പരിഭവം: കവിത, രാജു കാഞ്ഞിരങ്ങാട്

പരിഭവം: കവിത, രാജു കാഞ്ഞിരങ്ങാട്

 

 

പെണ്ണുകെട്ടാത്തതാണ്
പൊട്ടത്തരമായതെന്ന് കുമാരേട്ടൻ
വിങ്ങിപ്പൊട്ടുന്നു

അവസാന കാലത്ത്
ആരും കൂട്ടിനില്ലെങ്കിലും
ആളുണ്ടായിട്ടും
തിരിഞ്ഞു നോക്കാത്തതല്ലേ -
യെന്ന് സമാധാനിക്കായിരുന്നു

പെണ്ണുകെട്ടിയതാണ്
പൊട്ടത്തരമായതെന്ന് രാമേട്ടൻ
വിങ്ങിപ്പൊട്ടുന്നു

അവസാന കാലത്ത്
ആരും കൂട്ടിനില്ലെങ്കിലും
ആരും ഇല്ലാത്തതുകൊണ്ടാണല്ലോ -
യെന്ന് സമാധാനിക്കായിരുന്നു

ഞാനിപ്പോൾ
ഇവർക്കു രണ്ടു പേർക്കുമിടയിലിരുന്ന്
ഇതുവരെ ജനിച്ചിട്ടില്ലാത്ത
ഒരു കുഞ്ഞിനെ ഓർക്കുന്നു