നല്ലവണ്ണം വരുത്തേണമേ! ചെറുകഥ,ഗംഗാ ദേവി

നല്ലവണ്ണം വരുത്തേണമേ! ചെറുകഥ,ഗംഗാ ദേവി

 

    "അല്ല ഇതാര്‌, രാധക്കുഞ്ഞോ;? ഓ ആകെയെന്നു മിനുങ്ങിയിട്ടുണ്ടല്ലോ". പടിപ്പുര കേറുമ്പോൾ മുറുക്കാൻ കറപിടിച്ച പല്ലുകാട്ടി ചിരിച്ചുകൊണ്ട് ജാനകി ചോദിച്ചു. തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചകത്തേയ്ക്കു കയറുമ്പോൾ ഷാരത്തെ കുഞ്ഞുണ്ണിമാഷ് മുത്തശ്ശനോട് കുശലം പറഞ്ഞിരിപ്പുണ്ട്. കണ്ടപാടെ മാഷും കുശലം പറഞ്ഞു"ആ കുഞ്ഞോ ! ഇപ്പോ ക്ഷീണമെല്ലാം മാറി മിടുക്കിയായല്ലോ ?" അവിടെയുമൊരു ചിരി പാസാക്കി അകത്തേയ്ക്കു കടന്നു. മുത്തശ്ശിയുടെയടുക്കൽ ഇരിപ്പുണ്ട് സാവിത്രിക്കുട്ടി, അവൾ കണ്ടപാടേ വാതുറന്നൊരു ചിരി പാസാക്കി. താടിക്കു കൈ കൊടുത്തുകൊണ്ട് തുടങ്ങി "കണ്ടോ  മെലിഞ്ഞിരുന്ന ആളാകെ മാറി : " ... അവിടെയും ചിരി പാസാക്കി .ഇതു കണ്ടുംകേട്ടും ഞാൻ അത്ഭുതത്തോടെ അമ്മയെ നോക്കി. പിന്നെ അമ്മയെ കാണുന്നവരെല്ലാം അമ്മയോടിതുതന്നെ, ഊറിയ മന്ദഹാസത്തോടെ ചോദിക്കുന്നു. അമ്മയും അതിനു മറുപടിയൊരു ചിരിയിലൊതുക്കുന്നു. "അമ്മേ! എല്ലാരും എന്താ ഇതുതന്നെ ചോദിക്കുന്നേ?" ഞാൻ ചോദിച്ചു. അമ്മ ചിരിച്ചുകൊണ്ടു പറഞ്ഞു അതൊരു കഥയാ. ചിറയുടെ ഓരത്തുള്ള വഴിയിലൂടെ നടക്കുമ്പോൾ അമ്മ പറയാൻ പോകുന്ന രസമുള്ള കഥയെന്താവും , എന്നായിരുന്നു എന്റെ മനസ്സിൽ . ചിറയ്ക്കുചുറ്റും കെട്ടിയിരിക്കുന്ന പൊക്കം കുറഞ്ഞ മതിലിലൂടെ നടന്ന് ശങ്കരമ്മാവൻ വരുന്നതു കണ്ടു "അമ്മേ നമ്മൾക്കുമിതിലൂടെ നടക്കാം " ഞാൻ ചോദിച്ചു അതിനു മറുപടി വന്നത് അമ്മാവന്റെ ശബ്ദത്തിലാണ് "ഇനി അമ്മയ്ക്ക് ഇതുവഴി നടക്കാൻ പറ്റുമോന്ന് സംശയമാ: നീ നടന്നോ" എന്ന് പറഞ്ഞ് ഒരു കളിയാക്കൽ ചിരി പാസാക്കി. ഞാൻ മനസ്സിൽ പറഞ്ഞു അമ്മ പറയാൻ പോകുന്ന കഥയുമായി ബന്ധമുണ്ടാകും ഈ ചിരിക്കും. ചിറയുടെ മതിൽ തിട്ടയിലൂടെ ഞാൻ ഓരോ കാലുകൾ വച്ച് പതുക്കെ നടന്നു "എന്തു രസമാണ് ഇങ്ങനെ നടക്കാൻ " ഞാൻ അമ്മയോട് പറഞ്ഞു.

 "പണ്ട് ഞാൻ ഇതിലൂടെേയ നടന്നിട്ടുള്ളു. ഒരിക്കൽ ചിറ്റയെ എടുത്തു കൊണ്ട് ഇതിലൂടെ നടന്ന് വീണിട്ടുമുണ്ട്."അമ്മ പറഞ്ഞു. അമ്മയുടെ മനസ്സ് കുട്ടിക്കാലത്തിലേയ്ക്കോടി പോകുന്നത് ഞാൻ കണ്ടു.
     അന്നു രാത്രിയിൽ കിടക്കുമ്പോൾ അമ്മ കഥ തുടങ്ങി.
"ഞാൻ , എന്നും വെളുപ്പിനെയുണരും. എന്റെ മുത്തശ്ശിക്കൊപ്പം. മുത്തശ്ശിയുടെ കൂടെയാണല്ലോ കഥകൾ കേട്ടുറങ്ങുന്നത്. മുത്തശ്ശി ചിറയിൽ കുളിക്കാൻ പോവുമ്പോൾ കൂടെ കൂട്ടിനായി ഞാനും പോകും . മുത്തശ്ശിയുടെ ഓലക്കുട പിടിക്കുന്നത് ഞാനാണ്. കുളി കഴിഞ്ഞാൽ തേവാരത്തിനുള്ള പൂ പറിച്ചുവയ്ക്കണം. ഞാൻ പൂ പറിച്ചാലെ മുത്തച്ഛന് തൃപ്തിയാകൂ. പിന്നെ മുത്തശ്ശിയുടെ കൂടെ തൃക്കാരപ്പനെ കാണാൻ പോകും, പോകുമ്പോൾ മുത്തശ്ശിയെ കണ്ട് പലരും കുശലം പറയും അതിനിടയിൽ ചിലർ ചോദിക്കും " ഈ കുഞ്ഞാത്രമ്മയ്ക്ക് ക്ഷീണമാണല്ലോ ഇല്ലത്ത് ഒന്നും വയ്ക്കുന്നില്ലേ " ? മുത്തശ്ശി ഇത് കേൾക്കുമ്പോൾ ഉം....ഉം .... എന്ന് പറഞ്ഞ് തലയാട്ടിച്ചിരിക്കും. അതു കാണുമ്പോഴും ഈ നാട്ടാരുടെ വർത്താനം കേൾക്കുമ്പോഴും ദേഷ്യവും സങ്കടവും വരും. ഞങ്ങൾ അമ്പലത്തിൽ പോകുമ്പോൾ അവിടെ തൊഴാൻ ആ പട്ടരുമഠത്തിലെ രാധയുണ്ടാകും. രാധയ്ക്ക് വലിയ ഭക്തിയാ. ഒരുപാട് സമയം പ്രാർത്ഥിച്ചോണ്ടു നിൽക്കും. അവർക്ക് നല്ല തടിയാണ് ഞാനെന്നുമാലോചിക്കും ഇവർ ഭഗവാനോട് എന്താണാവോ പറയുന്നത്.? ഒരു ദിവസം ഞാൻ അവരുടെ അടുത്തു തൊഴുതു നിൽക്കുമ്പോൾ അവർ പ്രാർത്ഥിക്കുന്നത് കേട്ടു. അമ്പലത്തിൽനിന്ന് തിരിച്ചു പോകുമ്പോൾ മുത്തശ്ശിയോട് ഞാൻ പറഞ്ഞു. "മുത്തശ്ശി ആ രാധയ്ക്ക് വണ്ണം വച്ചതെങ്ങനെയെന്നു മനസ്സിലായി. " അപ്പോൾ മുത്തശ്ശി എന്റെ മുഖത്തേയ്ക്കു നോക്കി , ഞാൻ വളരെ ഗൗരവത്തോടെ പിന്നെയും പറഞ്ഞു മുത്തശ്ശി നമ്മുടെ തൃക്കാരപ്പൻ നൽകിയതാ അത്. "ഏ ... തൃക്കാക്കരപ്പനോ "മുത്തശ്ശി ചോദിച്ചു. "മുത്തശ്ശി നോക്കിക്കോ എന്നേയും തൃക്കാക്കരപ്പൻ അനുഗ്രഹിക്കും അപ്പോൾ ഈ കളിയാക്കൽ എല്ലാവരുടെയും നിൽക്കും ഞാനും ആ രാധ പ്രാർത്ഥിക്കുന്ന പോലെ "നല്ലവണ്ണം വരുത്തേണമേ " എന്ന് പ്രാർത്ഥിച്ചു തുടങ്ങി. ഇതു കേട്ടതും മുത്തശ്ശി ചിരി തുടങ്ങി എന്നു മാത്രമല്ല ഇല്ലത്ത് എല്ലാവരോടും പറയുകയും ചെയ്തു. കേട്ടവരെല്ലാവരും കണ്ണു തള്ളി ചിരി തുടങ്ങി : അന്നത്തെ ചിരിയാണ് ഇന്ന് എല്ലാരും ചിരിച്ചത്