ചന്ദ്രിക കള്ളപ്പണക്കേസ്: എം കെ മുനീറിനെ ഇ ഡി ചോദ്യംചെയ്തു

ചന്ദ്രിക കള്ളപ്പണക്കേസ്: എം കെ മുനീറിനെ ഇ ഡി ചോദ്യംചെയ്തു

ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ട് വ‍ഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ്ലീം ലീഗ് എം എല്‍ എ, എം കെ മുനീറിനെ ഇ ഡി ചോദ്യം ചെയ്തു. കൊച്ചി ഇ ഡി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചന്ദ്രിക ദിനപ്പത്രത്തിന്‍റെ ഡയറക്ടര്‍ എന്ന നിലയിലാണ് ചോദ്യം ചെയ്തത്. ചന്ദ്രികയുടെ മറ്റ് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെയും ചോദ്യം ചെയ്യും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് എം കെ മുനീര്‍ കൊച്ചി ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.ഇ ഡി നിര്‍ദേശിച്ചതനുസരിച്ച്‌ ബാങ്ക് രേഖകള്‍ ഉള്‍പ്പടെ മുനീര്‍ ഹാജരാക്കിയിരുന്നു.

ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ട് വ‍ഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ഇ ഡി മുനീറിനെ വിശദമായി ചോദ്യം ചെയ്തു.പരസ്യ വരുമാനത്തിലൂടെ ലഭിച്ച തുകയല്ലാതെ ചന്ദ്രിക അക്കൗണ്ടില്‍ കൂടുതല്‍ തുകയെത്തിയിട്ടില്ലെന്നായിരുന്നു ഇ ഡിയ്ക്ക് മുമ്ബാകെ ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡംഗം കൂടിയായ മുനീറിന്‍റെ വിശദീകരണം.

മുനീറിന്‍റെ മൊ‍ഴി ഇ ഡി വിശദമായി പരിശോധിക്കും.ആവശ്യമെങ്കില്‍ മുനീറിനെ വീണ്ടും വിളിച്ചു വരുത്താനാണ് ഇ ഡിയുടെ തീരുമാനം.കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

ഇ ഡി ആവശ്യപ്പെട്ടതനുസരിച്ച്‌ കെ ടി ജലീല്‍ എം എല്‍ എ, ഇ ഡിക്ക് മുന്‍പാകെ രണ്ട് തവണ ഹാജരാവുകയും ചില തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തത്.

കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന് ഇ ഡി നോട്ടീസയച്ചിരുന്നെങ്കിലും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പി എം എ സമീറിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. മുനീറിനെക്കൂടാതെ മുഴുവന്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെയും ചോദ്യം ചെയ്യാനാണ് ഇ ഡി യുടെ തീരുമാനം.

നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്‍്റെ അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചുവെന്നാണ് പ്രധാന ആരോപണം.