നിറമണിഞ്ഞസ്വപ്നം : കഥ, സൂസൻ പാലാത്ര

നിറമണിഞ്ഞസ്വപ്നം : കഥ, സൂസൻ പാലാത്ര

പുഴവക്കത്തെ ആ വലിയ പുളിമരം അയാൾക്ക് എന്നും ഒരാശ്വാസമാണ്. അതിന്റെ വേരുകൾ വളഞ്ഞു പുളഞ്ഞ് പുഴയിലേക്കിറങ്ങി കിടക്കുന്നു. ആ വേരുകളിലൊന്നിൽ അയാൾ പതിവായി ഇരിക്കാറുണ്ട്.

വേനലിൽ പുഴ വറ്റി വരളുമ്പോഴും മഴക്കാലത്ത് ഇരുകരകവിഞ്ഞ് വെള്ളം ഒഴുകിപ്പായുമ്പോഴും ആശ്വാസം കിട്ടാതെ അയാൾ അലയും. ഭാഗ്യം ഇന്നലെയും മിനിയാന്നുമൊക്കെയായി വേനൽമഴ പെയ്തുകിട്ടി. തെല്ലൊരാശ്വാസമായി.

പുറത്തെ വേവിന് അല്പം ശമനമുണ്ട്. ഉള്ളിലെ വേവോ!  ഉള്ള് ആരെ തുറന്നു കാണിക്കും.  തന്റെ ഹൃദയനീറ്റൽ ആകെ അറിയുന്നത് അമ്മ മാത്രമാണ്.  പാവം തനിക്കു വേണ്ടി അന്തമില്ലാതെ കഷ്ടപ്പെടുകയാണ്. 

  വീട്ടിലെ മൂത്ത കുട്ടിയാണ് താൻ. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്: മൂത്തത് ആണാന്നു പറഞ്ഞപ്പം മുത്തശ്ശി പറഞ്ഞു പോലും " ന്റെ അമ്മുക്കുട്ടി ഭാഗ്യമുള്ളോളാ അവടെ സൊബാവെ ഗൊണം കണ്ട് ദൈവം കൊടുത്തതാ ഒരാൺ സന്തതിയെ" അന്നു വീട്ടിൽ വലിയ ആഘോഷമായിരുന്നത്രേ.

എല്ലാവരുംകൂടി ലാളിച്ച് ഓമനിച്ചാണ് തന്നെ വളർത്തിയത്. കാലങ്ങൾ കടന്നുപോയി. പഠനകാലം എല്ലാ ക്ലാസ്സിലും ഒന്നാമനായി. കലാ സാഹിത്യ കായിക മേളകളിലെല്ലാം  ഉന്നതിയിലെത്തി. പത്താംതരം പ്രശസ്ത നിലയിൽ പാസ്സായി. അനുമോദനങ്ങളുടെ പെരുമഴ തന്റെ അമ്മയെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. 

         പാവം അറിഞ്ഞില്ലല്ലോ കാർമുകിലുകൾക്കിടയിലെ വെള്ളി വെയിലാണ് അതെന്ന്. തന്റെ ഇഷ്ട വിഷയമെടുത്ത് പ്ലസ് ടുവിനു പഠിച്ചു. പന്ത്രണ്ടിലും ഉന്നത വിജയം. പ്രശസ്ത നിലയിൽത്തന്നെ. തന്നെ മെഡിക്കൽ രംഗത്തേക്കയക്കുമോ എന്ന ഭയപ്പാടിലാണ് കമ്പ്യൂട്ടർ സയൻസെടുത്ത തുതന്നെ. എൻട്രൻസ് എക്സാം എഴുതി. ഭേദപ്പെട്ട റാങ്കും ലഭിച്ചു.

റാഗിംഗ് ഭയന്ന് അമ്മ തന്നെ മുന്കൈ എടുത്ത്  തന്നെ റാഗിംഗ് ഇല്ലാത്ത സുരക്ഷിതമായ ഒരു സ്വാശ്രയ കോളജിലാക്കി. അതിനു വേണ്ടി അച്ഛന്റെയും മറ്റുള്ളവരുടെയും ചീത്ത വാക്കുകൾ അമ്മ ഒരുപാടുകേട്ടു .

  കോളജുബസ്സുണ്ടായിരുന്നെങ്കിലും വീട്ടുകാരെ സഹായിക്കാനായിട്ടാണ് താൻ സുഹൃത്ത് അശ്വിന്റെ ബൈക്കിൽ നിരന്തരം യാത്ര ചെയ്തത്. അശ്വിൻ സ്വയം പറയാറുണ്ടായിരുന്നു.

അശ്വിൻ എന്നാൽ അശ്വ വേഗത്തിൽ വണ്ടിയോടിക്കുന്നവൻ. വേഗതയിൽ അവനെ ജയിക്കാൻ ആ കോളജിലാർക്കും കഴിഞ്ഞിരുന്നില്ല. അപാര വേഗതയിലേ അവൻ വണ്ടിയോടിക്കൂ. അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്: "മോനെ അശ്വിന്റെ കൂടെ യാത്ര വേണ്ട. അത്, ശരിയാകില്ല" . പക്ഷേ, അമ്മ അറിയാതെ താൻ യാത്ര ചെയ്തു, അശ്വിനോടു  താൻ അന്നൊരിക്കൽ പറഞ്ഞു: " അശ്വിനെ നമുക്കു തുമ്പിയാകാമെടാ പതുക്കെ പോകാമെടാ " പക്ഷേ അവൻ അതു  കേട്ടതായിപ്പോലും ഭാവിച്ചിട്ടില്ല.

      അന്ന് കോരിച്ചൊരിയുന്ന ആ മഴ ദിവസം,  അന്ന്. തന്റെ സ്വപ്നങ്ങൾ എല്ലാം തകിടം മറിഞ്ഞു. തന്നെ പതിവുപോലെ പിന്നിലിരുത്തി അശ്വിനോടിച്ച ബൈക്ക്‌ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചു. പിന്നെ എല്ലാം ഇരുട്ട്.

ഓർമ്മ വീണ്ടുകിട്ടിയപ്പോൾ, ബോധം തെളിഞ്ഞപ്പോൾ വലതുകാലിന്റെയും വലതുകൈയുടെയും സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ആശുപത്രി കിടക്കയിൽ അശ്വിനെ അന്വേഷിച്ചു. അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചആ ദു:ഖ സത്യവുമായി പൊരുത്തപ്പെടാനാവാതെ മനമുരുകി. അശ്വിൻ തന്നെ എന്നന്നേക്കുമായി വിട്ടു പിരിഞ്ഞിരുന്നു.

     ഫിസിയോതെറപ്പി, ഉഴിച്ചിൽ, പിഴിച്ചിൽ, കൗൺസലിംഗ് എല്ലാറ്റിനുമായി നീണ്ടു നാലു വർഷങ്ങൾ . എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. അനിയത്തിമാരെ പഠിപ്പിച്ച്  മിടുക്കരാക്കണം, ഉന്നത നിലയിൽ വിവാഹം ചെയ്തയക്കണം. നല്ലൊരു വീടു കെട്ടിപ്പൊക്കണം. അച്ഛനമ്മമാരെ പൊന്നു പോലെ കാക്കണം. ഒന്നും നടന്നില്ലല്ലോ ദൈവമേ! നിധിൻ പരിസരം മറന്ന് ഉച്ചത്തിൽ കരഞ്ഞു. " ന്റെ ദൈവമേ! ഞാൻ എന്റമ്മേ അനുസരിക്കാഞ്ഞിട്ടല്ലേ ഇങ്ങനെ ദുരിതക്കയത്തിലായത് " സങ്കടം അടക്കാൻ ഇപ്പോഴും കഴിയുന്നില്ല.

പ്രിയപ്പെട്ട കൂട്ടുകാരനും പോയി. ഇനി താൻ നിമിത്തം വീട്ടുകാർ വരുത്തിക്കൂട്ടിയ കടങ്ങൾ ആരു വീട്ടും? ഉള്ളതെല്ലാം

വിറ്റു പെറുക്കി, ബ്ലേഡ് പലിശക്ക് കാശു വാങ്ങി തന്നെ രക്ഷിച്ചു. ഇപ്പോൾ തന്റെ കൈകാലുകളുടെ സ്വാധീനം മടക്കി കിട്ടി. പക്ഷേ പഠനം തുടരാനായില്ല. ഇനി പഠിയ്ക്കണെ ആരു പഠിപ്പിക്കും. ഇടയ്ക്കെന്നോ, അമ്മ തന്നെ ചുമന്നു കൊണ്ടു പോകുമ്പോലെ

കൊണ്ടുപോയി ഒരു പി. എസ്. സി. പരീക്ഷ എഴുതിച്ചിട്ടുണ്ട്. അതിന്റെ റിസൽട്ടെന്തായിട്ടുണ്ടാകും? ദൈവമേ, അമ്മയുടെ ദുരിതങ്ങൾ എന്നവസാനിക്കും. ഇനി എന്നാണ് തന്റെ വീട്ടുകാർക്ക് താൻ ഒരു നല്ല കൈത്താങ്ങാകുക. നിധിൻ വീണ്ടും ഉച്ചത്തിൽ കരഞ്ഞു. ഇവിടെയിരുന്ന് യഥേഷ്ടം കരയാം. ആരും കാണില്ല.

         പെട്ടെന്നാണ് അത് സംഭവച്ചിച്ചത്. രണ്ട് ആശ്വാസകരങ്ങൾ നിധി നെ പൊതിയുന്നു. ദൈവത്തിന്റെ കരങ്ങൾ പോലെ സാന്ത്വന സ്പർശം. തൂവൽ സ്പർശം. അത് തന്റെ അമ്മയുടെ തലോടലായിരുന്നു.

അമ്മ അവനെ മാറോടു ചേർത്തു പിടിച്ച് അവന്റെ നെറുകയിൽ മുത്തം നല്കി. അവന്റെ മുടിയിഴകളിൽ അരുമയായിത്തലോടി. എന്നിട്ട് അവന്റെ കാതിൽ മെല്ലെപ്പറഞ്ഞു: "കരയണ്ടാട്ടോ, എല്ലാം ഭംഗിയായി നടക്കും. എന്റെ പൊന്നുമോന്റെ സ്വപ്നങ്ങൾ പൂവണിയുകയാണ്. ഒരു പൂക്കാലത്തിനായുള്ള മോന്റെ കാത്തിരിപ്പ് വ്യർത്ഥമായില്ല ദാ നോക്കു് " മോനു ജോലി കിട്ടി " സർക്കാർ ജോലിക്കുള്ള അഡ്വൈസ് മെമ്മോയുടെ കവർ  അമ്മ അവനു നേരെ നീട്ടി. നിധിൻ സന്തോഷത്തോടെ തുള്ളിച്ചാടി  എന്നിട്ട് ഉച്ചത്തിൽപ്പറഞ്ഞു : "നന്ദി ദൈവമെ! " 

അമ്മ അതേറ്റു പാടി,

 "നന്ദി ദൈവമെ "