M L റോഡിലെ പെട്ടിക്കടയും വാസുപിള്ളച്ചേട്ടനും  : ഓർമ, റോയ്‌ പഞ്ഞിക്കാരൻ

M L റോഡിലെ പെട്ടിക്കടയും വാസുപിള്ളച്ചേട്ടനും  : ഓർമ, റോയ്‌  പഞ്ഞിക്കാരൻ

 

 കുന്നും കുഴിയുമുള്ള കോട്ടയം പട്ടണo. ഒരിളം കാറ്റായി ഓർമ്മകൾ.
പട്ടണത്തിന്റെ ഒരു ഭാഗം വിശാലമായ മുട്ടമ്പലത്തെ കീറിമുറിച്ചുകൊണ്ടു ഒരു നേർത്ത രേഖ പോലെ ഒരു വഴി. M L 
Road. വളവും തിരിവും കയറ്റവും ഇറക്കവും ഒക്കെ ആയി മാർക്കറ്റ് ഭാഗത്തു നിന്നും കഞ്ഞിക്കുഴി വരെ 
അത് നീണ്ടു കിടക്കുന്നു . റോഡിനിരുവശവും  പണക്കാരും പാവപ്പെട്ടവരും.  അവിടെ വഴിയരികിലെ ഒരു കുഴിയിൽനിന്നും  നാല് തൂണുകളിൽ  റോഡിനു സമാന്തരമായി പണിതീർത്ത ഒരു പെട്ടിക്കട .  പാവപ്പെട്ടവരെയും പണക്കാരെയും ഒരു പോലെ തീറ്റിപ്പോറ്റിയ വാസുപിള്ളച്ചേട്ടന്റെ കട .  മനോനില തെറ്റിയ ഭാര്യയെയും 
മനോനില തെറ്റിയ രണ്ടു മക്കളുടെയും , സമനില തെറ്റാത്ത മൂത്ത മോളുടെയും 
ദുഃഖം  മനസ്സിലൊളിപ്പിച്ചുവെച്ചു നല്ല രീതിയിൽ അദ്ദേഹം ആ കട നടത്തി പോന്നിരുന്നു .  സന്ധ്യ ആയാൽ വളരെ തിരക്കാണ് ആ കടയുടെ മുന്നിൽ. ആവശ്യമുള്ള സാധങ്ങളുടെ ലിസ്റ്റ് എഴുതി കൊടുത്തു  അകലെ മാറി നിന്ന് നാട്ടുവർത്തമാനം പറയുന്ന ആൾക്കാരെയും കാണാം . 
അവരുടെ ഇടയിലൂടെ ഓടിക്കളിച്ച്   ഞങ്ങളും . 
ലിസ്റ്റ് പ്രകാരം എടുത്തു വെച്ച സാധനങ്ങളുടെ വില വിവര കണക്കുകൾ  അദ്ദേഹം കൂട്ടുന്നത് കേട്ടാൽ ഇന്നത്തെ കമ്പ്യൂട്ടർ പോലും നാണിച്ചു പോകും .  നിമിഷങ്ങൾക്കുള്ളിൽ , വളരെ വളരെ ഉച്ചത്തിൽ  വളരെ വേഗത്തിൽ കണക്കു കൂട്ടി കിറു കൃത്യമായി മൊത്തം തുക എഴുതി അടിയിൽ രണ്ടു വര ഇട്ടു പേപ്പർ കൈയിലേക്ക് കൊടുക്കുമ്പോൾ സ്കൂളിലെ കണക്കു സാറിന്റെ  അടി  വെറുതെ ഓർത്തു പോകും .  അദ്ദേഹത്തിന്റെ ദുഃഖം മുഴുവനും ആവാഹിച്ചെടുത്തു 
പുറത്തേക്കു തള്ളുന്ന പ്രക്രിയ കൂടി ആ കണക്കു കൂട്ടലിൽ ഉണ്ടായിരിക്കണം .  
പെട്ടെന്നൊരു ദിനത്തിൽ, അദ്ദേഹത്തിന് ഇടയ്ക്കിടെ വരുന്ന വയറുവേദന ക്യാൻസർ ആണെന്ന് 
തിരിച്ചറിഞ്ഞപ്പോൾ ഞെട്ടിയത്  നാട്ടുകാരാണ്‌ .  കോളേജിൽ പഠിക്കുന്ന നോർമൽ ആയ മൂത്ത പെൺകുട്ടിയെ കുറിച്ചുള്ള വേദനയും വേവലാതിയും മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു.  ആ കുട്ടിയുടെ വിവാഹം .   ആശുപത്രി കിടക്കയിൽ 
വെച്ച് മുറച്ചെറുക്കന് കൈപിടിച്ച് കൊടുക്കാൻ അദ്ദേഹത്തിന്  കഴിഞ്ഞു .  അന്നുതന്നെ ചക്രവാള സൂര്യനൊപ്പം ഒരു കറുത്ത പക്ഷിയായി അദ്ദേഹം മാഞ്ഞു പോയി .


റോയ്‌  പഞ്ഞിക്കാരൻ