മേഘദൂത്‌; കഥ, നാരായണൻ രാമൻ

മേഘദൂത്‌; കഥ, നാരായണൻ രാമൻ
തെങ്ങിന്റെ താഴെ നിന്ന്‌ ചാഞ്ഞും ചെരിഞ്ഞും മുകളിലേക്ക്‌ നോക്കി പാപ്പൂട്ടി വക ഉപദേശം.

ചേട്ടാ, ആകെ നാലെണ്ണമേ മൂത്തതൊള്ളൂ. അതിലൊരെണ്ണം ഞാങ്കൊണ്ടോവും. ബാക്കി 3.  അയിന്‌ അങ്ങേയറ്റം 75 രൂപാ വെല വരും. 50 രൂപ എനിക്ക്‌ കൂലി. ചേട്ടന്‌ മൊതലാവൂല്ല. അത്‌ താഴെ വീഴുമ്പൊ എടുത്താ പോരെ?

പാപ്പൂട്ടി എക്കണോമിക്‌സ്‌..

'ഇവിടെ ഒറ്റത്തേങ്ങയില്ലെടാ .. അതിനോ?'

പാപ്പൂട്ടി അവന്റെ M80 ക്കരികിലേക്ക്‌ പോയി. പൊതിച്ച തേങ്ങ അഞ്ചണ്ണം എടുത്തു കൊണ്ടുവന്നു.
'ഐശ്വര്യമായിട്ട്‌ ഒരു നൂറിങ്ങെട്‌. എന്നട്ട്‌ ഇതങ്ങ്‌ അടുക്കളേലോട്ട്‌ കൊട്‌. !

ചുരുക്കത്തില്‍ ഇന്നവന്‌ തെങ്ങ്‌ കേറാന്‍ മനസ്സില്ല . കയ്യിലുള്ള തേങ്ങ വിറ്റ്‌ കിട്ടുകയും വേണം. കക്ഷിയുടെ വൃത്തിയുള്ള കൈലിയും കളര്‍ ബനിയനുംചീകിയൊതുക്കിയകുരുവിക്കൂട്‌ മുടി സ്റ്റെലും തേങ്ങ്‌ കേറാന്‍ പറ്റിയതല്ല.

'ചേട്ടന്‍ കാശെട്‌ , എനിക്ക്‌ ഊട്ടീപ്പോകാനൊള്ളതാ ....'പാപ്പൂട്ടി തിരക്കുകൂട്ടി.

പുഴയരികില്‍ ഉയര്‍ന്ന തെങ്ങിന്‍തോപ്പില്‍ നാല്‌ തെങ്ങുകള്‍ തമ്മില്‍ മുളകൊണ്ട്‌ ബന്ധിച്ച്‌കവുങ്ങിന്‍ വാരികള്‍ പാകിയ താത്‌കാലിക തട്ട്‌ഒരു അനധികൃത ഷാപ്പാണ്‌. ശനി, ഞായര്‍ മാത്രമേ പ്രവര്‍ത്തിക്കൂ . പുഴക്കക്കരെയുള്ള ഗോപിയാണതിന്റെ നടത്തിപ്പുകാരന്‍.

തെങ്ങുങ്കള്ളും കപ്പയും മീന്‍ കറിയും മാത്രമാണ്‌ സപ്‌ളെ . ഒന്നോ രണ്ടോ കുപ്പി കള്ളും ഇലച്ചീന്തില്‍ കറിയുമായി തോപ്പിന്റെ അതിരില്‍ ഇരുന്ന്‌ താഴെ കുണുങ്ങിയൊഴുകുന്ന പുഴയിലും പുഴക്കക്കരെ മുകളിലേക്ക്‌ വളര്‍ന്ന മലനിരകളിലുംകണ്ണുടക്കി ഒറ്റക്കു ധ്യാനത്തിലമര്‍ന്നു ചിലരും കൂട്ടായി അര്‍മാദിക്കുന്ന യുവാക്കളും മദ്ധ്യവയസ്‌കരുമുണ്ടാവും. ഊട്ടി എന്ന പേര്‌ മരനീരിന്റെ ഉന്മാദം കവിയാക്കിയ ഒരു സഹൃദയന്റെ സംഭാവനയാണ്‌. പതിയെ ആ പേരുറച്ചു പോയി.

ഒരു നിമിഷം ഞാന്‍ പൊതിച്ച നാളികേരങ്ങള്‍ അടുക്കളപ്പടിയില്‍ വച്ച്‌ കുപ്പായമിട്ടു വന്ന്‌ സ്‌കൂട്ടി സ്റ്റാര്‍ട്ടാക്കി.

'വാടാ പാപ്പൂട്ടീ, കേറ്‌`

എന്റെ മനസ്സില്‍ കണ്ടത്‌ മരത്തില്‍ കണ്ട പാപ്പൂട്ടി ഇതിനകം M 80 ഗേറ്റിനുള്ളിലേക്ക്‌ കയറ്റി വച്ച്‌ പിന്നില്‍ കയറാന്‍ റെഡിയായിരുന്നു. ചാറ്റല്‍ മഴയുടെ നനവോടിയ നിരത്തിലൂടെ നീങ്ങിയ സ്‌കൂട്ടിയിലിരുന്ന്‌ ചന്ദ്രന്റെ വീടു കണ്ടു. അവന്റെ മകള്‍ ഇറയത്തിരുന്ന്‌ പഠിക്കുന്നു. വീടിന്റെ കോണില്‍ ഞാത്തിയിട്ട തത്തക്കൂട്‌ മെല്ലെയാടുന്നുണ്ട്‌. മുറ്റത്ത്‌കൊത്തിപ്പെറുക്കുന്നതിനിടയില്‍ തലയുയര്‍ത്തി നോക്കുന്ന കോഴികള്‍.

ചെമ്മണ്‍ നിരത്തിലൂടെ ചെറിയൊരു കയറ്റം കയറി ഊട്ടിയിലെത്തി. കാശു വാങ്ങി പോക്കറ്റിലിട്ട്‌ പാപ്പൂട്ടി വിട പറഞ്ഞ്‌ കാത്തു നിന്ന അവന്റെ കൂട്ടരോടൊപ്പമെത്താന്‍ തിരക്കിട്ട്‌ നടന്നു. ഇവിടെ വന്നിട്ട്‌ നാലഞ്ചു വര്‍ഷമെങ്കിലുമായിട്ടുണ്ടാവും. വണ്ടിയൊതുക്കി ഷെഡ്ഡിനരികിലെത്തിയതും ഗോപി പരിചയം പുതുക്കി.
'സാറിനെ കണ്ടിട്ട്‌ കുറേയായല്ലോ, ഇവിടിരിക്കുന്നോ അതോ  എറമ്പിലേക്ക്‌ പോന്നോ ?'

അവന്റെ കയ്യില്‍ നിന്നൊരു കുപ്പിയും ഗ്‌ളാസും , ഇലച്ചീന്തില്‍ ആവിപറക്കുന്ന ചെണ്ട മുറിയന്‍കപ്പയും കറിയും വാങ്ങി രണ്ടു തവണയായി അതിരി റമ്പിലെ തെങ്ങില്‍ ചുവട്ടില്‍ കൊണ്ടു വച്ച്വീണുകിടന്ന ഓലമടല്‍ വലിച്ചിട്ട്‌ ഞാനതിലിരുന്നു. ചങ്ങമ്പുഴയുടെ ഭാഷയില്‍ `വെള്ളംചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു, ചില്ലിന്‍ വെള്ളഗ്ലാസ്സില്‍ പകര്‍ന്ന്‌` ഒരു കവിള്‍ കുടിച്ചു നോക്കി. മധുരത്തോടൊപ്പം നേരീയ ഒരു ചവര്‍പ്പ്‌ തോന്നിയപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. അത്‌ കാത്തുനിന്നതു പോലെ ഗോപി പറഞ്ഞു.
`സാറ്‌ നോക്കണ്ട, ഇന്ന്‌ അതിരാവിലെ കൊച്ചപ്പന്‍ അളന്നതാ`
കൊച്ചപ്പനിപ്പോഴും ചെത്തുന്നുണ്ടോ എന്ന്‌ ഞാനത്ഭുതപ്പെട്ടു. അന്ന്‌ തന്നെ കൊഞ്ചു പോലെ വളഞ്ഞ കൊച്ചപ്പന്‌ അറുപതില്‍ കുറയില്ല.എന്തുമാവട്ടെ, എല്ലാ കുറവും നികത്താന്‍ വിരല്‍ വച്ചാലുടയുന്ന കപ്പയും, ആസനം വരെ പുകയുന്ന എരിവുള്ള ഈ മീങ്കറിയും മതി ! അസാധ്യ കോമ്പിനേഷന്‍. ഒരു കുപ്പി അടിയെത്തിയപ്പോഴേക്കും മദിപ്പിക്കുന്ന സുഗന്ധവാഹിയായ ഇളം കാറ്റു കൂടിയായപ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ. മനസ്സിന്‌ അപ്പൂപ്പന്‍ താടിയുടെ ലാഘവം. താഴെ പുഴയും അക്കരെ അടിക്കാടുകളും ഒരു മിഴിവാര്‍ന്ന ചിത്രമായി തൊട്ടരികിലേക്ക്‌ നീങ്ങിയെത്തിയതു പോലെ.
നാലഞ്ചുകൊല്ലമെങ്കിലുമായിട്ടുണ്ടാവണം. ചന്ദ്രനുമായി ഇതേ പുഴയിറമ്പിലിരുന്ന്‌ നീലാകാശത്തിന്റെ മേലാപ്പിനടിയില്‍ നീലയോ പച്ചയോ എന്ന്‌ തിട്ടമില്ലാത്ത മലനിരകളില്‍ കണ്ണുടക്കിയിരിക്കുമ്പോഴാണ്‌ അവന്റെ ചോദ്യമുയര്‍ന്നത്‌

'എടാ, ആ ഒഴുകി നടക്കുന്ന മേഘങ്ങള്‍ക്കാണോ തൊട്ടു താഴെയുള്ള മലനിരകള്‍ക്കാണോ നീലപ്പ്‌ കൂടുതല്‍?''
ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്‌. മേലേ ഒഴുകുന്ന മേഘങ്ങള്‍ക്ക്‌നിറം നീല തന്നെ. ഇളം നീലയാണെന്നേയുള്ളൂ. എന്നാല്‍ അവയെ . തൊട്ടുരുമ്മുന്ന മലനിരകള്‍ക്ക്‌ ദൂരക്കാഴ്‌ചയില്‍ പച്ചപ്പ്‌ കലര്‍ന്ന മനോഹരമായ നീലയും.

ചന്ദ്രന്‍ മലയാളം വിദ്വാന്‍ പാസ്സായതാണ്‌. മരക്കമ്പനിയിലെ ക്യൂബി കണക്കുകളില്‍ ശ്വാസം മുട്ടുന്ന അവനിലെ കവിയും സാഹിത്യോപാസകനും എന്റെ സാമീപ്യത്തില്‍ ഈ തെങ്ങിന്‍ തോപ്പിലെ കള്ളിന്‍ പുറത്ത്‌ മാത്രമാണ്‌ ഉറക്കമുണരുക. മദ്യവും ജീവിതംപ്രതീക്ഷക്കൊപ്പം ഒഴുകാത്തതിന്റെ നിരാശയും മൂലം വിഷാദച്ഛായയായിരുന്നു കുറേയായി അവന്റെ മുഖമുദ്ര. വളരെപ്പതിയെ വിഷാദ രോഗത്തിന്റെ കാണാക്കയങ്ങളിലേക്ക്‌ സ്വയം പടവുകളിറങ്ങിയ കൂട്ടുകാരനെ കൈപിടിച്ചുയര്‍ത്താന്‍ ആവത്‌ ശ്രമിച്ചതാണ്‌.

'നീ യക്ഷന്റെ കഥ കേട്ടിട്ടുണ്ടോ ?അളകാപുരിയില്‍ ഒരു തെറ്റിന്‌ ശിക്ഷയായി നാടുകടത്തപ്പെട്ട യക്ഷന്‍?. ചന്ദ്രന്റെ ചോദ്യമൊഴുകിയെത്തി.

കേട്ടിട്ടുണ്ട്‌. തിരുനല്ലൂരിന്റെമേഘസന്ദേശ വിവര്‍ത്തനത്തിന്റെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു. ചില വരികളിപ്പോഴും നാവിലുണ്ട്‌.

'അവിടെ നീ ചെന്നു കാണുമ്പൊഴോമലാള്‌
ബലിയിലേര്‌പ്പെട്ടിരിക്കുകയായിടാം.,
വിരഹദൂനമാമെന്‌ ഛായ ഭാവനാ-
സ്‌ഫുരിതമായ്‌ക്കണ്ടു ചിത്രീകരിക്കയാം.,
'പരിചിലോര്‌ക്കുമോ നീ യജമാനനെ-
യരിമയല്ലി നീ നായകന്നോമനേ?'
കളമൊഴിയുമായ്‌ക്കൂട്ടില്‌ക്കഴിയുമ-
ക്കിളിയോടീവിധം ചൊല്‌കയാണെന്നുമാം`

വിരഹിണിയായ പ്രീയതമക്ക്‌ മേഘങ്ങളെ ദൂതരാക്കി സന്ദേശമയയ്‌ക്കുന്ന ദുഃഖിതനായ യക്ഷന്‍. തന്റെ പ്രിയതമയെ ദൂതന്‍ കണ്ടുമുട്ടിയേക്കാവുന്ന രംഗം കവിഭാവനയില്‍ വിടരുകയാണ്‌.
മേഘസന്ദേശത്തെ തല കുടഞ്ഞെറിഞ്ഞ്‌ ഞാന്‍ വീണ്ടും മലനിരകളിലേക്ക്‌ കണ്ണയച്ചു. ഇപ്പോള്‍ താഴെ പുഴയും മുകളില്‍ ഗിരിശൃംഗങ്ങളും ഇളവെയിലേറ്റ്‌ തിളങ്ങുകയാണ്‌. ഒരു കൊമ്പനാനയുടെ രൂപമെടുത്ത കറുത്ത മേഘക്കൂട്ടം യക്ഷന്റെ സന്ദേശം കേള്‍ക്കുവാനെന്നോണം തുമ്പിയുയര്‍ത്തി നില്‍ക്കുന്നു.

'സാറ്‌ പോരുവാണോ?''

ചോദ്യം കേട്ട്‌ സങ്കല്‍പ്പ ലോകത്ത്‌ നിന്നു ഞാന്‍ ഞെട്ടറ്റ്‌ വീണു. പാപ്പൂട്ടിയാണ്‌. അവന്‌ നേരീയ ആട്ടമുണ്ട്‌.

ഗോപിയുടെ കണക്ക്‌ തീര്‍ത്ത്‌ പാപ്പൂട്ടിയേയും കൂട്ടി സ്‌ക്കൂട്ടിയില്‍ തിരികെ വരുമ്പോള്‍ ചന്ദ്രന്റെ വീടു കണ്ടു. അവന്റെ ഭാര്യ വരാന്തയില്‍ നിന്ന്‌ വീടിന്റെ കോണില്‍ തൂക്കിയിട്ട കൂട്ടിലെ തത്തയോടെന്തോ കിന്നാരം പറയുന്നു.

ചന്ദ്രന്റെ സന്ദേശ വാഹകര്‍ എത്തിക്കഴിഞ്ഞു !