നോ അറിയാത്ത മനുഷ്യരും ചിലരുടെയൊക്കെ സങ്കടങ്ങളെ തൂത്തെറിഞ്ഞ് ചിരിപടർത്തുന്നുണ്ട്. വർത്തമാനകാലം ആവശ്യപ്പെടുന്ന ജീവിത മാറ്റങ്ങളാണ് ഈ കഥ പറയുന്ന കാര്യങ്ങൾ. 

നർമ്മത്തിന്റെ മേമ്പൊടി കഥയെ മനോഹരമാക്കുന്നു. 

എല്ലാ പ്രാർത്ഥനകളിലും ദൈവത്തിനോട് നന്ദി പറയുകയും സഹായമഭ്യർത്ഥിക്കുകയും ചെയ്തു. ഇടയ്ക്കിടെ തുകൽ സഞ്ചിയെടുത്ത് പണിയായുധങ്ങളുടെ മൂർച്ച, പെരും വിരലിനാൽ പരിശോധിച്ചു. ഇളം കുരുന്നാണ് ഒരു പിഴവുമുണ്ടാകാൻ പാടില്ലാ എല്ലാം നൊടിയിടയിൽ കഴിയണം. എന്നിങ്ങനെ ചേലാകർമ്മത്തിന് മുമ്പ്‌

ഒരു പാവപ്പെട്ട ഒസ്സാൻ മനസ്സിൽ അനുഭവിക്കുന്ന ആകുലതകളും, പുരോഗമന ജീവിത സാഹചര്യത്തിൽ അയാൾ നിഷ്ക്കരുണം അവഗണിക്കപ്പെടുകയും ചെയ്യുന്ന കഥയാണ് ചേലാകർമ്മം. എന്നാൽ തന്നെ അവഗണിച്ചവരുടെ മുന്നിൽ ഒരു ചെറുപുഞ്ചിരിയായി പരിണമിക്കാൻ അയാൾക്കും ഭാര്യ ജമീലയ്ക്കും കഴിയുന്നിടത്താണ് ചേലാകർമ്മം ഒരു ഉഗ്രൻ കഥയായി തിളങ്ങുന്നത്. പറയാൻ ഏറെ വിഷമമുള്ള പലരും പറയാൻ മടിക്കുന്ന ഒരു വിഷയത്തെ കഥയുടെ മൂശയിലിട്ട് വിളക്കിയെടുത്ത് മൂർച്ച കുട്ടിയെന്നതാണ് ഈ കഥ പരത്തുന്ന പ്രകാശം. 

സഖാവ്, പ്രവാസി, നാട്ടിലേക്ക് തിരിച്ചെത്തി,  വീണ്ടും പാർട്ടിക്കാരുമായി സമരസപ്പെടാനുള്ള ശ്രമങ്ങൾ. നഷ്ടപ്പെടുന്ന മാനവികതയ്ക്കും മുകളിലാണ് ലഭിക്കാനുള്ള പ്രലോഭനങ്ങൾ എന്ന തിരിച്ചറിവ് മണൽ എന്ന കഥ. എന്നാൽ എല്ലാ ലാഭക്കണക്കുകൾക്കും മുകളിലാണ് മനുഷ്യത്വമെന്ന തിരിച്ചറിവിൽ തീപ്പെട്ടിയിൽ നിന്നും തീ പടർത്തി പഴയ സഖാവിലേക്കും പ്രവാസത്തിലേക്കും അയാൾ പുഴ നീന്തിക്കടക്കുന്നു. അതല്ലാതെയിരിക്കാൻ അയാൾ പഠിച്ച അനുഭവങ്ങൾ അനുവദിക്കുന്നില്ല. 

മാക്കുവും ഐദ്രുവും എന്ന രണ്ട് ഗ്രാമീണ പ്രേതങ്ങളുടെ പരിഭ്രാന്തിയിലൂടെ, ആവശ്യക്കാരെ ഉണ്ടാക്കിയെടുക്കുന്ന ആഗോള ആയുധക്കച്ചവടത്തിൻ്റെ വർത്തമാനകാലവും രാഷ്ട്രീയ കൊലപാതകങ്ങളും വിഷയീഭവിക്കുന്ന കഥയാണ് മാക്കുവും ഐദ്രുവും. 

മനുഷ്യരിലേക്കുള്ള വഴികൾ എന്ന കഥ, പ്രവാസ കഥകളിൽ ഇതുവരെ ചർച്ച ചെയ്യാത്ത ഒരു വ്യത്യസ്ത പ്രമേയമാണ്. അറബിയും അയാളുടെ മലബാറിയായ ജോലിക്കാരനും തമ്മിലുള്ള ആത്മ സംഘർഷങ്ങളുടെ കഥയാണത്. പ്രവാസം മതിയാക്കി പോയ ഒരാളെ കാലങ്ങൾക്ക് ശേഷം അയാളുടെ അറബാബ് തിരിച്ചുവിളിക്കുന്നത്, അന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാര്യത്തിനാണ്. മാറിയ ദുബായ് നഗരത്തിൻ്റെ അന്താളിപ്പിൽ വന്നിറങ്ങുന്ന അയാളെ നേരിടുന്നത് വലിയ പരീക്ഷണങ്ങളാണ്. എന്നിട്ടും അയാൾക്കും അറബാബിനും ഖോർഫുക്കാൻ കടലിൽ മുങ്ങിത്താണ് പൊട്ടിച്ചിരിക്കാൻ കഴിയുന്നത് കഥയെഴുതിയ അലി പുതുപൊന്നാനിയുടെ എഴുത്തു വൈഭവം ഒന്നുകൊണ്ട് മാത്രമാണ്.

പരലോകത്തെ മോക്ഷത്തിനേക്കാൾ എത്തരം മഹത്വമുള്ളതാണ് സ്വന്തം മനസാക്ഷിയോടുള്ള സത്യസന്ധതയെന്ന് മനുഷ്യരിലേക്കുള്ള വഴികൾ എന്ന കഥ വെളിപ്പെടുത്തുന്നു. 

ഗതി മാറിയൊഴുകുന്ന പുഴ മനസ്സിൻ്റെ താളം തെറ്റിയ ഒരു പ്രപഞ്ച സ്നേഹിയുടെ കഥയാണ്.

പുഴയെ പോലെ ചിലരുടെ മനസ്സും ചിലപ്പോഴൊക്കെ വഴിവിട്ട്, പിടിവിട്ട് ഗതി മാറി ഒഴുകും. ശാന്തമായൊഴുകുന്നൊരു പുഴ പോലെ അറിവിൻ്റെ എക്കൽ മണ്ണ്, തൊടുന്ന കരകൾക്കെല്ലാം നൽകിയ സൗമ്യത ഏത് ചുഴിയിൽ നിന്നാണ് ഗതിമാറ്റത്തിലേക്കുള്ള ഒഴുക്കാരംഭിച്ചതെന്ന് ആർക്കും കണ്ടെത്താനാവില്ല.

വിധേയത്വത്തിൻ്റെ ഇറച്ചിയാണ് വേണ്ടത് എല്ലാവർക്കും. ചവയ്ക്കലിൻ്റെ തുടർച്ചയെ അലോസരപ്പെടുത്തുന്ന എല്ലുകൾ, പ്രത്യേകിച്ചും നട്ടെല്ലുകൾ ആർക്കും ഇഷ്ടപ്പെടാൻ വഴിയില്ല എന്ന

കറുത്ത സത്യം ഈ കഥയുടെ ആകെത്തുകയെ പ്രതിനിധീകരിക്കുന്നുണ്ട്. 

 

കബറുകൾ വെട്ടുന്ന കുഞ്ഞാക്കയുടെ കഥയാണ്, കടൽകാക്ക.

കടലും കബറും വല്ലാത്തൊരു ലോകമാണ് സിദ്ധ്യേ അതറിയാണ്ട് ജീവിച്ചിട്ട് എന്ത് കാര്യാ ഉള്ളത് മോളില് നോക്കുമ്പോ രണ്ടും ശാന്തം. അടീല് കെടക്ക്ണോരുടെ വിധി എന്താണെന്ന് പടച്ചോനറിയാം ന്നാലും അതങ്ങട്ട് വിടാൻ മനസ്സ് വര്ണല്ല. രണ്ടിലും കളങ്കല്ലല്ലോ സിദ്ധ്യേ എന്ന് പറയുന്ന കുഞ്ഞാക്കയുടെ കഥ. പുറംകടലിൽ സ്രാവിനെ പിടിക്കുന്ന ധീരനായ കുഞ്ഞാക്ക എങ്ങനെ കബറുവെട്ടുകാരായെന്ന് കഥാകാരൻ ഗ്രാമ്യഭാഷയിലൂടെ പറഞ്ഞു പോകുമ്പോൾ, ഒരു ഒരു കടലോളം തിരകൾ കൂടി വായനയിലേക്ക് അടിച്ച് കയറും. തിരിച്ചു പോകുന്ന തിരകൾ കുഞ്ഞാക്കയുടെ കാൽപ്പാദങ്ങളിലെ മണ്ണും കൂടിയാണ് ഇളക്കി കൊണ്ടു പോകുന്നത്. 

132 പേജുള്ള ഈ പുസ്തകത്തിൽ പതിനാല് കഥകളുണ്ട്. കഥാകാരി ഷീല ടോമിയാണ് അവതാരിക എഴുതിയിരിക്കുന്നത്. താഹ നസീറിന്റെ ഉഗ്രൻ കവർ ചിത്രവുമുണ്ട്.

ലോഗോസ് ആണ് പ്രസാധകർ.

 

രമേഷ് പെരുമ്പിലാവ്