പേരറിയാത്തൊരു നോവ് : കവിത

പേരറിയാത്തൊരു നോവ് : കവിത

 

 

ഷീല ജഗധരൻ

 

 

പേരറിയാത്തൊരു

നോവുവന്നിന്നെന്റെ

ആത്മാവു നീറ്റിടുന്നൂ..

വാർദ്ധക്യമോർത്തോരോ

ചരാചരജീവിതം

ശൈശവ ചാരുതയിൽ

 

വയസ്സായെന്നായാലോ ,

പിന്നാമ്പുറങ്ങളിൽ

പിന്നവർ പാഴ്വസ്തുവായ് 

ആയകാലത്തവർ

അസ്ഥീമുരുക്കീട്ട് ,

മക്കളെ ബിരുദരാക്കി .

തന്നേറെയോർമ്മയി -

ല്ലാത്തൊരുകാലത്തും

ഓർമ്മിച്ചൂ ഗുരുനാഥനെ

ജീവിതം കണ്ടപ്പോൾ 

തോന്നിയ സങ്കട -

മിപ്പോഴുംകൂടെയുണ്ട് .

സ്നേഹമില്ലാത്തൊരു

ഭർത്താവിന്നൊപ്പവും

മക്കളേപ്പരിപാലിച്ചും..

മൂവരും സർക്കാരു

ജോലിക്കാർ മൂത്തവൻ

ബാങ്കിന്റെമാനേജരും..

ഇളയവൻ ഡോക്ടറും 

നടുവിലെപെൺകുട്ടി ,

ടീച്ചറുമായിവാഴും .

വീഴുംവരേമവർ

ഡോക്ടർക്കടുക്കളേൽ

വെച്ചുംവിളമ്പീംനൽകും..

പൂമുഖവാതിലിൽ

പെറ്റമ്മനിഴൽകണ്ടാൽ

നിഷിദ്ധമാണിന്നവർക്ക് 

തറ പറ പഠിപ്പിച്ച

അമ്മതൻയോഗ്യത

മരുമകൾ ചിരിച്ചുതള്ളും

ഏകയാണെങ്കിലും

ഇന്നീത്തറവാട്ടിൽ

കൂട്ടിന്നായ് പരിചാരികേം

താൻപെറ്റമക്കളെ

ഒരുനോക്കുകാണുവാൻ

വെമ്പുന്നുമാഹൃദയം..

നാട്ടാരുനോക്കുമ്പോൾ

" ഹാ ! എത്രഭാഗ്യവതി "

എന്നുള്ള ചൊല്ലലുകൾ

 

അമ്മകുഴച്ചേകും

സ്നേഹത്തിന്നുരുളയിൽ

കണ്ണുപ്പുകലർന്നിരുന്നോ..?

മക്കടെയൊരുപിടി

ചോറിന്റെ വിലയ്ക്കായി

എന്തെല്ലാം സഹിച്ചീടുന്നൂ..

ഹൃദയത്തിലലിവിന്റെ

കണികയുണ്ടാകണം ,

നമ്മൾ മറന്നീടല്ലേ..

ലോകത്തൊരമ്മയും

കണ്ണീരിലാകാതെ -

പോറ്റാം നാം പെറ്റമ്മയേ..

പോറ്റാം നാം തന്നമ്മയേ..