ഓണസ്മൃതികൾ: കവിത , സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഓണസ്മൃതികൾ: കവിത , സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

പൂവിളി കേട്ടോരു നല്ല കാലം.. 

പുത്തരി ചോറുണ്ട നല്ല കാലം..

പുത്തൻകോടിയുടുത്തൊരുങ്ങി, 

ആഹ്ലാദമോടെ നടന്നകാലം.. 

ചിങ്ങം പിറന്നാൽ സന്തോഷമായി

പൊന്നോണനാളിനെ വരവേറ്റിടാൻ...

ഒട്ടേറെ സ്വപ്നങ്ങൾ കണ്ടുനടന്നൊരു, 

പൊന്നിൻചിങ്ങത്തിലാഘോഷനാളുകൾ..

 

തുമ്പയും തെച്ചിയും അരിമുല്ലയും പിന്നെ-

മുക്കൂറ്റി കോളാമ്പി ചെംകദളി, 

നന്ത്യാർവട്ടവും കാക്കപ്പൂവും

ഓണക്കാഴ്ചയൊരുക്കിടുവാൻ 

മുൻപേ വിരിഞ്ഞു നിൽക്കുന്ന കാലം...

 

മുറ്റത്തൊരുക്കുന്ന പൂക്കളത്തിൽ 

പൂക്കൾ നിരത്തുവാൻ മത്സരങ്ങൾ.. 

ഇന്നില്ല പൂവിളി പൂക്കളങ്ങൾ... 

ആരവമില്ല ആർപ്പുമില്ല.. 

എല്ലാം വെറുമൊരു കാഴ്ചമാത്രം..

ഓർമ്മപുതുക്കലിൻ കാഴ്ചമാത്രം.. 

 

അത്തംപത്തോണം സമൃദ്ധി

നിറഞ്ഞുള്ള പൊന്നോണകാഴ്ചകൾ

ഓർമ്മയിൽ മാത്രം നിറഞ്ഞു നിൽപ്പൂ.. 

കാണംവിറ്റോണവുമുണ്ടോരു കാലം, 

കാണാക്കയങ്ങളിൽ മുങ്ങി മറഞ്ഞു..

 

അകമേ നിറഞ്ഞുള്ള ആർദ്രബന്ധങ്ങൾ...

കനവുകൾ  പൂക്കുന്ന സ്നേഹബന്ധങ്ങൾ..

എല്ലാം മരീചിക ഇന്നിന്റെ യാത്രയിൽ 

എല്ലാം വിചിത്രം ഇന്നത്തെ ജീവിതം.. 

മുത്തച്ഛൻ മുത്തശ്ശി സങ്കല്പമില്ല 

ഒന്നിച്ചിരുന്നോണമുണ്ണുന്നതില്ല..

എല്ലാം യാന്ത്രികം ഇന്നീമണ്ണിൽ, 

ബന്ധങ്ങളെല്ലാം ജലരേഖകൾ...

 

കാലം വിചിത്രമീ മണ്ണിന്റെ മാറിൽ  

രോഗം വിതയ്ക്കും നാശങ്ങളേറെ..

അണുവായ് വന്നവൻ ഭീതി പരത്തി.. 

നാടിന്റെ സ്വസ്ഥതയെല്ലാം കെടുത്തി...

ബന്ധങ്ങൾക്കകലങ്ങൾ തീർത്തവർ നാമിന്നു 

സ്വജീവനുവേണ്ടി അകലങ്ങൾ തീർപ്പൂ കഷ്ടം.. 

 

അറിയണം പരമമാം സത്യങ്ങൾ നാം...

സ്വാർത്ഥതകൊണ്ടു നേടുന്ന വിജയങ്ങൾ

കേവലം വ്യർത്ഥമാം സ്വപ്നങ്ങൾ മാത്രം.. 

ആകെയീമണ്ണിലെ ജീവിതമെത്രകാലം..

വാക്കുകൾകൊണ്ടും 

പ്രവർത്തികൾകൊണ്ടും 

അകലങ്ങൾ തീർക്കുന്ന മർത്യർ 

ചിന്തിച്ചിടാതെപോകുന്ന പരമസത്യം.. 

 

കുമ്പിട്ടുനിൽക്കുന്നു കേവലമാമൊരു 

അണുവിന്റെ മുന്നിൽ നാം

പകപ്പോടെയിപ്പോഴും. 

ആർജ്ജവം നേടണം

അതിജീവനത്തിന്റെ പാതകൾ

താണ്ടുവാൻ.. 

അകലങ്ങൾ നീക്കുവാനെത്നിച്ചിടേണം..

ഒന്നിച്ചുചേർന്നിടാം ഒരുമനമോടെ.. 

ഈ പൊന്നോണ നാളിനു സ്വാഗതമോതിടാം.. 

വരുംകാലപുണ്യത്തിൻ നന്മകൾ നേടുവാൻ 

പൊന്നോണനാളിനെ വരവേറ്റിടാം.. 

 

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ