നഞ്ചിയമ്മയെ സ്വീകരിക്കാന്‍ ബഹ്റൈനും ഒരുങ്ങുന്നു

മനാമ: മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ ബഹ്റൈനില്‍ എത്തുന്നു. ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ എട്ടിനാണ് നഞ്ചിയമ്മ ബഹ്റൈന്‍ സന്ദര്‍ശനം നടത്തുന്നതെന്ന് പ്രസിഡന്റ് പി.വി.
രാധാകൃഷ്ണ പിള്ള അറിയിച്ചു. ഓണാഘോഷ പരിപാടികളിലും സമാജം ഒരുക്കുന്ന സ്വീകരണത്തിലും അവര്‍ പങ്കെടുക്കും.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ 'കളക്കാത്ത സന്ദനമേറ...' എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ നഞ്ചിയമ്മ ദേശീയ പുരസ്കാരവും സ്വന്തമാക്കിയതിന്റെ ആഹ്ലാദനിറവിലാണ്. സ്വന്തം ജീവിതാനുഭവങ്ങളുടെ കരുത്തില്‍ നാടന്‍പാട്ടുകള്‍ പാടിത്തെളിഞ്ഞ ഈ ഗായിക ഒറ്റഗാനത്തിലൂടെ മലയാള ഗാനലോകത്ത് പുത്തന്‍ താരോദയമായി മാറുകയായിരുന്നു.
ഇരുള സമുദായത്തില്‍നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നക്കുപതി പിരിവ് ഊരിലാണ് താമസിക്കുന്നത്. ആദിവാസി കലാകാരന് പഴനി സ്വാമി നേതൃത്വം നല്കുന്ന ആസാദ് കലാസംഘത്തില്‍ അംഗമായ ഈ ഗായികയെ കാത്തിരിക്കുകയാണ് ബഹ്റൈനിലെ പ്രവാസികളും.