എഴുത്തുകാരി രജനി മോഹനുമായി അഭിമുഖം; തയ്യാറാക്കിയത്: ഡോ. അജയ് നാരായണൻ Lesotho

എഴുത്തുകാരി രജനി മോഹനുമായി അഭിമുഖം;  തയ്യാറാക്കിയത്: ഡോ. അജയ് നാരായണൻ  Lesotho

 

ചോദ്യങ്ങളിലേക്കു കടക്കുംമുൻപ് നമുക്ക്  മുഖ്യധാരയിലേക്ക് മെല്ലെ നടന്നുനീങ്ങുന്ന  രജനി മോഹൻ എന്നഎഴുത്തുകാരിയുടെ ബയോഡേറ്റ അറിയാം, അവരുടെ സ്വന്തം വാക്കുകളിലൂടെ.

 

ഞാൻ രജനി മോഹൻ (പാറു – അമ്മു)

പത്തനംതിട്ട അടൂർ സ്വദേശി. അച്ഛൻ മോഹനൻ, അമ്മ വിജയമ്മ. ഒരു സഹോദരൻ രഞ്ജിത്ത് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ).

 

ശുക്രനിൽ ജനനം എങ്കിലും കർമ്മത്തിൽ കണ്ടകശ്ശനി ബാധിച്ചതിനാലാവും ബാല്യം ഏറെ പ്രയാസമുള്ളതായിരുന്നു,

അച്ഛൻ പേരുകേട്ട തറവാടി. അമ്മ പടക്കുറുപ്പ് കുടുംബത്തിലെ സന്തതി, എങ്കിലും മാതാപിതാക്കളുടെ സ്നേഹം എന്നും വിദൂരത്തായിരുന്നു,

പതിനഞ്ചാം വയസ്സിൽ പ്രവാസം. അവിടേയും കഷ്ടപ്പാടനുഭവിച്ചു. വിദ്യാഭ്യാസം പകുതിയിലെ നിർത്തേണ്ടി വരുമെന്ന് തോന്നിയിടത്തുനിന്നും തോറ്റുകൊടുക്കില്ല എന്ന കുഞ്ഞു മനസ്സിന്റെ വാശിയിൽ ജയിച്ച് മുന്നേറിയവൾ.

പതിനാറാം വയസ്സിൽ വിവാഹം! ആദ്യവിവാഹം എനിക്കും ഇരുപതുവയസ്സോളം മുതിർന്ന ഒരാളെ കൊണ്ട് വീട്ടുകാർ ബാധ്യത ഒഴിപ്പിക്കാൻ നോക്കിയതിന്റെ ബാക്കിപത്രമായി, ദിവസങ്ങൾ പോലുമെത്താത്ത വിവാഹമോചനം.

അവിടെ ജീവിതം തീർന്നെന്ന് തോന്നിയിടത്ത് കൈപിടിക്കാൻ അന്യമതസ്ഥനായ ഏട്ടൻ, മുഹമ്മദ്‌ മുസ്തഫ വന്നു.

എന്റെ ജീവിതത്തിൽ ധൈര്യം തരാൻ, ഒറ്റയ്ക്കല്ലെന്ന് പറയാൻ, തോറ്റിടത്തു നിന്ന് മുന്നോട്ടുനടത്താൻ. പിന്നെ മുഹമ്മദ്‌ തന്ന ധൈര്യത്തിൽ ബാക്കി പഠനം വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പ്, ഭീഷണി. ഒന്നിലും തളരാതെ ആ കയ്യും പിടിച്ച് മുന്നോട്ട്.

കുവൈറ്റ് അഗ്രികൾചറിൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയി നിയമനം. ഏട്ടൻ കുവൈറ്റിൽ ഫാഷൻ ഡിസൈനർ.

ആദ്യ കവിതാസമാഹാരം 2015 ൽ സൈകതം പബ്ലിക്കേഷൻസിന്റെ “അമ്മുക്കുട്ടികവിതകൾ”. രണ്ടാമത് 2017 ൽ ഹരിശ്രീ കവിതാ സമാഹാരത്തിൽ ഉൾപ്പെടുത്തിയ കവിതകൾ. മൂന്നാമത്തെത്, ഒലിവ് പബ്ലിക്കേഷന്റെ “പെൺപ്രവാസം”.

2015 ൽ ആദ്യ പുരസ്കാരം കണ്ണശ്ശസ്മാരക ട്രസ്റ്റിന്റെ എറ്റവും നല്ല ചെറുകഥയ്ക്കുള്ള സംസ്ഥാന അവാർഡ്. പിന്നെ ഒട്ടനവധി മാഗസീനുകളിലും ഗൾഫ് എഡിഷനുകളിലും സൃഷ്ടികൾ പ്രസിദ്ധീകരിച്ചു.

ഇപ്പോൾ നാട്ടിൽ സ്ഥിരതാമസം.

 

ഇനി അമ്മുവിനെ കൂടുതൽ അറിയാം.

 

അജയ് നാരായണൻ - അമ്മു (ഇവിടെ നമുക്ക് അങ്ങനെ അഭിസംബോധന ചെയ്യാലോ). ഞാൻ ചോദ്യങ്ങളിലേക്ക് കടക്കാം.

രജനി മോഹൻ എന്ന പാറു എന്ന അമ്മു നടന്നുവന്ന വഴികൾ ഒരു പെൺകുട്ടിയെ സംബന്ധിച്ച് അഗ്നിപരീക്ഷകൾ തന്നെ. അഗ്നിശുദ്ധിവരുത്തിയ അമ്മു എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്?

 

അമ്മു – എന്ന് ചോദിച്ചാൽ, അഗ്നിശുദ്ധിവരുത്തി മനസ്സുകൊണ്ട്… അത് ഏറെ ശ്രമകരമായിരുന്നു എന്ന് വേണം പറയാൻ..

എഴുത്തിലേയ്ക്ക് തിരിഞ്ഞത്, അത് ആകസ്മികമായിരുന്നു,

കുഞ്ഞിലെ പതിനഞ്ചാം വയസ്സിൽ കുത്തിക്കുറിക്കാൻ തുടങ്ങി എന്ന്പറയാം,

വല്ലാതെ ഒറ്റപ്പെടുമ്പോൾ അറിയുന്ന വാക്കുകളിൽ എഴുതിവയ്ക്കും അന്ന് ഭയമായിരുന്നു അമ്മയൊക്കെ കാണുമ്പോൾ വലിച്ചു‌കീറും അച്ഛനേയും പേടി ,

പിന്നെ അക്ഷരങ്ങൾ എനിക്ക് ഒളിക്കാൻ ഉള്ള ഒളിത്താവളങ്ങളായി. എന്റെ മനസ്സിനെ പൂട്ടിവയ്ക്കാവുന്നത് അതിൽ മാത്രമാണെന്നും തോന്നി

 

അജയ് നാരായണൻ – കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കിടയിൽ സ്വന്തമായി രണ്ടുപുസ്തകങ്ങൾ ഇറക്കി. ഇതിൽനിന്നും കിട്ടിയ അനുഭവങ്ങളെ എങ്ങനെ കാണുന്നു?അനുബന്ധമായി ഒരു ചോദ്യം കൂടി. ഇനി ഉടൻവരുന്ന പുസ്തകത്തെ കുറിച്ചൊന്നു വിശദീകരിക്കാമോ?

 

അമ്മു  – 2015ൽ ആദ്യപുസ്തകം. അത് ഇന്നും ഓർക്കുമ്പോൾ വല്ലാത്ത സന്തോഷംതരുന്ന ഒന്നാണു.

ഗൾഫിൽ ആയിരുന്നപ്പോഴാണു അതിന്റെ വർക്ക് നടക്കുന്നത് ,

ഒരിക്കലും ഒരു പുസ്തകം എന്നചിന്ത എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.

 

എന്റെ കൂട്ടുകാരൻ നിധി ആയിരുന്നു എന്നെ എഴുത്തിന്റെ വഴിയിലേയ്ക്ക് വീണ്ടും പിടിച്ചുനടത്തി. അവനെന്നെ ആമി എന്നാണ് വിളിക്കുക. എനിക്ക് പുസ്തകം ഇറക്കാൻ കഴിയുമെന്ന് പറഞ്ഞപ്പോൾ തോന്നി, ഒരുകൈ നോക്കാമെന്ന്!

അങ്ങനെ അവൻ തന്നെയാണു കവർ ഡിസൈൻ, എഡിറ്റിങ് പ്രൂഫ് റീഡിങ് ഒക്കെ ചെയ്തതും സൈകതം പബ്ലിക്കേഷനിൽ അവ നൽകിയതും.

പക്ഷേ ഇപ്പോ ഓർക്കുമ്പോൾ ഒരവിവേകം പോലെ തോന്നി. പക്വമല്ലാത്ത കുറച്ച് എഴുത്തുകൾ കുറച്ചു‌കൂടി നന്നാക്കാമായിരുന്നു എന്നും തോന്നിയിരുന്നു.

രണ്ടാമത്തെ ബുക്ക് ഒലിവ് പബ്ലിക്കേഷൻസിലൂടെ. അത് എന്റെ പ്രവാസം വരച്ച് കാട്ടുന്ന ഒരെഴുത്തായിരുന്നു.

എങ്കിലും ഇനി വരുന്ന ബുക്കായിരിക്കും എന്റെ മനസ്സിന്റെ ആഴങ്ങളിൽ ഉള്ള എഴുത്തുമായി പ്രസിദ്ധീകരിക്കുന്നത്. പ്രിപ്പയർ ചെയ്ത് മാത്രമേ ഞാൻ അതിലേക്ക് നടക്കുന്നുള്ളു എങ്കിലും ഉടനുണ്ടാകും.

 

അജയ് നാരായണൻ – പേരുകേട്ട തറവാട്ടിലെ കുട്ടി, പക്ഷെ അന്ധവിശ്വാസങ്ങളിലുറച്ചുപോയ പാരമ്പര്യത്തിന്റെ ഇരയുമാണ് അമ്മു. മാതാപിതാക്കളുടെ ദുരഭിമാനത്തെ, അവരുയർത്തിയ വെല്ലുവിളികളെ എങ്ങനെയാണ് നേരിട്ടത്?

 

അമ്മു – അത് ചോദിച്ചാൽ ഇന്നും ഒരുതരം മരവിപ്പാണ്. എങ്ങനെ അതിനെ ഞാൻ തരണം ചെയ്തെന്നു ചോദിച്ചാൽ ഇന്നും ഞാൻ അതിന്റെ ഇര മാത്രമാണ്. ആ വേട്ടയാടൽ ചിലപ്പോൾ എന്റെ മരണത്തോടു മാത്രമായിരിക്കും അവസാനിക്കുക.

എങ്കിലും തോറ്റു കൊടുക്കാൻ മനസ്സില്ലാത്തത് കൊണ്ട് പൊരുതുന്നു.

പേരുകേട്ട തറവാട്ടിലെ ആയതുകൊണ്ട് കൊണ്ടു തന്നെ അനുഭവിച്ചതും വളരെ വലുതായിട്ടാണ്.

 

അജയ് നാരായണൻ – അമ്മുവിൻറെ അനുഭവങ്ങളിൽ നിന്നും പഠിച്ച പാഠങ്ങൾ ഓരോ പെൺകുട്ടിക്കും ഊർജം പകരുന്നതാണ്. ഇവയെല്ലാം കഥകളാക്കി വായനക്കാരുമായി പങ്കുവയ്ക്കാമല്ലോ. എന്താണ് ഭാവി പരിപാടികൾ? സാഹിത്യരചനയുമയി ബന്ധപ്പെട്ടാണ് എന്റെ ചോദ്യം?

 

അമ്മു  – ഉറപ്പായും നാളെ എന്റെ അവസ്ഥ ഒരാൾക്കും വരരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.

യാഥാസ്ഥിതിക കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടി സമൂഹത്തിലേയ്ക്ക് ഇറങ്ങുമ്പോൾ അവൾ അനുഭവിക്കുന്ന എല്ലാ യാതനയും ക്രൂരമായി ഏറ്റുവാങ്ങിയ ആളാണു ഞാൻ.

എറ്റവും കൂടുതൽ അനുഭവിച്ചതും സ്വന്തം കുടുംബത്തിൽ നിന്നു തന്നെയായിരുന്നു,

എങ്കിലും എട്ടൻ എന്ന മഹാമേരു കൂടെയുള്ളപ്പോൾ ഞാൻ പിന്നോട്ടില്ല എന്ന തീരുമാനം വലുതായിരുന്നു.

എഴുതണം, എന്റെ ജീവിതം, അത് മറ്റൊരാൾക്ക് ധൈര്യം കൊടുക്കുമെങ്കിൽ‌ അനുഭവിച്ചതൊക്കെ കുഞ്ഞു കുഞ്ഞു വാക്കുകളിൽ എഴുതി വയ്ക്കണം.

ഒപ്പം അടുത്ത ബുക്കിനെക്കുറിച്ചുള്ള സ്വപ്നത്തിലാണു മനസ്സ്.

വാക്കുകളും ചിന്തകളും സ്വപ്നങ്ങളും അനുഭവങ്ങളും അക്ഷരങ്ങളാകുമ്പോൾ അതെങ്ങനെ മറ്റുള്ളവർ സ്വീകരിക്കും എന്ന ആകാംക്ഷയിലുമാണ് ഞാൻ.

 

അജയ് നാരായണൻ – നടന്നുതീർത്ത പാതകളിൽ നിന്നും കിട്ടിയ മുൾപുഷ്പങ്ങൾ പോലെയുള്ള എഴുത്തുശൈലി അമ്മുവിന്റെ കവിതകളിൽ കാണാം.

ഉദാഹരണത്തിന്,

“ചോർന്നുപോകാവുന്ന എന്റെ ഹൃദയം...”, “ഇന്നലെ പെയ്തോരു പാപപുണ്യങ്ങൾ...” തുടങ്ങിയ പ്രയോഗങ്ങൾ സൂചിപ്പിക്കുന്നതും പോയകാലത്തെ ജീവിതാനുഭവങ്ങൾ ആവാം. അമ്മുവിന്റെ എഴുത്തുരീതിയെ ഒന്നു വിലയിരുത്താമോ?

 

അമ്മു – അങ്ങനെ ഒരെഴുത്തുരീതി എന്നില്ല.

മനസ്സിൽ വല്ലാത്ത ഒറ്റപ്പെടൽ തോന്നുമ്പോഴാണു ഞാൻ മിക്ക വരികളും എഴുതിയിട്ടുള്ളത്.

ചിലപ്പോൾതോന്നും നാമൊക്കെ ജീവിക്കുന്നത് ഏതോ സ്വാർത്ഥതയുടെ കൂടെയല്ലേന്ന്.

മനുഷ്യൻ ചിലപ്പോൾ ഒക്കെ മൃഗീയമായി ചിന്തിക്കുന്നതും അതുകൊണ്ട് മാത്രമല്ലേന്നും തോന്നും.

പ്രത്യേക ശൈലികളെ ഞാൻ ഒരിക്കലും പിന്തുടന്നിട്ടില്ല.

പറയാനായിട്ട് പ്രത്യേകതകൾ ഒന്നും തന്നെയില്ല എന്നതാവും ശരി.

മനസ്സിൽ വരികൾ കലപില കൂട്ടുമ്പോൾ അത് മീഡിയത്തിലേയ്ക്ക് പകർത്തുന്നു. അധികവും എഡിറ്റ് ചെയ്തിട്ടുമില്ല. മിക്ക എഴുത്തുകളും അതേപടി സൂക്ഷിക്കും.

മുറിച്ച് മാറ്റുന്നത് എന്റെ തന്നെ ഹൃദയം ആകുമ്പോൾ അതിനു മനസ്സ് വരുന്നില്ല എന്നതാണു എന്റെ തോന്നൽ.

 

അജയ്നാരായണൻ – അമ്മുവിന്റെ എഴുത്തുരീതികളിൽ കാല്പനീകഭാവങ്ങളിലുള്ള ശൈലി എഴുന്നുനിൽക്കുന്നതായി കാണാം. വിഷാദവും അസ്വസ്ഥതയും അന്തർധരായായി വായിച്ചെടുക്കാം.

എഴുത്തിൽ പരീക്ഷണങ്ങളിൽ ഏർപ്പെടേണ്ടതും ആവശ്യമല്ലേ, എന്തുപറയുന്നു?

 

അമ്മു – കാല്പനിക ഭാവങ്ങൾ അങ്ങനെ എഴുതണം എന്നുവിചാരിച്ച് കടന്നുവരുന്നവയല്ല മറിച്ച് നാടിനോടും ഒപ്പം പഴയ രീതികളോടും ഏറെ ഇഷ്ടമുണ്ട് മനസ്സിൽ. അതാവും എഴുത്തിൽ അവയൊക്കെ ഇടിച്ചു കയറി നിൽക്കുന്നത്.

എഴുത്തിൽ പരീക്ഷണങ്ങൾ വേണമെന്നാണു എന്റെ അഭിപ്രായം കാരണം മനുഷ്യന്റെ ചിന്തകൾ കാലം മാറുന്നതോടെ വ്യതിചലിക്കുന്നു ഒപ്പം ജീവിതശൈലികളും അപ്പോൾ എഴുത്തിനു മാത്രം എന്തിനു മാറ്റം വരാതിരിക്കണം

അജയ്നാരായണൻ – നല്ലൊരു സൗഹൃദവലയമുള്ള അമ്മുവിന് മാധവിക്കുട്ടിയുമായും ഒരു പരിചയം ഉണ്ടായിരുന്നുവല്ലോ. ഈ അനുഭവം ഒന്നുപങ്കുവയ്ക്കാമോ?

അമ്മു – സൗഹൃദങ്ങൾ ആണെന്റെ ബലം എന്നു തന്നെ‌പറയാം,

മാധവിക്കുട്ടിയമ്മയുമായിട്ടുള്ള അടുപ്പം സൂക്ഷിക്കാൻ ഫോൺ സംഭാഷണം മാത്രമായിരുന്നു കുവൈറ്റിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ.

ഒരു മകളോടെന്നപോലെ കുറച്ച് വാക്കുകളിൽ ആ സ്നേഹം എനിക്ക് കിട്ടിയിട്ടുണ്ട്.

അധികമില്ല എങ്കിലും എന്തൊക്കെയോ ബാക്കിയാക്കി പോയ ഒരു സ്ത്രീജന്മം ഇപ്പോൾ ഓർക്കുമ്പോൾ നേരിൽ കാണാതെ പോയത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയും നഷ്ടവുമായിരുന്നു.

 

അജയ് നാരായണൻ – എഴുത്തിൽ അമ്മുവിന് ഏതെങ്കിലും ഒരു മാതൃകയുണ്ടോ? ആരാണ്‌ പ്രചോദനം?

 

അമ്മു – കൂട്ടുകാർ എന്ന് പറഞ്ഞാൽ എറ്റവും വലിയ പ്രചോദനം നിധി എന്ന എന്റെ കൂട്ടുകാരൻ. എനിക്കൊപ്പം ഇന്നവനില്ല എങ്കിലും എഴുത്തിൽ അവനാണെനിക്ക് വഴികാട്ടി. ആമീ നിനക്കെഴുതാൻ പറ്റും എന്ന് അവൻ പറയുമ്പോളാണു മനസ്സിൽ ഏറെ വരികൾ‌ നിറഞ്ഞിരുന്നത്.

 

പൂക്കളും പ്രകൃതിയും മനുഷ്യനും ഒരേ താളത്തിൽ ഒരേ പദവിന്യാസത്തോടേ നിറഭേദങ്ങളോടെ എനിക്കുചുറ്റും പീലിവിരിക്കുന്നതായി തോന്നും,

സത്യത്തിൽ സൗഹൃദം, അതായിരുന്നു എന്നുമെന്റെ ബലഹീനതയും.

ചിലപ്പോൾ ഏറെ വേദനിച്ചിട്ടുള്ളതും അതേ സൗഹൃദം കൊണ്ടുമാത്രമായിരുന്നു.

പിന്നെ സോഷ്യൽനെവർക്ക് മീഡിയായിൽ മുപ്പതിനായിരം ഫോളോവേഴ്സ്, ഒൻപതിനായിരത്തിൽപരം കൂട്ടുകാർ ഒരു നിധിപോലെ അവർ എന്റെ എഴുത്തിനൊപ്പം ഉണ്ടായിരുന്നു.

 

അജയ് നാരായണൻ – അവസാനമായി ഒരു ചോദ്യം കൂടി. വ്യക്തിപരമാണ്. അമ്മുവിന്റെ ജീവിതത്തിൽ ഊർജം പകരുന്ന ഒരു വ്യക്തിത്വമാണ് ജീവിതപങ്കാളിയായ മുഹമ്മദ്‌ മുസ്തഫ. അമ്മുവിന്റെ എഴുത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം എന്താണ്?

 

അമ്മു – എട്ടനെക്കുറിച്ച് പറയാനാണെങ്കിൽ വാക്കുകളില്ല. സത്യത്തിൽ അദ്ദേഹമെനിക്ക് സഹോദരനും അമ്മയും അച്ഛനും ഒക്കെയാണ്., ഒപ്പം എന്റെ ലോകവും അതാണ്.

മനസ്സിൽ ഒരു വരി തോന്നിയാൽ അതിനെ പകർത്താൻ എനിക്ക് അവസരമൊരുക്കി തരുന്നതും വായിച്ച് അഭിപ്രായം പറയുന്നതും എട്ടനാണു.

നാട്ടുകാരും വീട്ടുകാരും മൊത്തം എതിരു നിന്നപ്പോഴും നിന്റെചിന്തകൾ ഒരു ശതമാനമെങ്കിലും ശരിയാണെങ്കിൽ ആ ചിന്തകൾക്കൊപ്പം ഒരു മടിയുമില്ലാതെ യാത്ര ചെയ്യണം എന്ന് പറഞ്ഞ് എന്നെ വഴി‌നടത്തുന്ന ആളാണ് മുഹമ്മദ്‌.

ആദ്യമായി നവമാധ്യമ രംഗത്തേയ്ക്ക് വന്നപ്പോൾ, സിനിമയിൽ പോകുന്ന പെണ്ണുങ്ങൾ പിഴച്ചവരെന്ന് എല്ലാവരും പറഞ്ഞപ്പോൾ, അവൾ എന്താണെന്ന് എന്നിലും കൂടുതൽ നിങ്ങൾക്കെങ്ങനെ പറയാൻ കഴിയുമെന്ന വാക്കിൽ എല്ലാവരോടും പൊരുതി എനിക്ക് ഏട്ടൻ ധൈര്യം പകർന്നു. രണ്ട് ഷോട്ട് ഫിലിം ചെയ്തു (കാലചക്രം, സ്വസ്തി). രണ്ടും എന്റെ ഏട്ടന്റെ ധൈര്യത്തിലാണു‌ ഞാൻ ഇറക്കിയത്. കാലചക്രം ചിത്രാഞ്ജലി ഫിലിംസ് ആയിരുന്നു ചെയ്തത്. മക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരമ്മയുടെ വേദനയേറുന്ന കഥ പറയുന്ന മുപ്പതു മിനിറ്റ് നീണ്ട ഒരു ചിത്രം.

പിന്നെ വര, അതെനിക്ക് പ്രാണൻ ആയിരുന്നു. പക്ഷേ എന്റെ കൂട്ടുകാരന്റെ വേർപിരിയലോടെ ആ വരയിൽനിന്ന് ഞാൻ ഇറങ്ങിനടന്നു വരികളിൽ അഭയംപ്രാപിച്ചു,

പ്രവാസജീവിതം തന്നത് ഏറെ വേദനയിറ്റുന്ന അനുഭവം ആയിരുന്നു ,

പതിനഞ്ചാംവയസ്സിൽ അന്യനാട്ടിൽ അന്യഭാഷക്കാരുടെ അടുത്ത് ജീവിതം. ഒറ്റയായിപോകുമ്പോൾ മനസ്സ് പതറിയിരുന്നു പക്ഷേ എവിടെയോ എന്നിൽ അണയാതെ കിടന്ന ഒരഗ്നി അതായിരുന്നു എനിക്ക് പ്രചോദനം തന്നത്.

അതിനു വഴികാട്ടിയായതും എട്ടൻ. സ്ത്രീധനം ഇങ്ങോട്ട് തന്ന് കെട്ടി. പെണ്ണാണു എറ്റവും വലിയ ധനം എന്ന് പറയാതെപറഞ്ഞ വ്യക്തി അതാണു എന്റെ എട്ടൻ.

ഒപ്പം പെണ്ണ് എന്നും സമൂഹത്തിൽ വിലയുള്ള ദൈവത്തിന്റെ ഉദാത്ത സൃഷ്ടി ആണെന്നും എട്ടൻ അദ്ദേഹത്തിന്റെ പ്രവ്രത്തിയിലൂടെ മാതൃക ആക്കുകയും ചെയ്യുന്നു.

ഒരിക്കലും ഒരു ചെറു‌കുറ്റംപോലും കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ലാത്ത അപൂർവ്വം വ്യക്തിത്വത്തിലൊരാൾ. എന്റെ എല്ലാ ഉയർച്ചക്കും കാരണഭൂതൻ.

 

അജയ് നാരായണൻ - വായനക്കാർക്കായി ഞാൻ ഇനി അമ്മുവിന്റെ രണ്ടുചെറുകവിതകൾ ഇടാം.

 

1. ഋതുവർണ്ണങ്ങൾ

==================

ചോർന്നുപോകാമായിരുന്ന

എന്റെ ഹൃദയത്തെ ഞാനൊരു

മുലക്കച്ചകൊണ്ട് മുറുക്കിയിരിക്കുന്നു

സ്ഥാനംമാറിയാലും

ചിന്തയിൽ ഇടമൊന്നുതന്നെ.

 

എവിടെയാണു കടുംചുമപ്പ്

തെച്ചിപൂക്കൾ ഇടംപിടിച്ചത്?

തിരണ്ടിക്കഴിഞ്ഞ പെണ്ണിന്റെ

മുഖംചിത്രവും വിത്യസ്തമാണല്ലോ!

 

മണ്ണും പെണ്ണും വിതയ്ക്കുവാനത്രെ…

വിതച്ചതും കൊയ്തതും

ഒരേകൈകൾ ആണെങ്കിൽ

അതും വ്യത്യസ്തമാണു....

 

കാടുകൾ വിങ്ങിയതും പൊഴിഞ്ഞതും

ഋതുക്കൾ മാറിമറിഞ്ഞതുംകൊണ്ട് മാത്രമാകില്ല

ഇടയിലെവിടെയോ സഞ്ചാരീ

നീ കടംകൊള്ളാതെ പോയ

മുറിപ്പാടുകൾ മാത്രമെന്നിൽ ബാക്കി...

 

2. കാലചക്രം

=========

ഇന്നീ വീഥിയിലൊരു നിഴലായി

ഏകാന്തപദ യാത്രിക ഞാൻ

കർമ്മബന്ധങ്ങൾതൻ

കാരണഭൂതയാം ഏകാന്തപദ

യാത്രിക ഞാൻ

 

ഗതിയേതുമില്ലാതെ വിജനതയിലെന്നും

മൂകമായ് തേങ്ങിയലയുന്നു

ഇന്നലെ പെയ്തോരു പുണ്യപാപങ്ങൾ

തിരയുന്നീ മണ്ണിലൊരുപിടി ദർഭയും പിണ്ഡവും

 

എവിടെയോ നീയുണ്ടായിരുന്നു

ഹൃദയത്തിൻ ഊഷരതയിൽ സ്നേഹം‌ നിറച്ച് നീ

എന്നരികേ വന്നു

ചെമ്പകപ്പൂവിൻ മണമുള്ള നിൻമനം

എൻ അരികേയണഞ്ഞു...

 

അമ്മു

 

 

കാല്പനീക ഭാവങ്ങളിലൂടെ വിഷാദം, വിരഹം, പ്രണയം തുടങ്ങിയ വികാരങ്ങളാൽ അനുവാചകരുമായി സംവദിക്കുന്ന അമ്മുവിന് എല്ലാവിധ ആശംസകളും നേരുന്നു.

ഇനിയും കാണുംവരെ.

 

അജയ് നാരായണൻ 

 

 

 

 

ഡോ. അജയ് നാരായണൻ

Lesotho