മുത്തുക്കുടയും ശവക്കോട്ടയും പിന്നെ ഞാനും : ഓർമ, റോയ്‌ പഞ്ഞിക്കാരൻ

മുത്തുക്കുടയും ശവക്കോട്ടയും  പിന്നെ ഞാനും : ഓർമ, റോയ്‌ പഞ്ഞിക്കാരൻ

 

താഴത്തങ്ങാടി . മീനച്ചിലാറിന്റെ തീരം . പൈതൃകമുറങ്ങുന്ന മനോഹര തീരം .  അന്ന് അക്കരെ ഇക്കരെ പോകാൻ കടത്തുവള്ളം ആശ്രയം . 2 കടത്തുകടവായിരുന്നു അന്നുണ്ടായിരുന്നത്. കുമ്മനം കടത്തും മറ്റൊന്ന് ഇടക്കാട്ടുപള്ളി കടത്തും . പള്ളി കടത്തിനോട് ചേർന്നിരിക്കുന്ന ഉപ്പായി ചേട്ടന്റെ കടയിൽനിന്നും റബ്ബർ  മിട്ടായി വാങ്ങി നുണഞ്ഞു, വള്ളത്തിൽ അക്കരെയിറങ്ങി  വിശാലമായ പറമ്പുകളുടെ ഓരം ചേർന്നുള്ള ഒറ്റയടി പാതയിലൂടെ  പുല്ലിനോടും  പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം പറഞ്ഞു പറഞ്ഞു വീട്ടിലെത്തുന്ന ഒരു ബാല്യം .  

വീടണയുമ്പോൾ 'വെള്ളു' എന്ന വെളുത്ത പട്ടി വാലാട്ടിക്കൊണ്ടു ദേഹത്ത് ചാടിക്കയറുന്നതും ഒക്കെ ഓർമയിൽ .   

 ഞായറാഴ്ച പള്ളിയിൽ പോക്ക് ഒരു ശീലമായിരുന്നു . കുർബാന കഴിഞ്ഞുള്ള സൺ‌ഡേ സ്കൂളും കഴിഞ്ഞേ വീട്ടിൽ എത്താവൂ .കുർബ്ബാന  കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞേ ക്ലാസ് ഉള്ളൂ .  ഒരു ദിവസത്തിന്റെ ദൈർഘ്യം ആണ് ഒരു മണിക്കൂറിനു . നേരം  പോകാൻ ഞങ്ങൾ  പള്ളിവക ശവക്കോട്ടയിൽ കയറി നടക്കും . വെറും മണ്ണിനടിയിൽ കിടക്കുന്നവർ . ചിലർ മാർബിൾ കുഴികളിലും . ഭൂമിക്കു മുകളിലും ഭൂമിക്കു താഴെയും തുല്യത ഇല്ലാത്തവർ. നുരപൊന്തുന്ന പുഴുക്കളുടെ മുന്നിൽമാത്രം തുല്യത .

ഓരോ കുരിശിന്റെയും അടുത്തുചെന്നു അതിനു താഴെ എഴുതിവെച്ചിരിക്കുന്ന  പേരും ജനനവും മരണവും തീയതികൾ വായിക്കും . ഞങ്ങൾ ജനിക്കുന്നതിനുമുന്പേ ജനിച്ചു ജീവിച്ചു മരിച്ചവർ .   അവരെയൊന്നും കാണാൻ പറ്റിയില്ലല്ലോ എന്ന ഒരു വിഷമം  കുഞ്ഞു മനസ്സിനെ  വല്ലാതെ ഉലച്ചിരുന്നു .   എന്നെങ്കിലും മണ്ണ് മാന്തി ഭൂമിക്കടിയിൽ ചെന്ന് അവരെ വിളിച്ചുണർത്തി  സംസാരിക്കാം  എന്ന് വിചാരിക്കും . 

ചില ഞായറഴ്ചകളിൽ കുർബ്ബാന കഴിഞ്ഞാൽ ശവമടക്ക് കാണും . അന്ന് സൺ‌ഡേ സ്കൂൾ കാണില്ല . 

ശവമടക്കി തീരുന്നിടം ഞാൻ അവിടെ തന്നെ കാണും .  വാവിട്ട നിലവിളികളുടെ ഇടയിൽ വേറിട്ട് നില്ക്കും .  ശവം കുഴിയിലേക്ക്  വെക്കുന്നതിനുമുന്പ്  ഒരു  ഗ്രൂപ്പ് ഫോട്ടോ . ശവപ്പെട്ടിയുടെ പിന്പിൽ ബന്ധുക്കാരും സ്വന്തക്കാരും അവരുടെയൊക്കെ കുട്ടികളും. പിന്നെ പള്ളീലച്ചനും . എന്തോ,  ഫോട്ടോയ്ക്ക് എല്ലാരും നിൽക്കുമ്പോൾ എന്റെ കാലുകൾ തരിക്കാൻ തുടങ്ങും .കുട്ടികളുടെ ഇടയിൽ അവരുടെ ഒരാളായിട്ടു നുഴഞ്ഞു കയറി നില്ക്കും . ചിലഫോട്ടോഎടുപ്പിൽ കറുത്ത ശീലയുള്ള മുത്തുക്കുടകൾ പിടിപ്പിക്കും . നീളമുള്ള അതിന്റെ കാലുകൾ കുഞ്ഞിളം കൈയിൽനിന്നും തെന്നിമാറാതെയിരിക്കാൻ ശ്രമിക്കും . അങ്ങനെ  കുറെയേറെ മരിച്ചവരുടെ കുടുംബ ഫോട്ടോയിൽ   ഞാനും പള്ളീലച്ചനും .  പക്ഷെ ആ ഫോട്ടോകളിൽ ഞാൻ ആരാണെന്നു ആർക്കും ഇന്നും മനസ്സിലായിട്ടുണ്ടാവില്ല .