നന്മകൾ മറന്ന മക്കൾ: കഥ,  സുജ ശശികുമാർ

നന്മകൾ മറന്ന മക്കൾ: കഥ,  സുജ ശശികുമാർ

സുജ ശശികുമാർ

 


മ്മറത്തിരുന്ന് പതിവുപോലെ പത്രം അരിച്ചുപെറുക്കി വായിക്കുന്ന തിരക്കിലാണ്
മോഹൻസർ.
ചൂടുള്ള ചായയുമായി കോമള ടീച്ചർ കുറേ സമയം വിളിച്ചു.
കേട്ട ഭാവം നടിക്കാതെ മാഷ് വീണ്ടും വായന തുടർന്നു.

''അല്ല മാഷേ എത്ര നേരമായിട്ട് ഞാൻ വിളിക്കുന്നു
എനിക്കൊരു നൂറു കൂട്ടം പണിയുണ്ട്
ഈ ചായയൊന്ന് വാങ്ങിച്ചേ''.
ദേഷ്യഭാവേനയുള്ള ചോദ്യം കേട്ട് മോഹൻസർ പത്രത്തിൽ നിന്നും മുഖം ഉയർത്തി
പുഞ്ചിരിച്ചു ചോദിച്ചു
''എന്താ നിനക്ക്ഇന്നൊരു പ്രത്യേകത ''.

''മോളും ഭർത്താവും മക്കളുമെല്ലാം വരുമെന്ന് പറഞ്ഞത് ഓർമ്മയില്ലേ. അതെങ്ങനാ വില്ലേജാഫീസീന്ന് പിരിഞ്ഞതിനു ശേഷം വല്ല പണിയും ഉണ്ടോ ഇതൊക്കെയല്ലേ പണി
വള്ളി പുള്ളി വിടാതെ വായന. പത്രം തിന്നു തീർക്കുകയല്ലേ, വേഗം അവർക്കിഷ്ട്ടമുള്ള എന്തേലും സാധനങ്ങളൊക്കെ വാങ്ങിച്ചോണ്ടു വരൂ. കുറച്ചു ദിവസം ആണേലും അവരോടൊപ്പം എല്ലാം മറന്ന് ഓണമാഘോഷിക്കണം. ഒന്നിനും ഒരു കുറവും വരുത്തരുത്''

അവര് പറഞ്ഞത് ഇവളോട് ഞാനെങ്ങനെ പറയും.
എന്താന്നു വെച്ചാ ഒരുക്കട്ടെ, അവളുടെ ഇഷ്ട്ടത്തിന്.
ഓടിനടന്ന് പണി തീർക്കുന്ന ടീച്ചറിനോട് ചോദിച്ചു.

''അല്ലാ നിനക്കിപ്പോ ഒരസുഖവും ഇല്ലേ, അത്രയ്ക്ക് ഉഷാറാണല്ലോ''.

''ഓ, അതൊക്കെ കുറവുണ്ട്''.

''എന്താ നിങ്ങളുടെ മുഖത്തൊരു മ്ലാനത ''?

''ഏയ് ഒന്നുല്ലാ, നിനക്ക് വെറുതേ തോന്നുന്നതാ..''

അവര് വരുമ്പോഴേയ്ക്കും മേശപ്പുറത്ത് എല്ലാ ഭക്ഷണവും ഒരുക്കി വെച്ചു നോക്കിയിരുന്നു.
എന്നാൽ ഭക്ഷണം അവർക്ക് പിടിച്ചില്ല.
''ഇതൊന്നും ഞങ്ങൾക്കു വേണ്ടമ്മേ, പുറത്തു നിന്നും ഓർഡർ ചെയ്തു വരുമ്പോത്തന്നെ.
മക്കൾക്കും ദേവേട്ടനും അതാ ഇഷ്ട്ടം.''
''എന്നാ നീ കഴിയ്ക്ക് മോളേ, അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയതല്ലേ. മോഹൻ സർ പറഞ്ഞു.
എനിയ്ക്കും വേണ്ടച്ഛാ, ഞാൻ അച്ഛനോട് പറഞ്ഞതല്ലേ വിളിച്ചപ്പോൾ.''

അതു കേട്ട് ടീച്ചർ മാഷിനെ ഒന്ന് നോക്കി.
മാഷ് അവരെ നോക്കി തലയാട്ടി ശരിവെച്ചു.

ഞാനിതൊന്നും അറിഞ്ഞില്ല
നിങ്ങളാരും കഴിക്കണ്ടാ
ഞാനിപ്പോ വരാം.
ഇതൊക്കെ വേണ്ടവർ ഇവിടെത്തന്നെ ഉണ്ട് മോളേ, വെച്ചുവിളമ്പാൻ അമ്മയില്ലാത്ത മക്കൾ
മരിച്ചു പോയ ശാന്തയുടെ മക്കൾ. അവർക്കിത് കിട്ടിയാൽ വലിയ സന്തോഷമാകും.
ടീച്ചർ ഭക്ഷണമെല്ലാം പാത്രത്തിലാക്കി ഇടയ്ക്കിടെ കണ്ണു തുടയ്ക്കുന്നത് മാഷ് ശ്രദ്ധിച്ചു.
പാവം അവൾ എത്ര പ്രതീക്ഷയോടെയാ ഇതെല്ലാം ഉണ്ടാക്കിയത്.

 നടന്നു നീങ്ങിയ ടീച്ചറിനെ നോക്കി ചാരുകസേരയിലിരുന്നു.

മകളും ഭർത്താവും മക്കളും
ഓർഡർ ചെയ്ത ഭക്ഷണം കഴിക്കുന്ന തിരക്കിലാണ് അകത്ത്.

ടീച്ചറോട് സാറ് പറഞ്ഞു
''മക്കളൊക്കെ മാറിപ്പോയെ ടീ
നമ്മൾ വിചാരിക്കുന്ന പോലെയല്ല അവരുടെ ശൈലികൾ, ജീവിത ചര്യകൾ
ഒന്നും, നമ്മുടെ നാട്ടിൻ പ്രദേശത്തെരുചിയൊന്നും അവർക്കു പിടിയ്ക്കാതായി.
നമ്മളിതൊന്നും മനസ്സിലാക്കാതെ പോയി അതാ സത്യം.''

അമ്മയുടെ സ്നേഹം ചാലിച്ച
അച്ഛൻ്റെ വിയർപ്പൊഴുക്കിയ ഭക്ഷണവും നന്മയും മറന്ന് ഒരാഘോഷം, അവരുടെ മാത്രം ആഘോഷം.

''നമ്മളിവിടെ വെറുതെ കാത്തിരുന്നു കണ്ണിലെണ്ണയൊഴിച്ച്
പ്രതീക്ഷകളുടെ തിരിനാളം കൊളുത്തി.
എല്ലാം വെറുതേ..
എനിക്ക് നീയും നിനക്ക് ഞാനും മതിയെ ടോ
അതേ പ്രതീക്ഷിക്കാവൂ ഇനിയുള്ള കാലം..

മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്
എന്നത് വെറുതേയല്ല പണ്ടുള്ളവർ പറയുന്നത് ല്ലേ
അനുഭവം കൊണ്ടാ....''