പ്രവാചകനിന്ദയുടെ പ്രതിഫലനങ്ങള്‍: കാരൂര്‍ സോമന്‍, ലണ്ടന്‍

പ്രവാചകനിന്ദയുടെ പ്രതിഫലനങ്ങള്‍:  കാരൂര്‍ സോമന്‍, ലണ്ടന്‍

 

പ്രവാചക നിന്ദയുടെ നേര്‍ത്ത അലകള്‍ അതിര്‍വരമ്പുകള്‍
താണ്ടിയെത്തിയത്‌ പ്രധാനമായും ഇസ്ലാമിക രാജ്യങ്ങളിലാണ്‌. അതിനെ
ഭക്തിനിര്‍ഭരമായ മിഴികളോടെ കാണാന്‍ സാധിക്കില്ല. നിലാവില്‍ കുളിച്ചു
നില്‍ക്കുന്ന അതിമനോഹരങ്ങളായ പത്മാസനത്തിലിരിക്കുന്ന ചില
രാജാക്കന്മാര്‍ ഇതര മത വിശ്വാസികളോട്‌ കാട്ടുന്ന അസഹിഷ്‌ണത ഞാനും
ഗള്‍ഫിലുണ്ടായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട്‌. എന്നാലും അവര്‍ മലയാളികളുടെ
പോറ്റമ്മയാണ്‌.

ഇന്ത്യയില്‍ അച്ചടക്കമില്ലാതെ വളര്‍ന്നവര്‍ ഗള്‍ഫില്‍
പോയിവന്നപ്പോള്‍ അച്ചടക്കമുള്ളവരായിട്ടാണ്‌ കാണുന്നത്‌.

ലോകത്തു്‌ ഏറ്റവും കൂടുതല്‍ പ്രവാചകന്മാരെ സമ്മാനിച്ചത്‌ ഇസ്രായേല്‍ മിഡില്‍ഈസ്റ്റ്‌
രാജ്യങ്ങളാണ്‌. അവസാനത്തെ പ്രവാചകനായിട്ടാണ്‌ മുഹമ്മദ്‌ നബിയെ
കാണുന്നത്‌.

പ്രവാചകന്മാരില്‍ പ്രവാചകനായി കാണുന്നത്‌ യേശുക്രിസ്‌തുവിനെ 
തന്നെ.

മന്ത്രാക്ഷരങ്ങളുമായി നടക്കുന്ന ഇന്ത്യയിലെ വര്‍ഗ്ഗീയവാദികളാണ്‌
ഒരു പ്രവാചകനെ കൈകൊട്ടിക്കളിച്ചത്‌. അതിന്‌ വീണമീട്ടാന്‍
പാകിസ്ഥാനില്‍ നിന്നുള്ള മതതീവ്രവാദികളും അരങ്ങിലെത്തി.

രാജ്യംഭരിക്കുന്ന പാര്‍ട്ടി വക്താക്കളുടെ ബോധപൂര്‍വ്വമായ വാക്കുകള്‍ ശുദ്ധി
നല്‍കി പീഠമിട്ട്‌ ആദരിക്കാന്‍ പ്രധാനമന്ത്രിയും തയ്യാറായില്ല. ഇതിലൊക്കെ
ഇത്ര അസഹിഷ്‌ണത എന്തിനെന്ന്‌ ചിന്തിക്കുന്നവരുമുണ്ട്‌. എന്തായാലും
ആകാശവാണം പോലെ മുകളിലേക്ക്‌ വിട്ടത്‌ വാനക്കുറ്റിപോലെ കിഴോട്ട്‌
വന്നത്‌ ഒരു രാജ്യത്തിന്റെ ഇന്നത്തെ മതേതര സ്വഭാവത്തെ അറിയാനും
അളക്കാനും ലോക ജനതക്ക്‌ സാധിച്ചു.

മനുഷ്യ ഹൃദയത്തില്‍ നിന്ന്‌ വരുന്ന മലിന വാക്കുകള്‍ പലപ്പോഴും വായുവില്‍ അലിഞ്ഞുചേരുകയാണ്‌ പതിവ്‌.
ഇവിടെയത്‌ കൊടുംങ്കാറ്റിന്റെ വേഗതയില്‍ പടര്‍ന്നു. വികല
മനസ്സുള്ളവരുടെ മനസ്സില്‍ കുടികൊള്ളുന്ന വിഷസര്‍പ്പമാണ്‌ ഭീകരത,
മതഭ്രാന്ത്‌. മനസ്സിന്റെ ചാഞ്ചല്യം വെളിപ്പെടുത്തുമ്പോള്‍
ലോകാപവാദമൊന്നും ഈ കൂട്ടര്‍ പരിഗണിക്കാറില്ല. കോഴിക്കുഞ്ഞിന്‌
ചിറകുകള്‍ മുളെക്കുന്നതുപോലെയാണ്‌ പിറന്നുവീഴുന്ന കുഞ്ഞിന്റെ മനസ്സില്‍
മതത്തിന്റെ ഭ്രാന്തന്‍ കോശങ്ങള്‍ കുത്തിനിറച്ചു്‌ മനുഷ്യരെ മത-
മനോരോഗികളാക്കുന്നത്‌. ജീവിത കാലം മുഴുവന്‍ മനുഷ്യര്‍ എന്തിനാണ്‌
മതങ്ങളെ ചുമക്കുന്നത്‌?


ഓരോ സംസ്‌ക്കാരങ്ങളും പടുത്തുയര്‍ത്തപ്പെട്ടത്‌ വര്‍ണ്ണവര്‍ഗ്ഗജാതി
വിവേചനങ്ങളില്‍ ജീവിക്കാനല്ല അതിലുപരി സന്തോഷത്തോടെ ഈ മണ്ണില്‍ജീവിക്കാനാണ്‌. ഇന്ന്‌ മനുഷ്യത്വത്തിന്‌ മീതെ മതങ്ങള്‍ കഴുകനെപ്പോലെ പറന്നു തുടങ്ങി. ഇന്ത്യയില്‍ പ്രവാചകനിന്ദക്കെതിരെ മലവെള്ളംപോലെ
പ്രതിഷേധങ്ങള്‍ കുതിച്ചു പൊങ്ങുന്നു. യൂ.പി. ബീഹാര്‍, ബംഗാള്‍ തുടങ്ങി
പലയിടത്തും സംഘര്‍ഷങ്ങള്‍, വെടിവെപ്പില്‍ മരണം, അറസ്റ്റ്‌, കേസുകള്‍
നടക്കുന്നു.

ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ വക്താവ്‌ മറ്റൊരു മത
പ്രവാചകനെ കണ്ടത്‌ എതിരാളിയായിട്ടാണ്‌. മിത്രമായിട്ടല്ല. അത്‌ ആ
വ്യക്തിയുടെ സംസ്‌ക്കാര ശൂന്യതയാണ്‌ തുറന്നുകാട്ടിയത്‌. ആ വാക്കുകള്‍ക്ക്‌
നിറക്കൂട്ട്‌ പകരാന്‍ ഗള്‍ഫില്‍ പാക്കിസ്‌താനികളെങ്കില്‍ ഇന്ത്യയില്‍ മത
മൗലിക വാദികള്‍ ജനങ്ങളെ തെരുവിലിറക്കുന്നു.

നാവുകൊണ്ടുള്ള ഏത്‌ കൊലവിളിക്കും പശ്ചാത്താപമാണ്‌ വേണ്ടത്‌ അല്ലാതെ സമൂഹത്തില്‍
അസന്തുഷ്ടിയും വെറുപ്പുമല്ല വളര്‍ത്തേണ്ടത്‌. ഇങ്ങനെ സോഷ്യല്‍
മീഡിയയില്‍ അകാ രണമായി എത്രയോ പ്രമുഖ വ്യക്തികളെ
വിവരദോഷികള്‍ അപമാനിക്കുന്നു. അവിടേക്ക്‌ പ്രതികാരദാഹികളായി
കൂട്ടം കൂടിയെത്തി ജീവന്‍ വെടിയുന്നതിനേക്കാള്‍ വി.ഖു.(13.28)
പഠിപ്പിക്കുന്നത്‌ 'അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ്മകൊണ്ടത്രെ മനസ്സുകള്‍
ശാന്തമായിത്തീരുന്നത്‌'. ഒരു യഥാര്‍ത്ഥ ഇസ്ലാം വിശ്വാസിയില്‍ കാണേണ്ടത്‌
കരുണയും സമാധാനവുമാണ്‌. ഇപ്പോള്‍ നടക്കുന്നത്‌ എന്ത്‌ സമാധാന
സന്ദേശമാണ്‌?

ഒരു വ്യക്തി, ജനത അഭിവൃദ്ധി പ്രാപിക്കണമെങ്കില്‍ ആദ്യം വേണ്ടത്‌
അവനിലെ മതവിദ്വേഷം, വര്‍ഗ്ഗീ യത, ശത്രുത, അസൂയ
അവസാനിപ്പിക്കണം. എല്ലാ പ്രവാചകന്മാരും, ഗുരുക്കന്മാരും മനുഷ്യരെ
പഠിപ്പിച്ചത്‌ പ്രകാശത്തിലേക്ക്‌ വരാനാണ്‌. അല്ലാതെ മതത്തിലേക്ക്‌
വരാനല്ല.'തമസോമാ ജ്യോതിര്‍ഗമയ' (എന്നെ അന്ധകാരത്തില്‍ നിന്ന്‌
പ്രകാശത്തിലേക്ക്‌ നയിച്ചാലും).

മതമനുഷ്യരുടെ മനസ്സില്‍ ഇന്ന്‌ തളം
കെട്ടിക്കിടക്കുന്നത്‌ അന്ധകാരമാണ്‌. ആത്മാവിന്റെ, അക്ഷരത്തിന്റെ
പ്രകാശമല്ല.ഇന്ത്യയുടെ പലഭാഗങ്ങളിലും മത വര്‍ഗ്ഗീയത ആളിക്ക ത്തിച്ചു്‌
അധികാരം നിലനിര്‍ത്താന്‍ ശവപ്പറമ്പുകളാക്കിയത്‌ നമ്മള്‍ കണ്ടു. മുന്‍പ്‌
മതത്തിന്റെ വക്താക്കള്‍ പുരോഹിതര്‍ ആണെങ്കില്‍ ഇന്നത്‌ രാഷ്ട്രീയക്കാര്‍
കൈക്കലാക്കി മത പുരോഹിതരെ വക്താക്കളാക്കി വളര്‍ത്തുന്നു.


മനുഷ്യമനസ്സുകളില്‍ കുഴിച്ചുമൂടേണ്ട മതാന്ധതെയെ ഒപ്പം കൂട്ടി അറിവോ
വിവേകമോയില്ലാത്തവ രുടെ മനസ്സില്‍ മതം കുത്തിനിറച്ചു്‌ വോട്ടുകള്‍
വാങ്ങി അധികാരത്തിലെത്തിക്കുന്നു. അധികാരത്തിലിരിന്ന്‌ അഴിമതി
നടത്തിയും വന്‍കിട മുതലാളിമാരില്‍ നിന്ന്‌ വാരിക്കൂട്ടിയ കൊള്ള മുതല്‍
മടിശീല വീര്‍പ്പിക്കുന്നു, വിദേശത്തേക്ക്‌ കടത്തുന്നു.പണമെന്നു പറഞ്ഞാല്‍
പിണവും വാ പിളര്‍ക്കുമെന്നാണ്‌ പ്രമാണം. ആ പിണത്തില്‍ മത

വര്‍ഗ്ഗീയവാദികളും, സാമൂഹ്യവിരുദ്ധരും ഗുണ്ടകളും വളരുന്നു. അതിന്റെ
ഒരു ഭാഗം നേതാക്കള്‍ക്കും വക്താക്കള്‍ക്കും കിട്ടുന്നു. അതിലൊരു പങ്ക്‌ മത
മയക്കുമരുന്നിനടിമപ്പെട്ടവരെ വേഷങ്ങള്‍ അണിയിച്ചു്‌ റോഡിലിറക്കി
അഴിഞ്ഞാടുന്നു. മതവികാരമിളക്കി വിട്ടവര്‍ക്ക്‌ പട്ടും വളയും കീരിടവും
കിട്ടുമ്പോള്‍ തെരുവീ ഥിയില്‍ വന്നവര്‍ക്ക്‌ പൊലീസ്‌ മര്‍ദ്ദനം. ആശുപത്രി
വാസം. ചിലരാകട്ടെ വേര്‍പാടിന്റെ നൊമ്പരങ്ങളില്‍ കഴി യുന്നു.
ചുരുക്കത്തില്‍ സ്വരക്ഷ തിരിച്ചറിയാതെ ജീവിതം നരകതുല്യമാക്കുന്നു.
ജീവിതം നരകനഗരത്തിലേക്കുള്ള യാത്രയാക്കുന്നു.

അവകാശ-അനീതിക്കെതിരെയായുള്ള പോരാട്ടം ഭരിക്കാനുള്ള അവകാശമാകരുത്‌.
എന്തുകൊണ്ടാണിവര്‍ ഗാന്ധിയന്‍ സമരമുറകള്‍ സ്വീകരിക്കാത്തത്‌?
മത വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക്‌ കോപ്പുകൂട്ടുന്നവര്‍ക്ക്‌ മതത്തിന്റെ
മഹത്വം എന്തെന്നറിയില്ല. ഈശ്വര ചിന്തയുള്ളവര്‍ക്കും വിവേകികള്‍ക്കും
മത ചിന്തയില്ല. ഈ കപടസദാചാരവാദികള്‍ വികസിത രാജ്യങ്ങളെ
കണ്ടുപഠിക്കണം.

ബ്രിട്ടന്‍ ഒരു ക്രിസ്‌ത്യന്‍ രാജ്യമാണ്‌. ഇവിടെ എത്രയോ
രാജ്യക്കാര്‍, വ്യത്യസ്‌ത മതക്കാര്‍ ജീവിക്കുന്നു. വീടും നാടും വിട്ടുവന്ന
മലയാളിപോലും ബ്രിട്ടനെപ്പറ്റി ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയത പറയാറില്ല.
അവര്‍ മതത്തേക്കാള്‍ മനുഷ്യ പുരോഗതിയാണ്‌ ലക്ഷ്യം വെക്കുന്നത്‌.
ഇന്ത്യയിലെ വര്‍ഗ്ഗീയവാദികള്‍ എന്തിനാണ്‌ പുഴുക്കളെ പോലെ
കുമിഞ്ഞുകൂടുന്ന മതനിന്ദകളിറക്കി എതിര്‍പ്പിന്റെ നിന്ദകളാക്കി മാറ്റുന്നത്‌.
ഇവര്‍ ജാതിമതക്കാരുടെ വിഴുപ്പുഭാണ്ഡങ്ങള്‍ ചുമക്കുന്ന ജീവിതത്തില്‍ നിന്ന്‌
ഭയന്നോടുന്ന ഭീരുക്കളാണ്‌.

ജാതി മതങ്ങളെ പാലും നെയ്യും ചേര്‍ത്ത്‌
പാകം ചെയ്‌തു കഴിച്ചാല്‍ മനസ്സിനെ ഏകാഗ്രമാക്കി പ്രാര്‍ത്ഥിക്കാനോ
നിലവിലിരിക്കുന്ന അഴിമതി അതിക്രമങ്ങള്‍ അവസാനിപ്പിക്കാനോ
സാധിക്കില്ല. ഈശ്വരന്‌ ഒരു മതവുമില്ല. നന്മയുടെ പാതയില്‍ സഞ്ചരിക്കുന്ന
വിവേകമുള്ള മനുഷ്യര്‍ക്കും ഈ ആകാശഭൂമികയില്‍ ഒരു രക്ഷക നേയുള്ളു
അതാണ്‌ ഈശ്വരന്‍. ഇന്ത്യയിലെ യൂ,പി. മുഖ്യമന്ത്രി 34 വേദികളില്‍ 100-
ലധികം മത വിദ്വേഷ പ്രസംഗം ചുരുങ്ങിയ കാലയളവില്‍ നടത്തി.


ഇന്ത്യയെ പോലെ മതനിരപേക്ഷതയുള്ള ഒരു രാജ്യത്തു മതനിന്ദ, ന്യൂനപക്ഷ
പീഡനങ്ങള്‍ മാത്രമല്ല നാഷണല്‍ ക്രൈം ബ്യുറോ കണക്ക്‌ പ്രകാരം 1919-20
ല്‍ നടന്നത്‌ 96% വര്‍ഗ്ഗീയ കലാപങ്ങളാണ്‌. 2015 അമേരിക്കന്‍ പ്രസിഡന്റ്‌
ബരാക്ക്‌ ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍ പറഞ്ഞത്‌ 'ഇന്ത്യ എല്ലാം
മതങ്ങളെയും ഒരുപോലെ കാണണം'.പ്രവാചക നിന്ദയില്‍ അറബ്‌
രാജ്യങ്ങള്‍ കണ്ണുരുട്ടിയപ്പോള്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുഖം ലോകം
കണ്ടു. ഇനിയും ലോക രാജ്യങ്ങള്‍കുടി കണ്ണുരുട്ടിക്കാണിക്കാന്‍
ഇടവരുത്തരുത്‌.

വര്‍ഗ്ഗീയവിഷം തുപ്പുന്ന, മതസ്‌പര്‍ദ്ധ വളര്‍ത്തുന്നവരെതുറുങ്കിലടക്കാന്‍ സര്‍ക്കാരുകള്‍ മുന്നോട്ട്‌ വരണം. ഇന്ത്യയെ
ലോകരാജ്യങ്ങളുടെ മുന്നില്‍ ദുഷിപ്പിക്കുന്നത്‌ വിദേശ ഇന്ത്യക്കാര്‍ക്കും
അപമാനമാണ്‌. മനുഷ്യര്‍ ജനിച്ച മണ്ണില്‍ മനസമാധാനത്തോടെ ജീവിച്ചു
മരിക്കട്ടെ.