നടന്‍ നെടുമുടി വേണു അന്തരിച്ചു

നടന്‍ നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: നടന്‍ നെടുമുടി വേണു (73) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്​ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു എന്ന പേരില്‍ അറിയപ്പെടുന്ന കെ വേണുഗോപാല്‍. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍ക്കിടയില്‍ നായകനായും വില്ലനായും സഹനടനായും  സ്വഭാവനടനായുമൊക്കെ  തിരശ്ശീലയില്‍ നിറഞ്ഞ വേണു കാരക്ടര്‍ റോളുകളും തമാശ വേഷങ്ങളും ഉള്‍പ്പെടെ  ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാന്‍ അദ്ദേഹത്തിനായി. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തിരക്കഥാ രചനയിലും ഏര്‍പ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും   നേടിയിട്ടുണ്ട്

ആലപ്പുഴയിലെ നെടുമുടിയില്‍ അദ്ധ്യാപകനായിരുന്ന പി.കെ. കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മെയ് 22നാണ്​ നെടുമുടി ജനിച്ചത്​. നെടുമുടിയിലെ എന്‍‌.എസ്‌.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചമ്ബക്കുളം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചു.

മൃദംഗം വായനക്കാരന്‍ കൂടിയായ അദ്ദേഹം നാടകരംഗത്ത് സജീവമായിരിക്കെയാണ് സിനിമയില്‍ എത്തിയത്.

അരവിന്ദന്‍ സംവിധാനം ചെയ്ത തമ്ബ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. പൂരം എന്ന സിനിമ സംവിധാനം ചെയ്​തിട്ടുണ്ട്​. ഏതാനും ചിത്രങ്ങളുടെ തിരക്കഥയും നിര്‍വഹിച്ചു.

1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ മാര്‍ഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.

ടി.ആര്‍ സുശീലയാണ് ഭാര്യ. ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍ എന്നിവര്‍ മക്കളാണ്.