പുറപ്പെടാമുത്തശ്ശി: കവിത, ടോബി തലയല്‍,മസ്കറ്റ്

പുറപ്പെടാമുത്തശ്ശി: കവിത, ടോബി തലയല്‍,മസ്കറ്റ്

വെയില്‍ കൊണ്ട്‌ പേന്‍ചീകി
മുടി മിനുക്കിയും
മഴയില്‍ പച്ചച്ചേല
അലക്കി യുടുത്തും,
യാത്രയ്‌ക്കൊരുങ്ങവേ
പിന്‍വിളി കേട്ടപോല്‍ പിന്‍വാങ്ങി
ഏതോ അശുഭചിന്തയില്‍ തടഞ്ഞ്‌
പുറപ്പെടാനാവാതെ
പകുതിനിവര്‍ത്ത കുടയുമായ്‌
വീട്ടുമുറ്റത്തു നില്‍ക്കുന്നു
ഒരുകാലുയര്‍ത്തി മാവു മുത്തശ്ശി!
കൈയില്‍ ഞരമ്പുകള്‍ തോറും
വേനലുകള്‍ പൊള്ളിച്ച തഴമ്പുകള്‍
കാലില്‍ കാലക്കേടുകള്‍ കല്ലിച്ച
വേരിന്നടരുകള്‍!

രാവിലെ
വെളിച്ചം പരത്തുന്ന ചിരിയോടെ
കളിയ്‌ക്കാന്‍ വിളിയ്‌ക്കുന്നു കുട്ടികളെ മുത്തശ്ശി
കൊമ്പുകളിലേയ്‌ക്കവരെ അണ്ണാന്റെ പിറകെ
കൈപിടിച്ച്‌ കയറ്റുന്നു.
കുട്ടികള്‍ മുലപ്പാല്‍ പോലെ
ഈമ്പിക്കുടിയ്‌ക്കുന്നു
വാത്സല്യം മധുരിയ്‌ക്കും മുഴുപ്പുള്ള മാമ്പഴം!

ചിലപ്പോള്‍
ഒരു മന്ത്രവാദിനിയെപ്പോലെ
ധ്യാനത്തില്‍ ലയിക്കും മുത്തശ്ശി
പിന്നെ സൂക്ഷ്‌മതയോടെ
ചില്ലകള്‍ വില്ലാക്കി
ചിറകിന്റെ ഞാണൊലിയോടെ
തോളത്ത്‌ വിശ്രമിക്കുന്ന പക്ഷികളെ
ദൂരേയ്‌ക്ക്‌ എയ്‌തുവിടും
തളര്‍ന്ന അമ്പെന്നപോലെ
അവ തിരികെയെത്തുമ്പോള്‍
ആവനാഴിയായൊരു പൂച്ചില്ല
വിടര്‍ത്തിക്കൊടുക്കും
ഇന്ദ്രജാലക്കാരനെപ്പോലെ കുരുവികളെ
കൈകളിലിട്ട്‌ അമ്മാനമാടും
പിന്നെ ഇണകളെ ചേര്‍ത്തി രുത്തി
സ്ഥലകാലങ്ങള്‍ വിസ്‌മൃതമാക്കുന്ന മന്ത്രങ്ങള്‍
ഓതിക്കൊടുക്കും
അദൃശ്യമായ ചരടുകൊണ്ട്‌ അവയുടെ ചുണ്ടുകളെ
ഉരുമ്മിയുരുമ്മി
ചേര്‍ത്ത്‌ കെട്ടും!

കാലവര്‍ഷം കാടിളക്കി വന്നാല്‍
പൂത്തുനില്‍ക്കുന്ന പുഞ്ചിരിയൊക്കെ
ഇരുണ്ട മേഘങ്ങള്‍ അടിച്ച്‌ കൊഴിയ്‌ക്കും
അപ്പോള്‍
മുത്തശ്ശിയുടെ കെട്ടഴിഞ്ഞ മുടിക്ക്‌
തീപിടിക്കും
ഇടിമുഴക്കമായി മേഘങ്ങളെ
ശാസിക്കും
മഴമലകളില്‍ നിന്ന്‌ ബന്ധനമറുത്തോടുന്ന
കാറ്റിനെ
മുടിയില്‍ കുത്തിപ്പിടിച്ച്‌ മുറ്റിയ കൊമ്പില്‍
തളയ്‌ക്കും
അന്നേരം, വേഗത വാരിച്ചുറ്റിയ യക്ഷികള്‍
ശാഖകളില്‍ തൂങ്ങിയാടും
കാറ്റിനെ വിടുവിച്ച്‌ നിലവിളിയോടെ
പക്ഷിച്ചിറകുകളില്‍ പറക്കും
തൂവലുകള്‍ ഇലകള്‍പോലെ പിടയ്‌ക്കും
മാമ്പൂക്കള്‍ ഭയന്ന്‌ തലതല്ലി ക്കരയും
ഉണ്ണികള്‍ മണ്ണില്‍ വീണുരുളും.

രാത്രി യില്‍
പൂച്ചപ്പേടികളില്‍ കരച്ചില്‍ വറ്റിപ്പോയ
കിളിക്കുഞ്ഞുങ്ങളെ
മാറില്‍ ചേര്‍ത്തുറക്കുന്നു മുത്തശ്ശി
മിന്നാമിന്നി വിളക്കുകള്‍
കരുതലായ്‌ കത്തിച്ചുവെയ്‌ക്കുന്നു
അണ്ണാന്‍ പകുതി തിന്ന മാങ്ങ
നിലാവായ്‌ തൂക്കിയിടുന്നു
ഒലിച്ചിറങ്ങുന്ന വെളിച്ചം കുടിച്ച്‌
പുലരുവോളം കാവലിരിയ്‌ക്കുന്നു.
പുറപ്പെടാന്‍ നേരമായെന്നറിയിച്ച്‌
കാക്കകള്‍ കൂട്ടുകാരെ വിളിച്ചുണര്‍ത്തുമ്പോള്‍
മുത്തശ്ശി തല ഉയര്‍ത്തി
പരിഭ്രാന്തിയോടെ നോക്കവേ
കിഴക്കേമലയില്‍
ഉരുകുന്ന വെണ്ണപോലെ കിടക്കുന്നു
വെള്ളിമീശ വിറപ്പിച്ച്‌
ആ കള്ളപ്പൂച്ച!

 

ടോബി തലയല്‍,മസ്കറ്റ്