സാഹിത്യ നോബല്‍ ടാന്‍സാനിയന്‍ നോവലിസ്റ്റ് ഗുര്‍ണയ്ക്ക്

സാഹിത്യ നോബല്‍ ടാന്‍സാനിയന്‍ നോവലിസ്റ്റ് ഗുര്‍ണയ്ക്ക്

സ്‌റ്റോക്ക്‌ഹോം: 2021-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണ അര്‍ഹനായി. ഇതോടെ സാഹിത്യ നോബേല്‍ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ എഴുത്തുകാരനായി അബ്ദുള്‍ റസാക്ക് ഗുര്‍ണ. കൊളോണിയലിസവും അഭയാര്‍ഥി ജീവിതവും ആസ്പദമാക്കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് നൊബേല്‍ ജൂറി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

1948-ല്‍ കിഴക്കന്‍ ആഫ്രിക്കയിലെ സന്‍സിബാര്‍ ദ്വീപില്‍ ജനിച്ച ഗുര്‍ണ ടാന്‍സാനിയയില്‍ പട്ടാള ഭരണമാരംഭിച്ച 1964ല്‍ യുകെയിലേക്ക്‌ പലായനം ചെയ്‌തു. ഇപ്പോള്‍ യുകെയിലാണ് സ്ഥിര താമസം. മാതൃഭാഷയിലായ സ്വാലിഹിയില്‍ രചന ആരംഭിച്ച അദ്ദേഹം പിന്നീട് ഇംഗ്ലീഷ് ഭാഷയിലേക്ക് ചുവടുമാറുകയായിരുന്നു.

1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ് പ്രധാന കൃതി. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ് പ്രൈസിനും അദ്ദേഹത്തിന്റെ കൃതികള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേര്‍ഷന്‍, ബൈ ദി സീ, മെമ്മറി ഓഫ് ഡിപാര്‍ച്ചര്‍, പ്രില്‍ഗ്രിംസ് വേ, ദോത്തീ, അഡ്മയറിങ് സൈലന്‍സ്, ഗ്രാവെല്‍ ഹാര്‍ട്ട്, ആഫ്റ്റര്‍ടീവ്‌സ് എന്നിവയാണ് പ്രധാന നോവലുകള്‍. മൈ മദര്‍ ലിവ്ഡ് ഓണ്‍ എ ഫാം ഇന്‍ ആഫ്രിക്ക എന്ന പേരില്‍ ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.