റോഡുകളിലെ നരഭോജികള്‍ : കാരൂര്‍ സോമന്‍, ലണ്ടന്‍

റോഡുകളിലെ നരഭോജികള്‍  : കാരൂര്‍ സോമന്‍, ലണ്ടന്‍

 

മുന്‍കാലങ്ങളില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍
നരഭോജികളുണ്ടായിരുന്നെങ്കില്‍ ഈ നരഭോജികള്‍ ഇന്ന്‌ ജീവിക്കുന്നത്‌
കേരളത്തിലെ നാടന്‍ ദേശീയ പാതകളിലാണ്‌. വനങ്ങളിലെ മൃഗങ്ങള്‍
പോലും മനുഷ്യരെ പ്പോലെ അപകടങ്ങളില്‍ മരിക്കുന്നില്ല. എത്രയോ
കാലങ്ങളായി മനുഷ്യപ്രകൃതിയും മൃഗപ്രകൃതിയും തമ്മിലുള്ള പോരാട്ട
മരണങ്ങളാണ്‌ നമ്മുടെ റോഡുകളില്‍ സംഭവിക്കുന്നത്‌. ഒരു ജീവിയേയും
കൊല്ലരുത്‌ എന്ന പ്രമാണം മൃഗങ്ങള്‍ക്കില്ല.അത്‌ തന്നെയാണ്‌ നമ്മുടെ
റോഡുകളില്‍ ദൈനംദിനം കാണുന്നത്‌.മനുഷ്യന്റെ ജീവനെടുക്കുന്ന
കുഴികളുണ്ടാക്കി യവര്‍ യാതൊരു അപമാനബോധമില്ലാതെ രാഷ്ട്രീയ
യജമാനന്മാരുടെ മടിശ്ശീല വീര്‍പ്പിച്ചങ്ങനെ സസുഖം വാഴുന്നു. അവരാകട്ടെ
റോഡിന്റെ ഉദ്‌ഘാടനം നടത്തി ഫോട്ടോകളെടുത്തു്‌ പുരോഗ തിയുടെ
വിളവെടുപ്പങ്ങനെ മാധ്യമങ്ങളില്‍ ആഘോഷിക്കുന്നു. നാടന്‍ പാതയായാലും
ദേശീയ പാതയായാലും പെരുമഴയില്‍ ചോര്‍ന്നു പോകുന്ന ദുര്‍ഘടങ്ങളായ
കുഴികള്‍ എങ്ങനെയുണ്ടാകുന്നു? മരിച്ചു വീണ ഹാഷിമിന്റെ ശവവും
ചുമന്നുകൊണ്ട്‌ ശതാബ്ദങ്ങളിലേക്ക്‌ നമ്മുടെ സാംസ്‌ക്കാരിക
നവോത്ഥാനത്തിലേക്ക്‌ വീണ്ടും സഞ്ചരിക്കാന്‍ ലജ്ജയില്ലേ?

മനുഷ്യനെ കൊല്ലുന്ന ഈ മൃഗപ്രകൃതി കണ്ടിട്ടും അവരുടെ നേര്‍ക്ക്‌ ആരൊക്കെയാണ്‌
കണ്ണ്‌ ഇറുക്കി അടച്ചിരിക്കുന്നത്‌? എന്തുകൊണ്ടാണ്‌ അപകടത്തിന്റെ
ഉത്തരവാദിത്വം ആരും ഏറ്റെടു ക്കാത്തത്‌? സമൂഹത്തിന്റെ രക്ഷക്കുവേണ്ടി
ഈ അപരിഷ്‌കൃത പരിഷ്‌ക്കാരികളെ എന്തുകൊണ്ട്‌ തുറുങ്കിലടക്കുന്നില്ല?
അങ്കമാലി ആലുവ ദേശീയ പാതയില്‍ കുഴിയില്‍ വീണ യാത്രക്കാരന്‍
ഹാംഷിം സ്‌കൂട്ടറില്‍ നിന്ന്‌ തെറിച്ചു്‌ റോഡില്‍ വീഴുന്നു. മറ്റൊരു നരഭോജി
പിറകില്‍ നിന്നെത്തി യാത്രക്കാരന്റെ ദേഹത്തുകൂടി വാഹനം കയറ്റി
കൊലപ്പെടുത്തിയിട്ട്‌ വാഹനം നിര്‍ത്താതെ പോകുന്നു. ഇത്തരത്തില്‍
മനുഷ്യനെ കൊല്ലുന്ന കരാറുകാരും ഉദ്യോഗസ്ഥരും അവര്‍ക്ക്‌ കുടപിടിക്കുന്ന
ഭരണാധിപന്മാരും മനുഷ്യ ഹൃദയത്തില്‍ ഒരമ്പായി ജീവി ക്കുന്നു.
ജീവിതത്തിന്റെ ദാരുണവും ഭയാനകവുമായ നിമിഷങ്ങളെ ജീവിതത്തിന്റെ
ചരമഗീതങ്ങളായി നാട്ടുകാര്‍ എഴുതിത്തള്ളുന്നു. ജനത്തിന്റെ ആരോഗ്യനില
മനസ്സിലാക്കിയ നേതാക്കന്മാര്‍ അവരെ കഴുതകള്‍ അല്ലെങ്കില്‍ വിഡ്‌ഢികള്‍

എന്ന്‌ വിളിക്കുന്നു. കേന്ദ്ര സംസ്ഥാന അധികാര സിംഹാസന ങ്ങളില്‍
ഇരിക്കുന്നവര്‍ പരസ്‌പരം ചെളിവാരിയെറിഞ്ഞു മസാല കഥകള്‍ പറഞ്ഞു
ജനങ്ങളെ പറ്റിക്കുന്നു. തരിശ്ശുഭൂമിയില്‍ തളിര്‍ത്തു നില്‍ക്കുന്ന ഇവരുടെ
വാക്കുകള്‍ കേട്ട്‌ വിഡ്‌ഢികള്‍ തെരുവുകളില്‍ സമരം നടത്തുന്നു,
ഘോരഘോരം സദാചാര പ്രസംഗങ്ങള്‍ നടത്തുന്നു. സത്യത്തിന്‌ നേരെ മുഖം
കുനിക്കുന്നവരും മരണ വേദനകളില്‍ അപകടങ്ങളില്‍
ഒറ്റപ്പെടുന്നവരുടെയെല്ലാം എണ്ണം പെരുകുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട
ജീര്‍ണ്ണമായ ഒരു സംസ്‌ക്കാരത്തിലൂടെ കേരളജനത മുന്നോട്ട്‌ പോകുന്നു.
വിപ്ലവ നവോത്ഥാന ചിന്തകളില്‍ ഒഴുകിപ്പരന്ന ഒരു ജനത ഇന്ന്‌ നെടുവീര്‍പ്പ്‌
ഇടുകയാണോ? വിപ്ലവത്തിന്റെ പ്രേതഭൂമിയായി കേരളം മാറിയോ?
ഈ അവസരം ഓര്‍മ്മ വരുന്നത്‌ ആഫ്രിക്കയിലെ ഒരു വന
വഴിയിലൂടെ സഞ്ചരിച്ച അമേരിക്കക്കാരനായ യാത്രികനെ നരഭോജികള്‍
പിടികൂടി. അയാളെ ഗോത്രത്തലവന്റെ മുന്നില്‍ ഹാജരാക്കി. ഇംഗ്ലീഷ്‌
അറിയാവുന്ന ഗോത്രത്തലവന്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ്‌, ഇംഗ്ലണ്ടിലെ
ഓക്‌സ്‌ഫെഡ്‌ യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചയാളാണ്‌. അമേരിക്കക്കാരനായ
യാത്രികന്‍ ചോദിച്ചു. 'നിങ്ങള്‍ ഇപ്പോഴും മനുഷ്യരെ ഭക്ഷിക്കുമോ?
ഗോത്രത്തലവന്‍ കൊടുത്ത ഉത്തരം. 'ഭക്ഷിക്കുക ഞങ്ങളുടെ കര്‍ത്തവ്യമാണ്‌'.
ഇതിലൂടെ നമ്മള്‍ മനസ്സിലാക്കേണ്ടത്‌ വിദ്യാഭ്യാസം ലഭിച്ചിട്ട്‌ കാര്യമില്ല.
കൈക്കൂലി കൊടുത്തും പിന്‍വാതിലില്‍ നിയമനത്തിലൂടെ ധാരാളം
വിഡ്‌ഢികള്‍, പോലീസ്‌, പൊതുമരാമത്തു വകുപ്പ്‌ അങ്ങനെ എല്ലായിടത്തും
ജോലി സ്ഥിരപ്പെടുത്തിയിട്ടുണ്ട്‌. ഇവരുടെ യോഗ്യത വിദ്യ നേടിയത്‌ പണം
കൊടുത്തുകൊണ്ട്‌, തൊഴില്‍ നേടിയത്‌ പണം കൊടുത്തുകൊണ്ട്‌.
ഇത്തരക്കാരുടെ പ്രവര്‍ത്തികളിലാണ്‌ നരഭോജി കള്‍ ഒളിഞ്ഞിരിക്കുന്നത്‌.
സാമൂഹ്യ സംസ്‌ക്കാരം അവര്‍ക്കറിയില്ല. ഇവര്‍ ഇടപെടുന്ന മേഖലക ളില്‍
ഒരു ബൂര്‍ഷ്വാ മുതലാളിയുടെ യഥാര്‍ത്ഥമായ സ്വഭാവം വെളിപ്പെടും.


റോഡില്‍ രക്തം വാര്‍ന്നൊലിച്ചു കിടന്നാലും, കാക്കകള്‍ കൊത്തിവലിച്ചാലും
മക്കളുടെ വേര്‍പാടില്‍ അമ്മമാര്‍ നെഞ്ചത്തടിച്ചു നിലവിളിച്ചാലും ഈ
നരഭോജികളില്‍ ഒരു മാറ്റവുമുണ്ടാകില്ല. പാശ്ചാത്യര്‍ പരുന്തിനെ കണ്ട
പാമ്പിനെപ്പോലെയാണ്‌ കേരളത്തിലെ റോഡുകളില്‍ സഞ്ചരിക്കുന്നത്‌. അത്‌
ബോട്ട്‌ യാത്രയായാലും വേണ്ടുന്ന സുരക്ഷാ ക്രമീകരണങ്ങളില്ല. എന്നോടും
ചിലര്‍ പറഞ്ഞി ട്ടുണ്ട്‌. വായില്‍ തേനും അകത്തു വിഷവുമായി നടക്കുന്ന
അധികാര ഭ്രാന്തുപിടിച്ചവരെ പുകച്ചു പുറത്തു ചാടിക്കാന്‍ ജീവന്‍
വെടിയുന്നതിനേക്കാള്‍ തെളിവുകള്‍ വേണോ?

യൂറോപ്പ്‌ ഇരുപത്തിയെട്ട്‌ സമ്പന്ന ദരിദ്ര രാജ്യങ്ങളാണ്‌. അവരുടെ
ഓരോ തെരുവുകളും റോഡുകളും പൂക്കളും തളിരുകളും
വള്ളിപ്പടര്‍പ്പുകളും ചാര്‍ത്തി നില്‍ക്കുന്ന പ്രദേശങ്ങളാണ്‌. നിറഞ്ഞു
തുളുമ്പുന്ന സ്‌നേഹത്തോടെയാണ്‌ ഈ രാജ്യങ്ങളില്‍ പാര്‍ക്കുന്ന മലയാളികള്‍
അതിനെ നോക്കികാണുന്നത്‌. ഭരണകൂടത്തിന്‌ തംബുരു മീട്ടുന്നവരല്ല
ഇവിടുത്തെ ജനങ്ങള്‍. കര്‍ത്തവ്യബോധമില്ലത്ത ഭരണാധിപന്മാരെ സ്വന്തം
പാര്‍ട്ടിയിലുള്ളവരായാലും അവര്‍ പുറത്താക്കും. ഏത്‌ ഭരണകക്ഷിയായാലും
പൊതുജനങ്ങളുടെ താല്‌പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാകണം. അവര്‍
കുറ്റവാളികളുടെ സംരക്ഷകരായി മാറരുത്‌. അങ്ങനെ നിസ്വാര്‍ത്ഥ മായ
സേവനമെങ്കില്‍ കഴിഞ്ഞ നാളുകളില്‍ അപകടത്തില്‍പ്പെട്ട, ജീവന്‍
നഷ്ടപ്പെട്ടവരുടെ നഷ്ടപരിഹാരം, നിയമ നടപടികള്‍ വിശ്വാസിനിമായ
വിധത്തില്‍ നടപ്പാക്കിയോ? എത്ര പേര്‍ ശിക്ഷക്ക്‌ വിധേയമായി? കേന്ദ്ര
സംസ്ഥാന മന്ത്രിമാര്‍, കരാറുകാര്‍, ഉദ്യോഗസ്ഥരാണ്‌ ഓരോ ജീവന്‍
പൊടിയുന്നതിന്റെ ഉത്തരവാദികള്‍. അവരെ എന്തുകൊണ്ടാണ്‌
തുറുങ്കിലടക്കാത്തത്‌?

കേരളത്തില്‍ തുടരുന്നത്‌ മരണത്തിന്റെ, ഹിംസയുടെ
സംസ്‌ക്കാരമാണോ? റോഡുകളില്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെടുത്തുന്നവരെ
കൂടുതല്‍ അഗാധമായ തലത്തില്‍ ശിക്ഷിക്കാന്‍ കോടതികള്‍ എന്തുകൊണ്ട്‌
ഇടപെടുന്നില്ല? എന്തുകൊണ്ടാണ്‌ നിയമങ്ങള്‍ പരിഷ്‌ക്കരി ക്കാത്തത്‌?
സംസ്ഥാന ദേശീയപാത വികസനം മനുഷ്യരെ കൊല്ലുന്ന കുണ്ടും കുഴികളുമാ
കരുത്‌. ടോള്‍ പിരിവിലും നടുവൊടിക്കുന്ന കുഴികളിലും ജനങ്ങള്‍
വലയുന്നു. അഴിമതിയും, കൈക്കൂലിയും, കൊട്ടുന്ന താളത്തിന്‌ തുള്ളുന്ന
അധികാരികളും കരാറുകാരും തങ്ങളുടെ കൈകളില്‍ ഒതുങ്ങുന്നതെല്ലാം
കൈക്കലാക്കി രക്ഷപെടുന്നു. റോഡുകളില്‍ അകാല ചരമമട യുന്നവരും
തൂത്തെറിയപ്പെടുന്നു. അവര്‍ക്ക്‌ നീതി ലഭിക്കുന്നില്ല. ഇതിന്‌ ശാശ്വതമായ
പരിഹാരം കാണാന്‍ കോടതികള്‍ മുന്നിട്ടിറങ്ങണം. കേരളത്തില്‍ ഇന്നും
ഇന്നലെയും നടന്നുകൊണ്ടിരി ക്കുന്നത്‌ ഇത്തരത്തിലുള്ള മനുഷ്യാവകാശ
ലംഘനങ്ങളാണ്‌. ഇത്‌ അവസാനിപ്പിക്കുക.

 

കാരൂര്‍ സോമന്‍, ലണ്ടന്‍