പെരുവഴി; കവിത, അഡ്വ.റോയ്‌ പഞ്ഞിക്കാരൻ

പെരുവഴി; കവിത, അഡ്വ.റോയ്‌ പഞ്ഞിക്കാരൻ

പെരുവഴി അവസാനിക്കുന്നയിടം 

ഉണ്ടെന്നു കരുതിയില്ല ഞാൻ. 

തിരിഞ്ഞു നടക്കുവാൻ ആരും 

മൊഴിയുന്നില്ല , എൻ മനസ്സും.! 

പെരുവഴിക്കവസാനം ഇല്ലെന്നു കരുതി 

ഞാൻ , കാഴ്ചകൾ കണ്ടു ഓടും നേരം .

വസന്തത്തിന്റെ സുഗന്ധം അനുഭവിച്ചു 

ഊടുവഴിയിലൂടെ ഓടിയപ്പോഴും 

പെരുവഴി അവസാനിക്കില്ല

എന്ന് കരുതി ഞാൻ . 

കാലം കൊണ്ടെത്തിച്ച  ഈ

പെരുവഴിക്കു മുൻപിൽ ഘോര വനം . 

പിന്നിൽ കൂരിരുട്ടും .

നിലാ വെളിച്ചമില്ലാത്ത ഈ കൂരിരുട്ടിൽ 

മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ 

പോലും എൻ  നിഴൽ കാണാ കാഴ്ചയായി 

എന്നോട് ചേർന്നു നിന്നു . 

മുന്നിലെ ഘോര വനം താണ്ടിയാൽ 

മറ്റൊരു പെരുവഴിയുടെ ആരംഭം കാണാം 

എന്ന പ്രതീക്ഷയുടെ ചിറകടികൾ 

എന്നെ തഴുകി പറന്നുപോയി .

പെരുവഴികൾ

അവസാനിക്കുന്നിടത്തേക്കു 

എത്തിച്ചേരുവാൻ കൊതിക്കുന്നു

ഇപ്പോൾ എന്മനം, 

വീണ്ടും ഒരു ഘോര വനം

താണ്ടീടുവാൻ. 

കൂരിരുട്ടിലെ മിന്നാമിനുങ്ങികൾ

കൂട്ടിനായി കൂടെ വരും , വരും , വരും 

സത്യമായും .

 

റോയ്‌ പഞ്ഞിക്കാരൻ,യു, കെ