നീറ്റ് പി.ജി പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

നീറ്റ് പി.ജി പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

 

ഡല്‍ഹി: നീറ്റ് പി.ജി മെഡിക്കല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. പരീക്ഷ നിശ്ചയിച്ച തിയതിയില്‍ നടക്കും.

ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രിംകോടതി അറിയിച്ചു.

രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷക്കായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവിയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കൗണ്‍സിലിങ് വൈകിയതിനാല്‍ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നുമായിരുന്നു മെഡിക്കല്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെ ആവശ്യം.

2021ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. പരീക്ഷ വൈകിയതിനെ തുടര്‍ന്ന് കൗണ്‍സിലിങ് ആരംഭിച്ചത് ഒക്ടോബറില്‍. എന്നാല്‍ സംവരണവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നതിനാല്‍ കൗണ്‍സിലിങ് താല്‍ക്കാലികമായി സുപ്രിംകോടതി നിര്‍ത്തിവെച്ചു. പിന്നീട് ജനുവരിയിലാണ് കൗണ്‍സിലിങ് പുനരാരംഭിക്കാനായത്.

മെയ് ഏഴിനാണ് കൗണ്‍സിലിങ് പൂര്‍ത്തിയായത് അതുകൊണ്ട് പരീക്ഷക്കുള്ള പഠനത്തിനായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നതാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മാത്രമല്ല കൊവിഡ് ഡ്യൂട്ടിക്കുണ്ടായിരുന്ന പല വിദ്യാര്‍ഥികള്‍ക്കും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനായിട്ടില്ല. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു