മെര്‍ലിന്‍ മണ്‍റോയുടെ പെയിന്‌റിങ് വിറ്റത് 1500 കോടി രൂപയ്ക്ക്...!

മെര്‍ലിന്‍ മണ്‍റോയുടെ പെയിന്‌റിങ് വിറ്റത് 1500 കോടി രൂപയ്ക്ക്...!

 

ചിത്രകാരനായ ആന്‍ഡി വാര്‍ഹോള്‍ വരച്ച മെര്‍ലിന്‍ മണ്‍റോയുടെ പെയ്‌ന്‌റിങ് 1500 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു.

ഷോട്ട് സേജ് ബ്ലൂ മെര്‍ലിന്‍ എന്നു പേരുള്ള ചിത്രം 1964ലാണു വാര്‍ഹോള്‍ വരച്ചത്. മെര്‍ലിന്‍ മണ്‍റോയുടെ പ്രശസ്തമായ ഒരു മുഖചിത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു പെയ്‌ന്‌റിങ്.

മെര്‍ലിന്‍ മണ്‍റോ അഭിനയിച്ച 1953ല്‍ പുറത്തിറങ്ങിയ നയാഗ്ര എന്ന ചിത്രത്തിനു വേണ്ടിയെടുത്തതാണ് ഈ ഫോട്ടോ. ഒരിക്കല്‍ വാര്‍ഹോളിന്റെ ചിത്രപ്രദര്‍ശന ശാലയില്‍ എത്തിയ ഒരു സ്ത്രീ തോക്കെടുത്തു വെടിവയ്ക്കുകയും മെര്‍ലിന്റെ മറ്റു നാലു പെയ്‌ന്‌റിങ്ങുകള്‍ നശിക്കുകയും ചെയ്തു. എന്നാല്‍ ഈ പെയ്‌ന്‌റിങ്ങിനു മാത്രം കുഴപ്പമൊന്നുമുണ്ടായില്ല. അങ്ങനെയാണ് ഷോട്ട് സേജ് ബ്ലൂ മെര്‍ലിന്‍ എന്ന പേര് പെയ്‌ന്‌റിങ്ങിനു ലഭിച്ചത്.

ഇരുപതാം നൂറ്റാണ്ടില്‍ തയാറാക്കപ്പെട്ട ഒരു കലാസൃഷ്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ വിലയാണു മെര്‍ലിന്റെ പെയ്‌ന്‌റിങ്ങിനു ലഭിച്ചതെന്നു നിരീക്ഷകര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ വില ലഭിച്ച അമേരിക്കന്‍ കലാസൃഷ്ടി എന്ന ബഹുമതിയും ഈ പെയ്‌ന്‌റിങ്ങിനു ലഭിച്ചു. ന്യൂയോര്‍ക്കിലെ പ്രശസ്ത ലേലസ്ഥാപനമായ ക്രിസ്റ്റീസാണ് പെയിന്‌റിങ്ങിന്റെ ലേലം നടത്തിയത്. 20 കോടി യുഎസ് ഡോളറാണ് ഇതിനു വില നിശ്ചയിച്ചിരുന്നത്. ഏതാണ്ട് ഇതിനടുത്തുതന്നെ വില ലഭിക്കുകയും ചെയ്തു. വളരെ അപൂര്‍വവും സങ്കീര്‍ണവുമായ കലാസൃഷ്ടിയെന്നാണ് ക്രിസ്റ്റീസ് പെയ്‌ന്‌റിങ്ങിനെ വിശേഷിപ്പിച്ചത്.

1982ല്‍ ജീന്‍ മൈക്കല്‍ ബാസ്‌ക്വിയാറ്റ് വരച്ച ഒരു പെയ്‌ന്‌റിങ്ങായിരുന്നു ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ മൂല്യം ലഭിച്ച അമേരിക്കന്‍ പെയ്‌ന്‌റിങ്. 11 കോടി യുഎസ് ഡോളറായിരുന്നു ആ പെയ്‌ന്‌റിങ്ങിനു ലഭിച്ചത്. 

മെര്‍ലിന്റെ പെയ്‌ന്‌റിങ് വിറ്റതിലൂടെ ലഭിച്ച തുക സ്വിറ്റ്‌സര്‍ലന്‍ഡിലെ തോമസ് ആന്‍ഡ് ഡോറിസ് അമ്മാന്‍ ഫൗണ്ടേഷന്‍ സൂറിച്ച്‌ എന്ന സംഘടനയ്ക്കു കൈമാറും.