പ്രണയ സഞ്ചാരം: കവിത , ഡോ. ജേക്കബ് സാംസൺ

പ്രണയ സഞ്ചാരം:  കവിത , ഡോ. ജേക്കബ് സാംസൺ

 

 

പൂന്തിങ്കളേ നീ 

     പോകും വഴിയിൽ

പൂന്തെന്നലായ് 

     ഞാൻ കൂടെ വരാം

 

മഞ്ഞിൻകുളിരും 

     പൂവിൻമണവും

വർണ്ണമേഘങ്ങളും 

     കൊണ്ടുവരാം

 

വാരിവിതറിയ

      സ്വപ്നങ്ങളൊക്കെയും

താരകളായ് വിണ്ണിൽ

       നില്ക്കുമ്പോൾ

 

രാവിൽ പുതയ്ക്കും

     പുതപ്പിൻ്റെയുള്ളിൽ

നിന്നെപ്പുണർന്നു

       ഞാൻ കേറിവരാം

 

നിന്നെത്തഴുകി

      ത്തലോടിയുറക്കാം ഞാൻ

രോമാഞ്ചകഞ്ചുക

      മണിയിക്കാം

 

പുളകത്തിൽ പൂക്കൾ

       വിരിയുന്ന പുലരിയിൽ

 തട്ടിയുണർത്തി ഞാൻ

       കൂടെവരാം.