മയിൽപ്പീലികൾ ചാമരം വീശുമ്പോൾ : ബുക് റിവ്യൂ; അജയ് നാരായണൻ

മയിൽപ്പീലികൾ ചാമരം വീശുമ്പോൾ : ബുക് റിവ്യൂ; അജയ് നാരായണൻ

 

 

ർമ്മകൾക്കെപ്പോഴും നറുനിലാവിന്റെ വെണ്മയും ചന്ദനത്തിന്റെ സുഗന്ധവുമാണ്. ആ സ്മൃതികളിൽ കല്പനകൾ ചാർത്തി ചാരുപദഭംഗിയിൽ നർത്തനം ചെയ്യുന്നൊരു പെൺമയിലിന്റെ സുന്ദരരൂപമാണ് “ഓർമ്മച്ചെപ്പിലെ മയിൽപ്പീലികൾ” എന്ന കവിതാസമാഹാരത്തിനുള്ളത്.

കവിസുഹൃത്തായ ശ്രീമതി സുമിയ ശ്രീലകത്തിന്റെ അൻപതു കവിതകളാണ് ഈ പ്രഥമ കവിതാസമാഹാരത്തിൽ പീലി വിടർത്തിയാടുന്നത്.

അനുഭവങ്ങളിലൂടെയും സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെയും കാൽപനീകമായൊരു മായാലോകം വാക്കുകളാൽ മെനഞ്ഞെടുക്കുവാനുള്ള സുമിയയുടെ കഴിവ് വായിച്ചറിഞ്ഞയാളാണ് ഈ ലേഖകൻ. അതുകൊണ്ടാവാം ഓർമ്മയിലാടുന്ന മയിലിന്റെ മനോഹരചിത്രം വളരെ എളുപ്പത്തിൽ ഹൃദയത്തിൽ പതിഞ്ഞതും.

എന്താണ് മയിപ്പീലിക്കവിതകൾ ഒരു വായനക്കാരന് തരുന്നത്? കൃഷ്ണഭക്തിയും പ്രണയവും വിരഹവും മുന്നോട്ടുനിൽക്കുന്ന കാവ്യസഞ്ചാരത്തിൽ അതിനുംമേലേ തെളിഞ്ഞുകാണുന്നത് ഒരേകാകിനിയുടെ വ്യഥകളും ആത്മസംഘർഷങ്ങളുമെന്ന് ഉറപ്പിച്ചു പറയാവുന്ന വിധം ഒരുപാട് ധ്വനികളെ നിരത്തിവച്ചാണ് ഇതിലെ കവിതകൾ സഞ്ചരിക്കുന്നത്.

തീർച്ചയായും, ഈ കവിതകൾ ഭാഷയിലെ ആധുനിക കവിതാനിർവചനങ്ങളുമായി ഒത്തുപോകണമെന്നില്ല, പക്ഷേ, അവ തെളിക്കുന്ന ഒരു തീ നാളമുണ്ട്. ആ കല്പനാനാളം നെയ്ത്തിരിവെട്ടമായി വായനക്കാരനെ പ്രചോദനം കൊള്ളിക്കും എന്നതിൽ ഒരു സംശയവുമില്ല.

“ഇനിയിത്തിരി ദൂരേക്ക് യാത്രയാകാം,

ഇന്നലെയുടെ മിഴിനീർമേഘങ്ങളെ 

മനസ്സിലൊരു കൂടുകൂട്ടിയടക്കി വയ്ക്കാം!”

പ്രവാസിയുടെ മനസ്സുമായി സുമിയ നോവുകളെ നിയന്ത്രിക്കുവാൻ തുടങ്ങുന്നു. 

“അങ്ങനെയൊരു നാൾ 

എല്ലാവരെയുമുപേക്ഷിച്ചു 

ആ വീട് അപ്രത്യക്ഷമായി…

ആ അപൂർണ്ണത നൊമ്പരപ്പെടുത്തി…”.

ഒരു വീടിന്റെ ആത്മാവ് നഷ്ടപ്പെടുമ്പോൾ ജീവിതവും ബന്ധങ്ങളും അപൂർണ്ണമാവുന്നു എന്ന ദർശനം വെറുതെ വരുന്നതാവില്ല. വ്യക്ത്യധിഷ്ഠിതമായ അനുഭവങ്ങളുടെ രണ്ടവസ്ഥകളാണ് ഇവിടെ കൃത്യമായി സുമിയ വരച്ചുകാണിക്കുന്നത്.

ഒരു സമൂഹത്തിന്റെ അടിത്തറ വീടാണ്. അതുപേക്ഷിച്ചു പോകുമ്പോൾ നമ്മുടെ പ്രവാസം തുടങ്ങുന്നു. ബാക്കിയാകുന്നത് അഹം എന്ന ബോധമാണ്. അവിടെയാണ് കവിയുടെ സ്വത്വഭാവത്തിനു വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുന്നത്. അതിന്റെ അനുരണനങ്ങൾ ഈ സമാഹാരത്തിലാകമാനം കാണാം.

“നീ വീണ്ടും എന്നിലേക്ക് തന്നെ തിരികെയെത്തുന്നു” (നീ),

“ഇനിയൊരു മാത്രയെനിക്കു നിൻ മിഴികളാകണം” (നിൻ മിഴികൾ),

“നീരുവറ്റിയോരെന്റെ കല്ലോലിനിയെ കാളിന്ദിയാക്കി നീ” (വർഷമേഘം) എന്നിങ്ങനെ അനിർവ്വചനീയമായ സ്വപ്നസായൂജ്യം നേടുവാൻ യാത്ര തുടങ്ങുന്നു കവി. നീയും ഞാനും എന്ന ദ്വന്ദങ്ങളിലൂടെ ഭക്തിയും പ്രണയവും മാറിമാറി അനുഭവിക്കുന്ന കവി ദൈവീകമായ ഒരനുഭൂതിയെ അനുഭവഭേദ്യമാക്കുവാൻ നിരന്തരം ശ്രമിക്കുന്നു. 

“ഒരു ജന്മം തീരുവോളമോർമ്മകൾ തന്നുപോയ് നീയെങ്കിലും 

ആർക്കാണു തികയുക നിന്നെ ഹരേ…” എന്ന് വെളിപ്പെട്ടുവരുന്നു ഗോപികയുടെ ദുഃഖം. ആരാണിവിടെ ഗോപികയെന്ന് ആരായേണ്ടതില്ല. 

“നീയെന്നെമാത്രം ധ്യാനിക്കും 

നിന്നിൽ ഞാൻ മാത്രം തെളിയും…”, 

ഇവിടെ സകല മറകളും നീക്കി കൃഷ്ണ പ്രണയം പുറത്തേക്കൊഴുകുമ്പോൾ, “ഞാൻ സ്വന്തമാക്കും നീലമറുകിനെയും എനിക്കു നഷ്ടമായ ചുംബനങ്ങളെയും…”, (കവിത) എന്ന് സംശയമെന്യേ വിളംബരം ചെയ്യുന്നു കവി. വിപ്രലംഭത്തിൽ നിന്നും സംഭോഗ ശൃംഗാരത്തിലേക്ക് പ്രണയത്തിന്റെ പരമകാഷ്ഠയിൽ ഭക്തി രൂപപ്പെടുന്നു. ഈ കൃഷ്ണഭക്തിയാണ് സുമിയയുടെ കവിതകളുടെ മുഖമുദ്ര എന്ന് ഉറപ്പിച്ചുപറയാം. 

‘അവൻ’ ഏതെല്ലാം രൂപത്തിലാണ് കവിമനസ്സിൽ കടന്നുവരുന്നത്. കള്ളനായും വസന്തമായും മയിൽപ്പീലിത്തുണ്ടായും ഓർമ്മകളായും പല ഭാവത്തിൽ വരുന്ന കള്ളകൃഷ്ണനെ കാമിക്കാത്തവർ ആരുണ്ട്. 

സുമിയ

സുമിയയുടെ ഓർമ്മകൾ ഭക്തിയിലും പ്രണയത്തിലും മാത്രം ഒതുങ്ങുന്നില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരിയെ, പരിസ്ഥിതിയെ കരുതലോടെ കാണുന്ന കവിയെ നമുക്ക് ഇവിടെ കാണാം. ദാഹജലം തേടി വേരുകൾ യാത്ര ചെയ്യുന്നത്, തെറ്റിയ കണക്കുകളിലൂടെ സ്നേഹത്തെ അറിയുന്നത്, ഒരു തളിരിലയും കാണാതെ ഉഴലുന്ന കാട്ടുപക്ഷിയുടെ വ്യാകുലത, വേനൽവഴിയിൽ ആശ്വാസമാകുന്ന മഴ എന്നിങ്ങനെ ഉദാഹരണങ്ങൾ ഏറെയാണ്.

ഇതിനിടയിലും വേറിട്ടൊരു രാമൻ വരുന്നുണ്ട്, സരയുവിലേക്കിറങ്ങിച്ചെല്ലുന്ന രാമൻ തോറ്റുപോയവനാണ് ഏകനാണ് ഇവിടെ. കൃഷ്ണഭാവത്തിലെ നിതാന്ത പ്രണയമോ ഭക്തിയോ സായൂജ്യമോ സുമിയയുടെ രാമനിൽ കാണില്ല. നെഞ്ചിനകത്ത് കണ്ണനുള്ളപ്പോൾ ഒരു വിരൽപാടകലെയാണ് കവിയുടെ രാമൻ. 

കൃഷ്ണനെ സുമിയ വരക്കുന്നത് ആയിരം വർണ്ണങ്ങളിൽ ഒത്തിരി വിരലുകളാലെന്നു തോന്നും. ഓർമ്മയിൽ ഒരുപാട് കൃഷ്ണ കവിതകൾ പീലി വിടർത്തിയാടുന്നുണ്ട്.

“നിൻ കാലിലൊരരിയ കൃഷ്ണതുളസിക്കതിരായി വീഴാം ഞാൻ”, 

“എത്ര ജന്മങ്ങളിൽ നീയെൻ മനസ്സിലെ സ്നേഹനവനീതം കട്ടുതിന്നു…”, 

“എന്തിനു കണ്ണാ ഈ കള്ളപ്പരിഭവം

എന്നെന്നും ഞാൻ നിന്റെ സ്വന്തമല്ലേ”

എന്നിങ്ങനെ സ്വയം സമർപ്പിതമായ ഒരു ആത്മഭാവത്തിലാണ് കവി കൃഷ്ണപ്രണയത്തിൽ മയിലായി നടനം ചെയ്യുന്നത്. മറയേതുമില്ലാതെ പ്രണയം കവിതകളിൽ സായൂജ്യമാവുന്നുമുണ്ട്.

ഒന്നോർത്താൽ, ഈ മയിൽപ്പീലിക്കവിതകൾ കൃഷ്ണനോടുള്ള ഒരു സമർപ്പണമാണ്. മീരയുടെ പുനർജ്ജന്മം പോലെ അത് തെളിയുന്നു.

വായനയുടെ ഒടുക്കമാവുമ്പോൾ ആർദ്രമായൊരനുഭൂതിയിൽ അനുവാചകൻ ലയിച്ചുപോകും.

സുമിയയുടെ കവിതകൾ സഞ്ചരിക്കുന്നത് പൂർവസൂരികൾ തെളിച്ച പാതയിലൂടെയാണ്. ഒറ്റ നോട്ടത്തിൽ ആധുനിക കവിതാലോകത്തിനു പുതിയതായി ഒന്നും കാഴ്ച വയ്ക്കുന്നില്ല ഈ കവിതകൾ, എങ്കിലും ഇവയിൽ തെളിയുന്ന നറുതേൻ രുചിച്ചുനോക്കേണ്ടതാണ്. കുലീനമായൊരു ഹരിച്ചന്ദനഗന്ധം ബാക്കിവച്ചിട്ടേ ഓർമ്മയിലെ ഈ മയിൽപ്പീലിത്തുണ്ടുകൾ ഒളിപ്പിച്ച പുസ്തകത്താളുകൾ മടക്കിവയ്ക്കുവാൻ കഴിയുകയുള്ളു.

ശ്രീമതി സുമിയ ശ്രീലകത്തിനു എല്ലാവിധ ആശംസകളും നേരുന്നു. ബുക്കർമാൻ എന്ന പ്രസാധകരാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

 

ഡോ. അജയ് നാരായണൻ