മഴയിൽ തളിർത്ത മോഹം:കവിത;കാവ്യഭാസ്ക്കർ, ബ്രഹ്മമംഗലം

മഴയിൽ തളിർത്ത മോഹം:കവിത;കാവ്യഭാസ്ക്കർ, ബ്രഹ്മമംഗലം

നനുത്ത മഴയിൽ

അറിയാതെയെപ്പഴോ

അവരലിഞ്ഞുപോയി.

മഴത്തുള്ളികളവളുടെ

മുടിയിഴകളിലും

കൺപീലിത്തടങ്ങളിലും

വജ്രക്കല്ലുകളായ് 

മിന്നിത്തിളങ്ങി.

ചെറുകാറ്റുതഴുകി

യവളുടെ മുടിയിഴകളെ

താലോലിക്കുന്നു.

അവന്റെയിടതൂർന്ന

പീലിക്കുഞ്ഞുങ്ങൾ

അവളുടെ

ചൊന്നുതുടുത്ത

അധരങ്ങളെ നോക്കി

അയവിറക്കുന്നു.

തിടുക്കത്തിൽ പായും

ഹൃദയത്തുടിപ്പുകൾ.,

വിറയ്ക്കുന്ന

കൈവിരലുകളിരുവരും

പുണർന്ന്

നോക്കി...നോക്കി...

പ്രണയത്തിനൊ

ളിയമ്പെയ്യുമ്പോൾ,

നിർവൃതിയുടെ ലോകത്തവർ

ചെറുപറവകളാകുന്നു.

ആ...ഇരുളിലുമവൾ

എത്ര സുന്ദരിയാണ്!അവനും...!

മഴ മെല്ലെ തോർന്നിരിക്കുന്നു.

ബസ്സിൽ ഷട്ടറുകൾ

ഉയർന്നു.

വെളിച്ചത്തിന്റെ

വേലിയേറ്റം.

ഉതിർന്നു ചാടിയ

മോഹങ്ങളെ

മുക്കൂത്തിക്ക

ല്ലിലൊളിപ്പിച്ച്

ചെറുചിരിയോടെയവൾ

മുഖംതിരിച്ചു.

 പ്രണയം 

തുടിക്കുമവളുടെയാ..

ലോലാക്കിൽ

മുടിയിഴകൾ

പുണരുമ്പോൾ

അവനോ..

പൂത്തുതളിർത്തൊരു

വടവൃക്ഷമായ്

അവളിൽ

പ്രണയവസന്തം

ചൊരിഞ്ഞുനിന്നു.

ഒടുവിൽ,

ഒരു ചെറുചിരിയിൽ

ആളിവന്ന മോഹങ്ങൾ

മഴയുടെ കുളിരിലലിഞ്ഞു

 

കാവ്യഭാസ്ക്കർ, ബ്രഹ്മമംഗലം