പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ വീണ്ടും ഹര്‍ജി

പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

ഇസ്രായേല്‍ ചാര സോഫ്റ്റവെയറായ പെഗസസ് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

പെഗസസ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ എത്തുന്ന മൂന്നാമത്തെ ഹര്‍ജിയാണിത്. അഭിഭാഷകന്‍ എം.എല്‍. ശര്‍മ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എം. എല്‍. ശര്‍മ്മ ഹര്‍ജി നല്‍കിയത്.

പ്രധാനമന്ത്രിയെയും സി.ബി.ഐയെയും അടക്കം എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.