പിന്നെ നീ എന്തിന് തേങ്ങിടണം; കവിത: 'Mary Alex @ മണിയ

പിന്നെ നീ എന്തിന് തേങ്ങിടണം; കവിത: 'Mary Alex @ മണിയ

ഞാനെന്റെ ദൈവത്തെ കാണട്ടെയോ?
ഞാനെന്റെ ദൈവത്തെ അറിയട്ടെയോ?
എൻ മനമെപ്പോഴും ദാഹിക്കുന്നു
എന്നുള്ളമെന്നെന്നും വാഞ്ചിക്കുന്നു.
ആരാധനകൾ മുടക്കിയില്ല

നേർച്ചകാഴ്ച്ചകളൊന്നുപോലും,
ആകിലുമെൻ മനം തേങ്ങിടുന്നു

എന്നുള്ളിൽ ദൈവത്തെ കാണ്മതിന്നായ്.
പ്രതിദിനപ്രാർത്ഥന മുടങ്ങിടാതെ

പ്രത്യാശയോടെ ഞാൻ കാത്തിടുന്നു,
എങ്കിലും എന്നുള്ളിൽ വന്നതില്ല

ഞാനെന്റെ ദൈവത്തെ കണ്ടതില്ല.
വചനത്തിലുടത് നേടിടാനായ്

വാതായനങ്ങൾ കടന്നു ചെന്നു,
വചനപ്രഘോഷണം കേട്ടിരുന്നു

വചനമെന്നുള്ളിൽ നിറഞ്ഞുവന്നു.
ദൈവം സ്നേഹമെന്നു ഞാനറിഞ്ഞു
ദൈവത്തെ കരുതലാൽ തിരിച്ചറിഞ്ഞു,

സ്നേഹം ക്ഷമയെന്നു രുചിച്ചറിഞ്ഞു

ക്ഷമയാൽ സഹനം അനുഭവമായ്

സഹനം സാന്ത്വനമാക്കിടാനായ്

വചനത്തെ മാത്രം ഉള്ളിലേറ്റി,
പ്രതിദിനം വായന പാഠമാക്കി

തദ്പാഠങ്ങൾ എന്നെ സാന്ത്വനിച്ചു.
ഒരുനാൾ എന്നുള്ളിലാരോ ചൊല്ലി

എത്രനാൾ നിന്നെ  ഞാൻ കാത്തിടുന്നു,

വാക്കിലും നോക്കിലും പ്രവർത്തിയിലും

ഞാനല്ലോ  നിന്നെ നയിച്ചിടുന്നു.
സമസൃഷ്ടിസ്നേഹം കാട്ടിടാനും

കാരുണ്യപ്രവർത്തികൾ ചെയ്തിടാനും
നല്ലതു കൊള്ളാനും തീയതു തള്ളാനും

നന്മ ചെയ്‌യിപ്പതും ഞാനല്ലയോ?
ഇനി നിന്റെ ദൈവത്തെ കണ്ടിടുവാൻ

നിന്നുള്ളം തന്നെ നീ നോക്കിടുക
ഇനി നിന്റെ ദൈവത്തെ അറിഞ്ഞിടുവാൻ
നിന്നിലെ നിന്നെ അറിഞ്ഞിടുക
'നിന്നിൽ ഞാനുണ്ടെന്നറിഞ്ഞീടുക
എന്നിലെ ആത്മാംശം നിന്നിലായാൽ
പിന്നെ നീയെന്തിന് തേങ്ങിടണം?