Mothers Day ആഘോഷിക്കാത്ത തങ്കച്ചി മാത്യു

സപ്ന അനു ബി ജോർജ്
കാലഘട്ടത്തിന്റെ മാറ്റത്തിന്റെ ഭാഗമായി ഉണ്ടായതാണ്‘ ‘മദേഴ്സ് ഡെ‘.മെയ് 8’ അമ്മമാര്‍ക്കുള്ള ദിനമായി ലോകമെമ്പാടും ആഘോഷിക്കുന്നു.പൊക്കിള്‍ക്കൊടി മുറിച്ച്,ഒരു ജീവൻ ആദ്യമായി ശ്വാസം വലിക്കുമ്പോൾ ആ മാതൃഹൃദയം സായൂജ്യമടയുന്നു .ഏതൊരമ്മക്കും ഒരായുസ്സിന്റെ ചാരിതാര്‍ത്ഥ്യം നല്കാൻ വേണ്ടിയുള്ള ജീവന്റെ തുടിപ്പ്.ആ കുഞ്ഞിനുവേണ്ടി സഹിച്ചും,ക്ഷമിച്ചും,സ്നേഹിച്ചും ഒരു നല്ല മാതൃകയായി അമ്മ ജീവിക്കുന്നു. മാമൂട്ടിയും,താരാട്ടിയും,കഥ പറഞ്ഞും കൈപിടിച്ചു നടത്തിയും‘ പൊന്നെ, പൊടിയെ‘ എന്നു പറഞ്ഞും വളര്‍ത്തുന്നു. ഈ പൊക്കിള്ക്കോടിയുടെ ബന്ധമില്ലാതെയും അമ്മയാവില്ലേ? സ്നേഹവും കരുണയും കരുതലും തന്റേതല്ലാത്തഒരു കുഞ്ഞിനു വേണ്ടി തോന്നിക്കൂടെ?ഒരു വ്യക്തിത്വത്തെയല്ല, മറിച്ച് സ്ത്രീസഹജമായ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകങ്ങളായിട്ടല്ലെ അമ്മമാർ വിവരിക്കപ്പെടുന്നത് .
ഇതുപോലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് തങ്കച്ചി മാത്യു കൊല്ലം സ്വദേശിയായ തങ്കച്ചിക്ക് മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമുള്ള ഒരു മനസ്സ് ,ശീലം പണ്ടേയുണ്ടായിരുന്നു ;മിഷനറി ജോലിയിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനത്തിന്റെ ഒരു പങ്ക് നിരാലംബര്‍ക്കും,വിധവകള്ക്കുംവേണ്ടി മാറ്റി വെക്കുന്ന ഒരു മനസ്സും ശീലവും! ഈ വലിയ മനസ്സിന്റെ ഉടമ ഇന്ന് നാല്പതോളം കുഞ്ഞുങ്ങള്‍ക്ക്,പല പ്രായത്തിലും, പലജാതിയിലും ആണ്‍കുട്ടികളും പെണ്കുട്ടികളുമടക്കമുള്ളവര്ക്ക്,അമ്മയാണ്,ചേച്ചിയാണ്,സഹോദരിയാണ്, കളിക്കൂട്ടുകാരിയാണ്.
1988-ൽ ഒരു നിമിത്തം പോലെ, വെഞ്ഞാറമ്മൂട് ഒരു പൊതുയോഗത്തിൽ പങ്കെടുക്കാൻ പോയപ്പോൾ,ഒരു റബ്ബര്‍തോട്ടത്തിന്റെ ഓരം ചേര്‍ന്ന കുടിലിൽ വഴക്കടിച്ചു കരയുന്ന 5, 3 വയസ്സുമാത്രമുള്ള നിര്ധനരായരണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ പിന്നാലെ പോയ മനസ്സും ജീവിതവും!കണ്ണല്ലാത്ത ശരീരത്തിന്റെ ബാക്കി മുഴുവന്‍ ഭാഗങ്ങളിലും കൊതുകിന്റെ കടിയേറ്റും മറ്റുമുണ്ടായ ചൊറിയും വ്രണവും! മുഷിഞ്ഞു നാറുന്ന വസ്ത്രങ്ങള്‍. വിശന്നു കരഞ്ഞു കലങ്ങി പീള പിടിച്ച കണ്ണുകൾ. ആരോ ദയ തോന്നി എറിഞ്ഞു കൊടുത്ത പുഴുങ്ങിയ കപ്പക്കഷ്ണങ്ങളില്ആര്ക്ക് കൂടുതൽ കിട്ടും എന്ന വഴക്കിന്റെ അവസാന ഭാഗമായിരുന്നു,തങ്കച്ചി കേട്ട ആ കരച്ചിൽ.കുട്ടികളുടെ മാതാപിതാക്കൾ എന്നും മദ്യപിച്ച് വഴക്കടിക്കുമായിരുന്നുവത്രേ!കല്‍പ്പണിക്കാരായ അവർ രാവിലെ ജോലിക്കു പോയാല്‍പ്പിന്നെ കുഞ്ഞുങ്ങൾ വഴക്കും ബഹളവും തുടങ്ങുകയായി!
യാതൊരു പരിചയവുമില്ലാത്ത,തന്റെ ആരുമല്ലാത്ത ആ രണ്ടു കുഞ്ഞുങ്ങളെ തങ്കച്ചി കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് അവരുടെ അച്ഛ്നമ്മമാരെയേല്പിച്ചു. ജീവിതത്തിന്റെ അര്‍ത്ഥത്തെപ്പറ്റിയും കുഞ്ഞുങ്ങളോടുള്ള ഉത്തരവാദിത്വത്തെപ്പറ്റിയും ഒരു പരിധിവരെയെങ്കിലും മാതാപിതാക്കളെ ബോധവല്‍ക്കരിക്കാൻ സാധിച്ചു എന്നു ഇന്നും തങ്കച്ചി വിചാരിക്കുന്നു . സനാഥരെങ്കിലും അനാഥരായ്ക്കഴിഞ്ഞിരുന്ന ആ കുഞ്ഞുങ്ങളുടെ മുഖം പിന്നീടൊരിക്കലും കണ്ടിട്ടില്ലെങ്കിലും അവ ഇന്നും മായാതെ കിടക്കുന്നു! ഒരു ഉറച്ച തീരുമാനത്തിന്റെ മുന്നോടിയായിരുന്നു ഈ സംഭവം . ഇനിയുള്ള തന്റെ ജീവിതം, ഇതുപോലെ വഴിമുട്ടിനില്ക്കുന്ന കുഞ്ഞുങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനായി ഉഴിഞ്ഞു വയ്ക്കാന്‍ ആ മഹതി തീരുമാനിച്ചു.
തുടക്കം തന്നെ കടുത്തപരീക്ഷണമായിരുന്നു . തന്റെ ആശ്രയത്തിൽ 19 കുഞ്ഞുങ്ങൾ!വാടകയ്ക്ക് വീടു തരാൻ ആളില്ല ഉണ്ടെങ്കില്‍ത്തന്നെ,സംശയദൃഷ്ടിയോടെയുള്ള പെരുമാറ്റവും,വിശ്വാസക്കുറവും .എല്ലാറ്റിനും പുറമേ പണത്തിന്റെ ബുദ്ധിമുട്ടും.അങ്ങനെ വളരെ നാളത്തെ കഷ്ടപ്പാടുകല്ക്ക് ശേഷം1999ൽ,ഒരു വീട് കിട്ടി. 35 സെന്റ് പുരയിടത്തിന്റെ നടുക്ക് തങ്ങളുടേതായ ഒരു കൊച്ചു ആലയം ‘കരുണാലയം‘ തലചായ്ക്കാനൊരിടം; അതുകൊണ്ടുമാത്രം ജീവിതാവശ്യങ്ങൾ തീരുന്നില്ലല്ലൊ. ഭക്ഷണം,വസ്ത്രം,മരുന്ന്-പിന്നെ പ്രാഥമിക വിദ്യാഭ്യാസമെങ്കിലും കൊടുക്കണമെന്നൊരാഗ്രഹം. ഇതില്‍ഏറ്റവും പ്രധാനം ഭക്ഷണമായിരുന്നു.എന്നാൽ, അരിയായും തേങ്ങയായും,പച്ചക്കറിയായും പലരും സഹായിക്കും. അടുത്തുള്ള ചന്തയിൽ നിന്നും,മീങ്കാരുടെ വക കുറേ മീനും പച്ചക്കറികളും കിട്ടും.പല വാതിലുകളിലും മുട്ടി സഹായം ചോദിച്ചുവെങ്കിലും ദയയുടെ ഒരു കണികപോലും ലഭിക്കാതിരുന്ന അവസരത്തിൽ ദൈവദൂതരെപ്പോലെ വന്നൂ,ഒരു പള്ളിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സേവാസംഘക്കാർ.അവർ മാസം നാലുചാക്കരി കരുണാലയത്തിലെത്തിക്കും.അങ്ങനെ ഭക്ഷണമായും പുസ്തകങ്ങളായും വസ്ത്രങ്ങളായും മരുന്നുകളായും പലരും സഹായിക്കുന്നു.പേരു വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്തവരാണധികവും.
ഇന്നവിടെ 40 താല്പര്യം കുട്ടികളുണ്ട് .ഇതിൽ ബുദ്ധിവൈകല്യമുള്ളവരും വിട്ടുമാറാത്ത അസുഖങ്ങളുള്ളവരുമുണ്ട് . ഗവണ്മെന്റിന്റെ ,പലവിധ സംഘടനകളുടെ വാതിലുകളിലും സഹായമഭ്യര്‍ത്ഥിച്ചുവെങ്കിലും ആരും ഇവരെ പരിഗണിച്ചില്ല! ഇത്രയധികം കുഞ്ഞുങ്ങളെ അധിവസിപ്പിക്കാനുള്ള സ്ഥല പരിമിതിയെക്കുറിച്ചുള്ള പരിഭവമാണ് അവരുടെ നിരീക്ഷണ ‘റിപ്പോര്‍ട്ടു‘കളിൽ ഉണ്ടായിരുന്നത് ! മന്ത്രിമാരെയും,ഉദ്യോഗസ്ഥരെയും കണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ആരും സഹായ ഹസ്തം നീട്ടിയില്ല!പള്ളികളുടെയും കന്യാസ്ത്രീകളുടെയും ദയയിലും സഹായത്തിലും ഒരുവിധം ഇന്ന് മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നു.ഇതിനൊക്കെപ്പുറമേ ഈ കുഞ്ഞുങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും തുടങ്ങി വയ്ക്കണ്ടെ? അതിനവരെ സ്ക്കൂളിൽ വിടണം . പുസ്തകം വേണം,പഠിക്കാനുള്ള സൌകര്യങ്ങൾ വേണം,യൂണിഫോം വേണം.എല്ലാം ഒരുവിധത്തിൽ തരപ്പെടുത്തി.അടുത്തുള്ള ഗവ.സ്ക്കൂളിൽ കുട്ടികൾ പഠിക്കുന്നു.
പല ജാതിയിലും മതത്തിലുമുള്ള കുട്ടികളെ ഇവിടെ വളര്‍ത്തി പ്രാപ്തരാക്കാൻ തങ്കച്ചി ശ്രമിക്കുന്നു.വിവിധ സാഹചര്യത്തിൽ നിന്നും ഇവിടെ കൊണ്ടുവരപ്പെട്ടവരും,സ്വയം വന്നെത്തുന്നവരുമാണധികവും. അച്ഛനുമമ്മയും മരിച്ചവര്‍, മുത്തച്ഛനും മുത്തശ്ശിക്കും ഭാരമായിത്തീര്‍ന്നവർ,റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും കരഞ്ഞലഞ്ഞു നടക്കുന്നവർ!ആരെങ്കിലും ദയതോന്നി ‘കരുണാലയ‘ത്തിലെത്തിക്കും. ഇതിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കുറവല്ല.വേര്‍പിരിയലുകളുടെയും,നഷ്ടബോധങ്ങളുടെയും,മനസിക പിരിമുറുക്കങ്ങളുടെയും നടുവില്ക്കിടന്നുലയുന്ന ഈമനസ്സുകള്ക്ക് സാന്ത്വനത്തിന്റെ തണുപ്പേകാൻ ഇവര്‍ക്കാരും തന്നെയില്ല .എന്നാൽ, ഈ കുരുന്നുകളുടെ മുഖത്തെ ചിരിയും സന്തോഷവും കാണുമ്പോള്‍ നിമിഷ നേരത്തേയ്ക്കെങ്കിലും തങ്കച്ചിയുടെ മനസ്സിന്റെ ചാരിതാര്‍ത്ഥ്യം,നമുക്കു മനസ്സിലാക്കാം .ഏതു ജാതിയെന്നൊ ഭാഷയെന്നൊ നോക്കാറില്ല ,മനുഷ്യ ഭാഷയിൽ,സ്നേഹത്തിന്റെ ഭാഷയിൽ കുട്ടികളെ ആ അമ്മ നോക്കി വളര്‍ത്തുന്നു.
ഇവര്‍ക്കുവേണ്ടി ദയയുടെ ഒരിറ്റു കണിക നൽകാൻ നമുക്കു കഴിയില്ലേ? ആവശ്യങ്ങളുടെ പട്ടിക വളരെ വലുതാണ്. സൌകര്യപ്രദമായ താമസസ്ഥലം,ഗവണ്മെന്റ് അംഗീകൃത സ്ഥാപനമായി രജിസ്റ്റർ ചെയ്യുക, എല്ലാകുട്ടികള്‍ക്കും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സൌകര്യത്തിനുള്ള ചുറ്റുപാടുകൾ ഉണ്ടാക്കിക്കൊടുക്കുക. 18 വയസ്സാകുമ്പോൾ സ്വന്തം കാലിൽ നിന്നുകൊണ്ട് അനാഥാലയം വിട്ടുപോകണം എന്ന വ്യവസ്ഥയൊന്നും ഇവിടെയില്ല .എന്നാൽ വിട്ടുപോകുന്നവരും ,സ്വയം പര്യാപ്തതയ്ക്കു വേണ്ടി ജോലി തരപ്പെടുത്തിയെടുത്തവരും ‘കരുണാലയ‘ത്തിലുണ്ട് .പക്ഷെ ,കേന്ദ്രകേരള ഗവണ്മെന്റുകളുടെ യാതൊരു സഹായവും ഇന്നേവരെ ലഭിച്ചിട്ടില്ല. ശുപാര്‍ശയ്ക്കും അംഗീകാരത്തിനും,മന്ത്രിമാരും എം എൽ.എ മാരും ഇല്ലായെന്നുള്ളതു ഒരു വലിയ പോരായ്മ തന്നെയായിരിക്കാം.എങ്കിലും ഇല്ലായ്മകൾ പങ്കുവച്ച് ,ഒരു വലിയ കുടുംബമായി കരുണാലയം മുന്നേറുന്നു.