രാജ്യത്ത് കല്‍ക്കരി ക്ഷാമം എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നിര്‍മ്മല സീതാരാമന്‍

രാജ്യത്ത് കല്‍ക്കരി ക്ഷാമം എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് നിര്‍മ്മല സീതാരാമന്‍

ദില്ലി: രാജ്യത്ത് കല്‍ക്കരി ക്ഷാമമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ മന്ത്രി ഇന്ത്യ ഒരു വൈദ്യുതി മിച്ച രാജ്യമാണെന്നും അഭിപ്രായപ്പെട്ടു.

കല്‍ക്കരിക്ക് ക്ഷാമമുണ്ടെന്ന തരത്തില്‍ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി ആര്‍ കെ സിംഗ് തന്നെ രണ്ട് ദിവസം മുമ്ബ് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കല്‍ക്കരി ക്ഷാമം ഉണ്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പരക്കുന്നുണ്ടെന്നു അദ്ദേഹം തന്നോട്ട് പറഞ്ഞെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'എല്ലാ വൈദ്യുത ഉല്‍പാദന കേന്ദ്രങ്ങളിലും അടുത്ത നാല് ദിവസത്തേക്കുള്ള കല്‍ക്കരി നിലവിലുണ്ട്. വിതരണശൃംഖലയില്‍ തകരാറൊന്നുമില്ല. നിലവില്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാണന്നും'- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

മൊസ്സാവര്‍-റഹ്മാനി സെന്റര്‍ ഫോര്‍ ബിസിനസ് ആന്റ് ഗവണ്‍മെന്റ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ധനമന്ത്രി. പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഹാര്‍വാര്‍ഡ് പ്രൊഫസര്‍ ലോറന്‍സ് സമ്മര്‍സാണ് ഇന്ത്യയിലെ ഊര്‍ജ്ജ ക്ഷാമത്തെക്കുറിച്ചും ഇന്ത്യയിലെ കല്‍ക്കരി സംഭരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചും ധനമന്ത്രിയോട് ചോദിച്ചത്.

"ഇന്ത്യയ്ക്ക് എത്രത്തോളം ഊര്‍ജ്ജം ലഭ്യമാണ്, ഫോസില്‍ ഇന്ധനത്തെ എത്രമാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും പുനരുല്‍പ്പാദിപ്പിക്കാവുന്നവയില്‍ നിന്ന് എത്രമാത്രം ലഭിക്കുന്നുവെന്നും അറിയാന്‍ ഞങ്ങള്‍ വളരെ നല്ല രീതിയിലുള്ള വിശകലനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗം താപവൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ലഭ്യതയുടെ നില ചര്‍ച്ചചെയ്തിരുന്നു.