പെണ്ണെഴുത്ത്- വേർതിരിവിന്  കാരണം സ്ത്രീ തന്നെയോ? സപ്ന അനു ജോർജ് 

പെണ്ണെഴുത്ത്- വേർതിരിവിന്  കാരണം സ്ത്രീ തന്നെയോ?  സപ്ന അനു ജോർജ് 

 

സാഹിത്യരംഗത്തെ സ്ത്രീകളുടെ ഇടപ്പെടലുകളെയാണ് പൊതുവെ പെണ്ണെഴുത്ത് എന്നതുകൊണ്ട്  വിശേഷിപ്പിക്കുന്നത്. സാഹിത്യ സൃഷ്ടികൾ പുരുഷമേധാവിത്തത്തിന്റെ പിടിയിൽനിന്ന് സ്ത്രീകളിലേക്ക് സജീവമായികടന്നു വരണമെന്ന പുരോഗമന ചിന്തയിൽ നിന്നാണ് പെണ്ണെഴുത്ത് എന്ന ആശയം ഉയർന്ന് വന്നത് എന്ന് പറയപ്പെടുന്നു. മലയാളത്തിലെ പ്രശസ്ത  സാഹിത്യകാരികളായ സാറാ ജോസഫ്‌, സുഗതകുമാരി, കമലാ സുരയ്യ എന്നിവരെ പെണ്ണെഴുത്തിന്റെ വക്താക്കളായാണ് ചിലരെങ്കിലും കണക്കാക്കുന്നത്. പെണ്ണെഴുത്ത്, എന്ന പദം എത്രമാത്രം ലിംഗവിവേചനം ഏറ്റെടുക്കപ്പെടുന്നു എന്ന് സ്ത്രീകളെങ്കിലും തിരിച്ചറിയണം. കാരണം എഴുത്ത് പുറപ്പെടുന്നത് ഒരിക്കലും സ്ത്രീപുരുഷ ശരീരങ്ങളിൽ നിന്നല്ല മറിച്ച് ചിന്തയുടെയും, വികാരങ്ങളുടെയും സമ്മിശ്ര പ്രതിഫലനങ്ങളും , അവരവരുടെ ബുദ്ധിയും ചേർന്നുള്ള പ്രവർത്തനങ്ങളിലൂടെ തന്നെയാണ്.

ഏതു ഭാഷയിലും, സാഹിത്യത്തിൽ സ്തീകൾ ശക്തമായ സ്ഥാനം നേടി എടുത്തിട്ടുണ്ട് ഇതിനോടകം. അക്ഷരാഭ്യാസം പോലും ലഭിക്കാതിരുന്ന ആ പഴയ കാലത്ത് അവർ എഴുതുന്നതും വായിക്കുന്നതും പോലും നിയന്ത്രിക്കപ്പെട്ടിരുന്നു. എന്നാൽ, ആ സ്ഥിതിയൊക്കെ മാറി സാഹിത്യകാരികൾ ഇന്ന് എല്ലാ ഭാഷകളിലും, സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും,ശ്രദ്ധേയരായിത്തീർന്നിട്ടുണ്ട്. വനിതകളുടെ പുസ്തകങ്ങളാണ് ഇപ്പോൾ ഏറ്റവുമധികം വിൽക്കപ്പെടുന്നതും. ന്യൂയോർക്ക് ടൈംസിന്റെ 2017 നവംബറിൽ ഇറക്കിയ 100 ബെസ്റ്റ്സെല്ലേഴ്‌സ് ലിസ്റ്റിലെ കഥ-കവിത വിഭാഗത്തിലെ 50 പുസ്തകങ്ങളിൽ 30 എണ്ണവും  എഴുത്തുകാരികളുടേതാണ്. വായനയുടെ കാര്യത്തിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ വളരെയധികം
മുന്നിലാണ് എന്ന് പറയാതെ വയ്യ!  സ്ത്രീകൾ വായന നിർത്തിയാൽ പുസ്തകശാലകൾ പോലും അവതാളത്തിലാകുമെന്നാണ് പറയപ്പെടുന്നത്. ഈ അവസരത്തിൽ സ്ത്രൈണം എന്ന പെൺകൂട്ടായ്മയിൽ ഉരു ത്തിരിഞ്ഞ ചില വാദഗതികൾ ശ്രദ്ധിക്കാം.

 പെണ്ണെഴുത്ത് എന്ന വകഭേദങ്ങളെയൊക്കെ മറികടന്ന് നല്ലെഴുത്താണ് തങ്ങളുടെ ലക്ഷ്യം എന്ന് ഇന്നത്തെ എഴുത്തുകാരികളുടെ പുസ്തകങ്ങൾ വ്യക്തമായി അവരുടെ ശൈലിയിലൂടെ പറഞ്ഞറിയിച്ചു കഴിഞ്ഞു. നബോനീത ദേബ് സെൻ, അപർണ സെൻ, പ്രതിഭ റേ,തെംസ്‌ല ആവോ, നന്ദിനി സുന്ദർ, ജെ. ദേവിക, പട്രീഷ്യ മുഖിമ്, മീനാക്ഷി റെഡ്ഡി, ഇന്ദു മേനോൻ, കനക ഹമ, ശാന്ത ഗോഖലെ, ശോഭ ഡേ, സുജ സൂസൻ ജോർജ്, ഊർമിള പവാർ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ വനിതകളാണ്.

പെണ്ണെഴുത്തുകൾ സ്ത്രീകൾ മാത്രം എഴുതേണ്ടതാണെന്ന ഒരർത്ഥം ഇതിനുണ്ടെന്നും തോന്നുന്നില്ല. പക്ഷെ ഈ വിഷയത്തിൽ ഇപ്പോഴും സാഹിത്യ സദസ്സുകളിൽ ചർച്ചകൾ നിരന്തരം നടക്കാറുണ്ട്. സ്ത്രീപക്ഷ വായനകൾ മിക്കപ്പോഴും സ്ത്രീകളുടെ കൂടി സാമീപ്യത്തിൽ നടക്കേണ്ടതിന്റെ പ്രാധാന്യത്തിലേയ്ക്ക് വിരൽ ചൂണ്ടുമ്പോൾ,ആണെഴുത്ത്, പെണ്ണെഴുത്ത് എന്നൊരു വേർതിരിവ് ഒരു പരിധി വരെ നമ്മൾ സ്ത്രീകൾ ഉണ്ടാക്കുന്നത് തന്നെ ആണോ എന്നൊരു സംശയം ശ്രീപാർവ്വതിക്കൊപ്പം  ഞങ്ങൾ സ്ത്രൈണം എന്നൊരു എഴുത്തുകാരികളുടെ ഗ്രൂപ്പിൽ അഭിപ്രായ വ്യത്യാസം ഇല്ലാതെ എല്ലാവരും ചേർന്നു ചിന്തിച്ചു! എന്നാൽ അത് പുരുഷനു സ്വയം തോന്നുന്ന പേടിയുടെ ഭാഗമായി ഉയർന്നു വന്ന വിമർശനം മാത്രമല്ലേ എന്ന്  എല്ലാവരിലും ഒരുപോലെ ഒരു  തോന്നാ തിരുന്നില്ല!

വിമർശനങ്ങളെക്കുറിച്ച് പറയുന്നതിനൊപ്പം ഒരു കാര്യം കൂടി. പബ്ലിഷിങ് രംഗത്തെ പുഴുക്കുത്തുകൾക്കെതിരെ ജാഗ്രത പാലിക്കുക എന്നതുകൂടി സ്ത്രീകൾക്ക് ഒരു വെല്ലുവിളിയായിത്തീർന്നിരിക്കുന്നു. പബ്ലിഷിങ്ങ് രംഗത്ത് നിന്ന് കൈപ്പൊള്ളലേൽക്കാത്തവർ കുറവാണ്! ഒരു പ്രസിദ്ധീകരണത്തിനെ തിരസ്കരിക്കാനുള്ള സംയമ നത്തൊടെയുള്ള വാക്കുകളിൽ ഒന്നാണ്,"മറ്റ് പല ഫാക്ടറുകളും"എന്ന ഈ പ്രയോഗം പോലും അവരുടെ കണ്ടുപിടുത്തമാണ്.  നോക്കൂ ഇത് അഭിമാനം നഷ്ടപ്പെടുത്താനിഷ്ടമില്ലാത്തവരുടെ ഇടമാണ്. നമ്മൾ നമ്മുടെ രചനകൾ കൊണ്ടാണ് മറുപടി പറയുക എന്ന് ദുർഗ പറഞ്ഞു തുടങ്ങി.   എന്നാൽ പെണ്ണെഴുത്തിനെക്കുറിച്ച്   എഴുതിയ പാർവ്വതിയുടെ വിശദീകരണം  അപ്പാടെ സ്വീകരിക്കാനും  ദുർഗ തയ്യാറല്ലായിരുന്നു. പെണ്ണെഴുത്ത് ആണെഴുത്ത് എന്നൊരു വ്യാതാസം, അങ്ങനെയുണ്ടോ ? അത് വളരെ മുമ്പ് പറഞ്ഞു തുടങ്ങിയതാണല്ലോ. പക്ഷേ നമ്മുടെ ലക്ഷ്യം പെണ്ണഴുത്തല്ല,മറിച്ച് മികച്ച എഴുത്ത് മാത്രമാണ്.

 “അങ്ങനെ അത് ഉപയോഗിക്കുന്നവർ ഉണ്ട്. ആര് എഴുതിയാലും അത് എഴുത്ത് തന്നെ. ആണ് ആയാലും പെണ്ണ് ആയാലും തലച്ചോറ് കൊണ്ടാണ് എഴുതുന്നത്. പക്ഷെ സ്ത്രീകൾക്ക് പൊതുവെ സ്ത്രീകൾഎന്ന നിലയിൽ ഒരു മാറ്റി നിർത്തൽ ആവശ്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് എന്ന് ശ്രീപാർവ്വതി പറഞ്ഞു നിർത്തി. ," അതെ നമുക്ക് വേണ്ടത് ആൺ പെൺ യുദ്ധമല്ല. ഒരേ ഇടം. ആ ഇടത്തിലേക്ക് സംവരണത്തിന്റെ മറപറ്റിയല്ല, മറിച്ച് കരുത്ത്, തെളിയിച്ച് നമ്മൾ കടന്നു വരണം. ചുണക്കുട്ടികളാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് വരണം എന്നാണ് ദുർഗ്ഗക്ക് പറയാനുണ്ടായിരുന്നത്. “നമ്മളും തലച്ചോറ് കൊണ്ട് തന്നെ ആണ് എഴുതുന്നത്”, അതിനുദാഹരണമായി ബഹിയയുടെ കവിതയിലെ, അത്തരത്തിൽ അകറ്റി നിർത്തപ്പെടുന്ന ഒരു സങ്കടത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെന്ന പരാമർശമാണ് ശ്രീപാർവ്വതി എടുത്തുപറഞ്ഞത്.

എന്നാൽ ബെനില അംബികക്ക് പറയാനുള്ളത് മറ്റൊരു ചിന്ത ആയിരുന്നു, “പെണ്ണെഴുത്തിന്റെ വൈകാരികത പറയുമ്പോൾ അത് സ്ത്രീക്കെ പറയാൻ പറ്റൂ എന്ന് തോന്നുന്നു. അത് കൊണ്ടാവും പെണ്ണെഴുത്ത് എന്ന് തിരിവ് വരുന്നത് .മാധവിക്കുട്ടിയുടെ എഴുത്തുകൾ പെണ്ണെഴുത്ത് എന്ന് പറയില്ലേ” അതും ശരിയാണെന്ന് തോന്നിപ്പോകുകയാണ്, അതായത് ശക്തമായ ഏതൊരു എഴുത്തിനെയും കഥകളെയും , കവിതകളെയും, ലേഖനങ്ങളെപ്പോലും ‘പെണ്ണെഴുത്ത്’ എന്ന് വ്യാഖ്യാനം ചെയ്യപ്പെടുന്നു.”പക്ഷെ അത് ചിലർ ഉപയോഗിക്കുന്നത് പെണ്ണിനെ അതിന്റെ പേരിൽ മാറ്റി നിർത്താൻ കൂടി ആണ് എന്ന് തോന്നുന്നു  എന്ന് പാർവ്വതി വ്യക്തമാക്കി.കൂടെ ദുർഗ്ഗയും ചേർന്നു,

എത്രയൊക്കെ പ്രശംസകൾ പറയുമ്പോഴും,ജാതിയില്ല മതമില്ല എന്ന് പറയുമ്പോഴും ഉള്ളിൽ ഒളിപ്പിച്ച ഒന്നില്ലേ പലരുടേയും ഉള്ളിൽ അതുപോലെ ‘പെണ്ണെഴുത്ത്” എന്ന വിശകനം ഇല്ലാതില്ല.പക്ഷേ നമ്മളത് മറികടക്കുന്നിടത്താണ് വിജയം എന്നും ദുർഗ്ഗ എടുത്തു പറഞ്ഞു. എന്നാൽ കലാ ഗോപന് മറ്റൊരു അഭിപ്രായം ആണ് പറയാനുള്ളത്”പെണ്ണിനോളം ശക്തി ആണിനില്ല. കപടമാണ്, എല്ലാം എഴുത്തിലായാലും ജീവിതത്തിലായാലും! ആ ഭയം കൊണ്ട് എതിർക്കുന്നു. അതിനെ തിരസ്കരികയേ വേണ്ടൂ. ഫണം വിടർത്തുന്നത് ശക്തികൊണ്ടല്ല,വെറും ഭയം മാത്രം. നമുക്കു സഞ്ചരിക്കാൻ സ്വതന്ത്ര വഴികളുണ്ടെന്നാണ് കലയുടെ ശക്തമായ വിശ്വാസം. 

ഒരു പെണ്ണെഴുത്ത് :- ആദ്യമായി. സ്ത്രീ എന്തെന്നും അവരുടെ പ്രത്യേകതയെന്തെന്നും മനസ്സിലാക്കേണ്ടതുണ്ട്! പുഷ്പലതയുടെ വാക്കുകൾ ശ്രദ്ധിക്കൂ.....സ്ത്രീ അമ്മയാണ് ,ദേവിയാണ്, കനിവിന്റ നിറകുടമാണ്, സർവ്വംസഹയാണ് എന്നൊക്കെപ്പറഞ്ഞ് സാധാരണ സ്ത്രീകളെ പുരുഷസമൂഹം കയ്യിലെടുത്തിരിക്കയാണ്. അവർക്കറിയില്ലല്ലോ ഇതവന്മാരുടെ സ്ത്രീകളെ കുടുംബത്ത് തളച്ചിടാനും നിയന്ത്രിക്കാനുമുള്ള അടവാണെന്ന്."സ്ത്രീ' സാഹിത്യരംഗത്തെ സ്ത്രീകളുടെ ഇടപെടലുകളെയാണ് പെണ്ണെഴുത്ത് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് . സാഹിത്യ സൃഷ്ടികൾ പുരുഷമേധാവിത്വത്തിന്റെ പിടിയിൽനിന്ന് സ്ത്രീകളുടെ ഇടയിലേക്കും സജീവമായി കടന്നു വരണമെന്ന പുരോഗമന ചിന്തയിൽ നിന്നാണ് പെണ്ണെഴുത്ത് എന്ന ആശയം ഉയർന്ന്  വന്നത്.എഴുത്തുകാരികളിൽ പലരും 'പെണ്ണെഴുത്ത്' അഥവാ സ്ത്രീപക്ഷസാഹിത്യരചന  എന്നൊരു വ്യാഖ്യാനം തങ്ങൾക്ക് ആവശ്യമില്ലാത്തൊരു വിശകലനം  ആണെന്നു പറഞ്ഞു കഴിഞ്ഞു. തങ്ങൾക്ക് തുറന്നുകിട്ടിയ ഈ വിശാലമായ  സാഹിത്യം എന്ന ആകാശത്തെ ഏറ്റവും ഫലപ്രദമായരീതിയിൽ സ്ത്രീകൾ ഉപയോഗപ്പെടുത്തിയെന്നതാണ് നേര്! എന്നാൽ ഈ നേട്ടം വളരെക്കാലത്തെ പരിശ്രമത്തിനും ചെറുത്തുനിൽപ്പിനുംശേഷം കൈവന്ന ഒന്നാണെന്ന വസ്തുത  അവർ മറന്നിട്ടുമില്ല എന്നതും ഒരു സത്യം  മാത്രം.