ജ്ഞാനോദയം : ചെറു കഥ, ഗീത കൊല്ലേരി

ജ്ഞാനോദയം : ചെറു കഥ, ഗീത  കൊല്ലേരി

 

ര്യ നന്ദയുടെ   സഹപ്രവർത്തകരിലൊരാളുടെ  മകളുടെ കല്യാണമായിരുന്നു ഇന്നലെ.

ഒപ്പമുള്ളവർ നാലു ദിവസം മുൻപേ സാരിയും ബ്ലൗസും തീരുമാനിച്ചുറപ്പിയ്ക്കുകയും  ക്ലീൻഅപ്പിനായ്   " ക്യൂട്ടിസി "ലേക്കോ ടുകയും ചെയ്തിരുന്നു,, അത്രയൊന്നും മോഡേനല്ലാത്ത രണ്ടു പേർ മുല്ലപ്പൂ വാങ്ങുന്നതിനെ കുറിച്ചും തീരുമാനത്തിലെത്തിയിരുന്നു,

കൂടെയുണ്ടെന്ന ഭാവത്തിൽ ഓരം ചേർന്നു നിന്നുവെങ്കിലും ,  കല്യാണക്കുറി കയ്യിൽ കിട്ടിയ നിമിഷം തന്നെ പേകേണ്ടതില്ല എന്ന് ആര്യനന്ദ തീരുമാനിച്ചുറപ്പിച്ചതാണ്,

ആ കുറി നൽകിയ വൃക്തിയുടെ കണ്ണിൽ തിളങ്ങാതിരുന്ന സ്നേഹമാണോ  , നിൻ്റെ സാന്നിധ്യം ഞാനാഗ്രഹിക്കുന്നുവെന്ന്  സംവദിയ്ക്കാതിരുന്ന   വാക്കുകളാണോ, ഒരു പക്ഷേ രണ്ടുമായിരിയ്ക്കാം   ആ ഉറച്ച തീരുമാനത്തിലേക്കവളെ നയിച്ചത്.

രണ്ടാഴ്ച മുന്നേ വരേയും കൃത്യമായ് പറഞ്ഞാൽ അവളുടെ അൻപതാം ജൻമദിനം വരേയും ആര്യനന്ദ ഇങ്ങനെയായിരുന്നില്ല. കൂട്ടത്തിൽ നിന്ന് മാറി നിന്നാൽ താൻ ഒറ്റപെടുമോ,, താനും ഇതുപോലെ ഒരു ദിവസം എല്ലാവരേയും വിളിക്കേണ്ടവളല്ലേ എന്നൊക്കെയുള്ള ചിന്തയാൽ എല്ലാ ചടങ്ങളിലും അവൾ സ്ഥിരമായ് പങ്കെടുത്തിരുന്നു,, പട്ടുസാരിയിൽ തിളങ്ങി,, പുഞ്ചിരിക്കുന്ന മുഖവുമായ്,,,

പിറന്നാൾ ദിനത്തിൽ മകനുമായ് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന സംസാരമാണ് അവളുടെ ചിന്താഗതിയെ ഇങ്ങനെ   വഴിതിരിച്ചുവിട്ടത്,

 ഇരുപത്തഞ്ചുകാരനായ ഗൗതം അന്നേ ദിനം ഏതൊരു കൂട്ടുകാരിയേക്കാൾ ക്ഷമയോടെ  അമ്മയെ കേട്ടു,,

 ഇതുവരേയും അമ്മ കടന്നു പോയ  വൈകാരികമായ തകർച്ചകൾ അവനും അനുഭവിച്ചു.. ശേഷം അവൻ  കൊടുത്ത ഒറ്റമൂലിയാണ്    " നമ്മളെ ആവശ്യമില്ലാത്തിടത്ത് നാം മനസ്സുകൊണ്ടു പോലും പോയേക്കരുത്" എന്ന വാക്കുകൾ.

അങ്ങനെ കല്യാണദിവസം മെറീന ഓഡിറ്റോറിയത്തിലേക്ക് പട്ടുസാരിയുടുത്ത് പോകുന്നതിനു പകരം, ആര്യ നന്ദ,, അടുത്തുള്ള  അങ്കണവാടിയിൽ പഞ്ചായത്ത് സംഘടിപ്പിച്ച 'മഴക്കാല രോഗങ്ങളുടെ വ്യാപനം തടയുന്ന മാർഗ്ഗങ്ങൾ, കേൾക്കാൻ പോയി.

കല്യാണ പിറ്റേന്ന് , പെണ്ണിൻ്റെ ഫ്രോക്ക് ഇറുകി പിടിച്ചു കിടന്നതിനാൽ മെനയായില്ലയെന്നും, , ചെക്കൻ്റെ അമ്മയെ കണ്ടിട്ട് അമ്മായിയമ്മപോര് ഉറപ്പായെന്നും, ഈവൻ്റ് മാനേജ്മെൻ്റുകാർ വകതിരിവില്ലാത്തവരാണെന്നുമെല്ലാമുള്ള വിലയിരുത്തലുകൾക്കിടയിൽ സുരേഷ് ബാബുവാണ് ആര്യ നന്ദയുടെ അസാന്നിധ്യത്തെ കുറിച്ചന്വേഷിച്ചത് .

നാത്തൂൻ്റെ മോൾക്ക് ഒരു പരീക്ഷാ കേന്ദ്രത്തിലേക്ക് അകമ്പടി സേവിച്ചതിനാൽ നല്ലൊരു ബുഫെ ലഞ്ച് നഷ്ടമായതിൻ്റെ എല്ലാ നിരാശയും ആര്യ നന്ദ ഭംഗിയായി അഭിനയിച്ചു ഫലിപ്പിച്ചു.,.

പക്ഷേ ജിൻസി ഡേവിസെന്ന സുന്ദരിയുടെ  ഇടംകണ്ണിട്ട് നോക്കി കൊണ്ടുള്ള  ചിരിയിൽ തൻ്റെ  നുണയമ്പ് എല്ലാ ലക്ഷ്യത്തിലും ഒരേ പോലെ തറഞ്ഞില്ലെന്നവൾക്ക് ബോധ്യമായി,,

പിന്നീട് ആരും അടുത്തില്ലാത്ത നേരത്ത് , സ്പായും ഹെയർ കളറിംഗും ചേർത്ത് ആയിരത്തഞ്ഞൂറ് വാങ്ങിയ ക്യൂട്ടീസിലെ ബീന പോൾ  കഴുത്തറുക്കുകയാണെന്ന തുടക്കത്തോടെ ജിൻസി ചോദിച്ചു,, "നാത്തൂ ൻ്റെ  മോൾ വന്നിട്ടില്ലയെന്നു എനിക്കറിയാം., അങ്കണവാടിയിൽ നിന്നെ കണ്ടെന്ന് ജോലിക്കു വരുന്ന സാറാമ്മ ചേടത്തി പറഞ്ഞു,, ശരിയ്ക്കും നീയെന്തേ വരാത്തത്,, "

അന്നേരം ആ മുഖത്ത് കണ്ട പരദൂഷണ സാധ്യതകൾ തിരയുന്ന ഭാവം   ആര്യനന്ദയ്ക്ക്  ഇഷ്ടമായി,,

പതിവുപോലെ പച്ചയ്ക്കെല്ലാം പറഞ്ഞ് ഇവളെ  രസിപ്പിച്ച്,   കോമാളി ഭാവത്തോടെ  അവിടെ  നിന്നും ഇറങ്ങേണ്ടന്ന് ആര്യ നന്ദയും  തീരുമാനിച്ചു,

"നീ മാധവിക്കുട്ടിയുടെ എൻ്റെ കഥ വായിച്ചിട്ടുണ്ടോ " 

ജിൻസി   "ഓ  " എന്ന് നീട്ടി ശബ്ദമുണ്ടാക്കി,, എങ്ങനെ വേണമെങ്കിലും വായിച്ചെടുക്കാനാവുന്ന ഒരു   "   ഓ, ഓ,, "

ഇല്ലായെന്നു തന്നെ അവളതിനെ വായിച്ചു,,

 അല്ലെങ്കിലും സ്വർണ്ണത്തിനു വില കുറഞ്ഞോ,, റബ്ബറിൻ്റെ വില കൂടിയോ,,, വിശാലമായ് പരന്നു കിടക്കുന്ന കുടുംബ വൃക്ഷത്തിലെ ഏതെങ്കിലും ശാഖകളിൽ ആരെങ്കിലും മരിച്ചോ ,, ഈ മൂന്നെണ്ണം മാത്രം മലയാള മനോരമയിൽ തപ്പുന്നവൾക്ക് എന്ത് "എൻ്റെ കഥ,, "

ആര്യനന്ദ തുടർന്നു,,

ആ പുസ്തകത്തിൻ്റെ ആമുഖത്തിൽ നമ്മുടെ സമൂഹത്തെ കുറിച്ച് ഒരു വിവരണമുണ്ട്,, സമൂഹം ചുക്കിച്ചുളിഞ്ഞ തൊലികളോടുകൂടിയ വിരൂപയായ ഒരു മുത്തശ്ശിയാണ്,, കള്ളൻമാരേയും സ്വാർത്ഥരേയും കൊലപാതകികളേയും നുണയരേയും തൻ്റെ കമ്പിളി പുതപ്പിനു കീഴിൽ സ്നേഹത്തോടെ ഉറക്കി കിടത്തുന്ന,, സത്യസന്ധരേയും നല്ല വരേയും  വരാന്തയിൽ തണുത്തു വിറങ്ങലിക്കുവാൻ കിടത്തുന്ന ഒരു മുത്തശ്ശി,, 

എന്നെ സംബന്ധിച്ചിടത്തോളം ഇന്നലത്തെ ആതിഥേയ ആ മുത്തശ്ശിയാണ്,,, പൊള്ളച്ചിരിയോടെ  ആ മുത്തശ്ശിയുടെ സന്നിധിയിലെത്തവാനോ  ആ പ്രീതി സമ്പാദിക്കുവാനോ ഞാനാഗ്രഹിച്ചില്ല,, അതിനാൽ വന്നില്ല

ഇത്രയും പറഞ്ഞ് ആര്യനന്ദ ജിൻസിയുടെ പ്രതികരണത്തിനായ്  കാതോർത്തു,,

അവരുടെ തൊലിയെവിടയാടീ ചുളിഞ്ഞിരിക്കുന്നത്,,, വാരണാസിയിൽ കറങ്ങാൻ പോയ അവരോട് നീ ചോദിച്ച കമ്പിളി കിട്ടിയുട്ടാണ്ടാവില്ല,, അതിനാണോ കല്യാണത്തീന് മാറിനിന്നത്,, കഷ്ടം!

ജിൻസി മൂക്കത്ത് വെച്ച വിരൽ എടുത്തു മാറ്റുന്നതിന് മുൻപേ ആര്യനന്ദ സക്കൂട്ടർ ചാവി കയ്യിലിട്ട് തിരിച്ചുകൊണ്ട് അവിടെ നിന്നുമിറങ്ങി,,, നാത്തൂൻ്റെ മോൾക്ക് ഫിഷ് മോളി തയ്യാറാക്കണം എന്നും പറഞ്ഞ് ഉറക്കെ ചിരിച്ച്,,

നാളെ, തൻ്റെ "കമ്പിളി പുതപ്പ് " എങ്ങനെയായിരിക്കും കൂട്ടുകാർക്കിടയിൽ രൂപാന്തരപ്പെടുകയെന്ന് അവളപ്പോൾ ഓർത്തതേയില്ല,,,

അന്നു രാത്രി അവൾ വിചിത്രമായ ഒരു സ്വപ്നം കണ്ടു,, 

തുളസിയും തൊട്ടാവാടിയും തിരിച്ചറിയാത്ത ഒരു പോത്തിനു പിന്നാലെ മനോഹരമായ ബൗളിൽ ഫലൂദായുമായി ഓടുന്ന അമ്മയെ നോക്കി മൂക്കത്തു വിരലും വെച്ചു  കഷ്ടം പറയുന്ന ഗൗതo,,ശേഷം ബൗളിൽ കയ്യിട്ട്  അതിലെ ക്രീം വാരിയെടുത്ത് പരസ്പരം മുഖത്ത് തേച്ച് ,.പൊട്ടി ചിരിക്കുന്ന അമ്മയും മകനും,, ഇഷ്ടമില്ലാത്ത വിധം   നെറ്റിയും ചുളിച്ചു അവരേ തന്നെ നോക്കി നിൽക്കുന്ന കമ്പിളി പുതച്ച ഒരു മുത്തശ്ശി....

 

GEETA KOLLERY